പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിലാണ് ഫ്രഞ്ച് യുവാക്കളിൽ 'നോവൽ വായന' എന്നൊരു പുതിയ ദുശ്ശീലം പടർന്നു പിടിച്ചത്. അക്കാലത്ത് വായനയ്ക്കടിമപ്പെടുന്ന യുവാക്കൾ അവരുടെ പൗരുഷത്തിന്റെ ശൽക്കങ്ങളൊക്കെയും പൊഴിച്ചുകളഞ്ഞ് ഒരു റൊമാന്റിക് കോമയിലെത്തുമായിരുന്നത്രേ. ജനപ്രിയനോവലുകൾ, നോവൽവായനയുടെ ഈ അപകടങ്ങളെക്കുറിച്ച് ആ ചരിത്രസന്ദർഭത്തിൽ നിരന്തരം മുന്നറിയിപ്പുകൾ നൽകിയിരുന്നു. മിക്ക നോവലുകളിലും മൂന്നോ നാലോ അധ്യായത്തിനുള്ളിൽ അതിലൊരു മുഖ്യ കഥാപാത്രം അമിതമായ നോവൽവായന വരുത്തിയ ഭ്രമങ്ങളിൽപെട്ട് മയക്കുമരുന്നുകൾക്കടിമപ്പെടുകയോ, വിപ്ലവത്തിന്റെ ആപത്തിൽ ചാടുകയോ, അസാന്മാർഗികളാകുകയോ ചെയ്യുമായിരുന്നു. വായനയുടെ നേരമ്പോക്കുകളിൽ കുടുങ്ങാത്ത അരോഗദൃഢഗാത്രനായ ഒരു മര്യാദാപുരുഷോത്തമനാകട്ടെ, നോവലിന്റെ അവസാനത്തെ അധ്യായങ്ങളിൽ ജീവിതവിജയം നേടുകയും ചെയ്യും. ഈ പ്രമേയത്തിന്റെ നിരന്തരാവർത്തനം അക്കാലത്തെ നോവലുകളിലുണ്ടാകുന്നത് ഫ്രഞ്ച് പണ്ഡിതനായ ഫ്രാൻകോയ്സ് പ്രൂ (Francois Proulx) തന്റെ പുതിയ പുസ്തകത്തിൽ കണ്ടെത്തി വിലയിരുത്തുന്നുണ്ട്.1 ഫ്രാൻസിലെ അധികാരവർഗത്തിന്, തങ്ങളുടെ ഊർദ്ധ്വം വലിക്കുന്ന സാമ്രാജ്യത്തിന്റെ ഗരിമ നിലനിർത്താനുള്ള രാഷ്ട്ര വേല ചെയ്യാൻ വിരാട് പുരുഷന്മാരെ ധാരാളം ആവശ്യമുള്ള കാലമായിരുന്നതിനാൽ, നോവൽവായനയുടെ റൊമാന്റിസിസങ്ങളിൽപെടുന്ന ചെറുപ്പക്കാർ ഒരു പ്രതിസന്ധിയുണ്ടാക്കിയിരുന്നു. ഫിക്‌ഷൻ വായനയിലെ ഏതോ ഒരു ഘടകം യാഥാസ്ഥിതികതയുടെ ഗുരുത്വാകർഷണത്തെ ലംഘിച്ച്, സ്ഥിരം ഭ്രമണപഥങ്ങളെധിക്കരിക്കാനുള്ള ആന്തരിക ഊർജ്ജം നൽകുന്നുണ്ടെന്ന് അക്കാലത്തു പൊതുവേ ഫ്രാൻസിൽ അറിവുള്ളൊരു കാര്യമായിരുന്നു.
