കണക്ക് ടീച്ചർ ലീവാണ് എന്ന് കേൾക്കുമ്പോഴായിരുന്നു ലീവെന്ന വാക്കിന് ഇത്ര സൗന്ദര്യമുണ്ടെന്ന് എനിക്ക് തോന്നിയത്. പിന്നീട് ആ വാക്കിന്റെ യഥാർത്ഥ മധുരം എന്തെന്നറിഞ്ഞത് പോലീസ് ജോലിയിൽ പ്രവേശിച്ചുകഴിഞ്ഞപ്പോഴാണ്. തിരസ്കരിക്കപ്പെടുന്ന ഒരുപാട് അവധിയപേക്ഷകൾക്കുശേഷം ലഭിക്കുന്ന ഓരോ ലീവും മധുരമുള്ളതുതന്നെയാണ്. കണക്കിനെ പേടിച്ചിരുന്ന എന്റെ മനസ്സിനെ ‘കണക്ക് ടീച്ചർ ലീവാണ്’ എന്ന് കേൾക്കുന്നതിനെക്കാൾ ഇപ്പോൾ കുളിരണിയിക്കുന്നത് അപേക്ഷിച്ച ലീവ് അനുവദിക്കപ്പെട്ടു എന്നറിയുമ്പോഴാണ്. എനിക്ക് മാത്രമല്ല, എന്നെപ്പോലുള്ള നിരവധി പോലീസുദ്യോഗസ്ഥർക്ക് ഏറെ പ്രിയപ്പെട്ട വാക്ക് "ലീവ്' തന്നെയായിരിക്കും. ചിലപ്പോൾ അത് പോലീസുകാർക്ക് മാത്രമുള്ള വികാരമാകണമെന്നില്ല. ഒരുപാട് മേലധികാരികൾക്ക് കീഴിൽ ജോലി ചെയ്യുന്ന എല്ലാ കീഴുദ്യോഗസ്ഥർക്കും അനുദിനം സ്നേഹം കൂടിവരുന്ന വാക്ക് ലീവ് എന്നതുതന്നെയായിരിക്കും. അതുകൊണ്ടു തന്നെ ഒരു പോലീസ് കഥയ്ക്ക് ഇതിനെക്കാൾ അനുയോജ്യമായ പേര് കണ്ടെത്താൻ എനിക്ക് സാധിച്ചില്ല.
അനുവദിക്കപ്പെട്ടതും തിരസ്കരിക്കപ്പെട്ടതുമായ ലീവുകളുടെ കഥയാണോ ഇതെന്ന് ചോദിച്ചാൽ ഒരിക്കലുമല്ല. കുറേയധികം ജീവിതങ്ങളുടെ കഥയാണ്. ഇതിലെ ഓരോ താളും മറിക്കുമ്പോൾ നിങ്ങൾക്ക് തോന്നിയേക്കാം ഇങ്ങനെയൊരു പോലീസ് ജീവിതം ഉണ്ടോ എന്നും ഇങ്ങനെയൊക്കെയാണോ പോലീസുകാർ എന്നും. അവസാന പേജും വായിച്ചുകഴിയുമ്പോൾ നിങ്ങൾക്ക് മനസ്സിലാകും ഇങ്ങനെയൊക്കെയും പോലീസുകാർ ഉണ്ടെന്ന്. സാധാരണക്കാരിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട, സന്തോഷം വന്നാൽ പൊട്ടിച്ചിരിക്കുന്ന, ദുഃഖങ്ങളിൽ കണ്ണ് നിറയുന്ന, സുഹൃത്തുക്കളെ ചേർത്തുപിടിക്കുന്ന, പ്രണയിക്കുന്ന, ദേഷ്യപ്പെടുന്ന, സാധാരണക്കാരായ ഒരുപാട് പോലീസുകാരുടെ കഥ. ഒരു പോലീസുകാരൻ ആയതുകൊണ്ടുമാത്രം എനിക്ക് എഴുതാൻ കഴിഞ്ഞ കഥ. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഒരു പോലീസുകാരനുമാത്രം എഴുതാൻ കഴിയുന്ന കഥ.
ഇത് പൂർണമായും ഒരു കെട്ടുകഥയല്ല. ഈ കഥയിലെ ഓരോ കഥാപാത്രങ്ങളും എനിക്ക് ചുറ്റുമുള്ളവരാണ്. അതുകൊണ്ടുതന്നെ വായനക്കാർക്ക് ഏതെങ്കിലും കഥാപാത്രത്തെ നേരിൽ കാണണം എന്ന് തോന്നിയാൽ എന്നോടൊപ്പം വരാം. വായിക്കാനിരിക്കുന്ന താളുകൾക്ക് ഒരുപാട് നീളമുള്ള ആമുഖമൊന്നും വേണ്ട എന്നാണ് എഴുത്തുകാരൻ എന്നതിലുപരി ഒരു സാധാരണ വായനക്കാരൻ എന്ന നിലയിൽ എന്റെ പക്ഷം. എന്റെ ആമുഖത്തെക്കാൾ അനിവാര്യം വായിക്കുന്നവരുടെ വിലയിരുത്തലുകളാണ്. ആമുഖമായി ഞാൻ എന്തൊക്കെ തള്ളിമറിച്ചാലും നിങ്ങൾ മറിക്കാനിരിക്കുന്ന പേജുകളിൽ എഴുതിപ്പിടിപ്പിച്ച അക്ഷരങ്ങൾ മോശമാണെങ്കിൽ ഞാനും വിമർശിക്കപ്പെടേണ്ടവൻതന്നെയാണ് എന്നതിൽ തർക്കമില്ല. അതുകൊണ്ടുതന്നെ ഞാനിത് പോലീസുകാരെ സ്നേഹിക്കുന്നവർക്കും വെറുക്കുന്നവർക്കുമായി സമർപ്പിക്കുന്നു. കാരണം എന്റെ വായനക്കാർ ഈ രണ്ട് പക്ഷത്തിൽ ഏതെങ്കിലുമൊന്നാകും എന്നെനിക്ക് ഉറപ്പുണ്ട്. അവസാന പേജും വായിച്ചുതീരുമ്പോൾ സ്നേഹിക്കുന്നവരുടെ സ്നേഹത്തിന്റെ അളവ് കുറച്ചൊന്ന് കൂടിയേക്കാം, വെറുക്കുന്നവരുടെ വെറുപ്പിന്റെ ഒരംശം കുറഞ്ഞേക്കാം.
