ആമുഖം: ബന്ധിതരുടെ  ഓർമ്മക്കുറിപ്പുകൾ

World of Letters

ആമുഖം: ബന്ധിതരുടെ ഓർമ്മക്കുറിപ്പുകൾ


മ്പതാം വർഷം വിചാരണ തടവിൽ കഴിയുമ്പോഴാണ് 10 വർഷത്തെ യു.എ.പി.എ.പ്രകാരമുള്ള ശിക്ഷ ഉണ്ടാകുന്നത്. എനിക്കു​വേണ്ടി ഉന്നയിക്കപ്പെട്ട വാദമുഖങ്ങൾപോലും രേഖപ്പെടുത്താത്ത ഒരു അഴകുഴമ്പൻ വിധി. അഞ്ചു വർഷംകൊണ്ട് വിചാരണ തീർന്നിരുന്നെങ്കിൽ ഒരുപക്ഷേ, നിങ്ങളെ ആറു വർഷം ശിക്ഷിച്ചേനെ എന്നു വിധികേട്ട ഒരു കോടതി ജീവനക്കാരി കുസൃ​തിയോടെ പറയുകയുണ്ടായി. ഇടതുപക്ഷ മന്ത്രിസഭയിലെ റിയാസി​ന്റെയും രാജേഷിന്റെയും രാജീവിന്റെയും ഒക്കെ തെരഞ്ഞെ​ടുപ്പ് സത്യവാങ്മൂലത്തിൽ കാണിച്ചിരിക്കുന്ന ക്രിമിനൽകേസുകൾ​വച്ച് നോക്കുമ്പോൾ എനിക്കെതിരേ ചുമത്തിയ കേസുകൾ ഗൗരവം ഉള്ളതായിരുന്നില്ല. ഞാനൊരു മനുഷ്യനോട് കയർത്തു സംസാരിച്ചുവെന്നോ നഖംകൊണ്ടുപോലും ഒരാളെ മുറിവേല്പിച്ചു എന്നോ എനിക്കെതിരേ കേസുകളില്ല. എന്റെ കേസുകളിൽ മേമ്പൊടിയായി യു.എ.പിയെ ചേർക്കുമ്പോഴാണ് കവചിതവാഹന​ങ്ങളും കാമോഫ്ലാഷ് ധരിച്ച കമാൻഡോകളും എ കെ 47 തോക്കുകളും ഒക്കെയായി ഞാനൊരു തീവ്രവാദിയായി അവതരിപ്പിക്കപ്പെടുന്നത്. എൻ.ഐ.എയ്ക്ക് 100% ശിക്ഷാനിരക്ക് നിലനിർത്താൻ സമ്മർദ്ദം ഉണ്ടാകുന്നത്. ഇതിന്റെ ശിക്ഷ കഴിഞ്ഞു മോചിപ്പിക്കപ്പെടാനായി പുസ്തകങ്ങളും കേസ് ഫയലുകളും കെട്ടിപ്പൊതിഞ്ഞ് ശരിയാക്കുമ്പോഴാണ് സ്റ്റേറ്റ് ഒളിപ്രവർത്തനം ആരംഭിക്കുന്നത്. 13 വർഷം മുമ്പുള്ള ഒരു കേസിൽ എഫ്ഐആറിൽപോലും എന്റെ പേരില്ലാതിരുന്നിട്ടും തിടുക്കപ്പെട്ട് പ്രതിചേർക്കൽ. കേരളീയ പൊതു​ബോധം ഇതിനെതിരേ രംഗത്തുവന്നപ്പോൾ ഭരണകൂടം മറ്റു വഴികൾ ഇല്ലാതെ പിൻവാങ്ങുകയുണ്ടായി. എന്നാൽ ബാറ്റൻ കൈമാറിയത് കർണാടകയിലേക്ക്. മറ്റൊരു പതിയിരുന്നാ​ക്രമണം. 2012–ലെ ഒരു കേസിൽ അതിലും എഫ്ഐആറിൽപോലും എന്റെ പേരില്ലാതിരുന്നിട്ടും... അടുത്ത ഊഴം തമിഴ്നാടിന്റെ ആയിരുന്നു ശിവഗംഗ എന്ന ജില്ലയിൽ ആദ്യമായി കാലുകുത്തുന്നത് അവിടെ ഞാൻ ഒരാളുടെ തിരിച്ചറിയൽരേഖ വാങ്ങി വ്യാജ രേഖകൾ ചമച്ച് സിം കാർഡ് എടുത്തു എന്ന കേസിൽ അറസ്റ്റ് ചെയ്തു ഹാജരാ​ക്കുമ്പോഴാണ്. വ്യാജകേസാണെന്ന് ഒറ്റനോട്ടത്തിൽ മനസ്സിലായതിനാൽ ആദ്യമായി ഹാജരാക്കിയപ്പോൾ തന്നെയുള്ള ഓറൽ സബ്മിഷനിൽ മജിസ്ട്രേറ്റ് എനിക്ക് ജാമ്യം തന്നു. നീണ്ട പരിദേവനങ്ങളുടെയും മദ്രാസ് ഹൈക്കോടതിയിലെ മധുര ബെഞ്ചിൽ റിട്ട് ഹർജി കൊടുത്തും ഒക്കെയാണ് ആ കേസിന്റെ വിസ്താരം ഒന്നു നടന്നുകിട്ടിയത്. സിം കാർഡ് എടുത്തു എന്ന് കേസ് ആയിട്ടും കോടതിയിൽ സിം കാർഡ് ഹാജരാക്കപ്പെടുകയുണ്ടായില്ല. സിം കാർഡ് ഉപയോഗിച്ചതിന്റെ വിശദവിവരങ്ങൾ ഉൾക്കൊള്ളുന്ന സിഡിആർ ഹാജരാക്കുകയുണ്ടായില്ല. സിം കണ്ടെടുത്തു എന്ന് ആരോപിക്കപ്പെടുന്ന ഉദ്യോഗസ്ഥരെ കോടതിയിൽ സാക്ഷിയാക്കുകപോലും ഉണ്ടായില്ല. എന്തിനു പറയുന്നു തെളിവുകൾ ഉന്നയിക്കുന്നതിന് പ്രോസിക്യൂട്ടർ വാദം പോലും നടത്തുകയുണ്ടായില്ല. ഞാൻ ഉന്നയിച്ച വാദത്തിന് ആരും മറുപടിപോലും പറയുക​യുണ്ടായില്ല. നിശ്ചയമായും വെറുതേ വിടും എന്ന് ആ കോടതിയിൽ ഹാജരായ മുഴുവൻ ആളുകളും തീർപ്പുകല്പിച്ച ആ കേസിലാണ് എനിക്കു ജീവപര്യന്തം തടവുശിക്ഷ വിധിക്കപ്പെട്ടത്. ലോകചരിത്ര​ത്തിൽ ആദ്യമായിട്ടായിരിക്കും ഇത്രയും നിസ്സാരമായ കുറ്റ​മെന്ന് ആരോപിക്കപ്പെട്ടിട്ടും ഏറ്റവും കടുത്ത ശിക്ഷയായ ജീവപര്യന്തതടവിനു ശിക്ഷിക്കപ്പെടുന്നത്. അതിനുമുമ്പ് വാദം പൂർത്തീകരിക്കപ്പെട്ടിട്ടും ജഡ്ജി പലപ്പോഴായി കേസ് വിധിപറയാൻ 16 തവണ നീട്ടിവയ്ക്കുകയുണ്ടായി. 2015 മുതൽ ഞാൻ ജയിലിൽ കഴിഞ്ഞു​വരുന്നു എന്നതിനാൽ ജീവപര്യന്തത്തേക്കാൾ കുറഞ്ഞ ഒരു ശിക്ഷ നൽകുകയാണെങ്കിൽ ഞാൻ ഉടനടി മോചിപ്പിക്കപ്പെടും എന്ന് വ്യക്തമായ കാഴ്ചപ്പാട് ഉള്ളതിനാലാണ് വളരെ നിസ്സാരമായി ആരോപിക്കപ്പെട്ട ഒരു കുറ്റത്തിന് ജീവപര്യന്തതടവുശിക്ഷ വിധിക്കപ്പെടുന്നത്. ഞാൻ മോചിപ്പിക്കപ്പെടാതെ അനന്തമായി ജയിലിൽ കഴിയുക എന്ന ഭരണകൂടതാത്പര്യത്തിന്റെ ഭാഗമായാണ് ഈ ശിക്ഷാവിധി എന്നുതന്നെയാണ് ഞാൻ മനസ്സിലാക്കുന്നത്. യു.എ.പിയെ എന്ന അടിച്ചമർത്തൽ നിയമം നിലവി​ലുള്ളതുകൊണ്ടാണ് ഭരണകൂടത്തിന് നീണ്ട 11 വർഷങ്ങൾ എന്നെ ജയിലിൽ അടയ്ക്കാൻ സാധിച്ചത്. യു.എ.പിയെ ചുമത്തപ്പെട്ടിട്ടില്ല എന്നതിനാലാണ് സമാന കുറ്റകൃത്യങ്ങൾക്ക് കേസ് ചുമത്തപ്പെട്ട റിയാസും രാജേഷും രാജീവും ഒക്കെ മന്ത്രിമാരായത്. എനി​ക്കറിയാം ഇനിയും തലകുനിക്കാതിരിക്കുന്നതിനാൽതന്നെയാണ് ഈ ഒളിയാക്രമണങ്ങൾ... അനന്തമായ തടവുജീവിതവും...തലകുനിക്കാതെയുള്ള പ്രയാണം നടത്തണമെന്നാഗ്രഹിക്കുവരുടെയും കഥകൾകൂടിയാണിത്.

Summary: Introduction to the novel Bandhitharude Ormakkurippukal written by Rupesh


Related Articles