എന്നെ തിരഞ്ഞ് തിരിച്ചുവന്ന ആനവണ്ടിയും സുരേഷ് ഗോപിയുടെ പോലീസ് തൊപ്പിയും

World of Letters

എന്നെ തിരഞ്ഞ് തിരിച്ചുവന്ന ആനവണ്ടിയും സുരേഷ് ഗോപിയുടെ പോലീസ് തൊപ്പിയും


ഒരു തൊപ്പിക്കഥ

സുല്‍ത്താന്‍ബത്തേരിയില്‍ 'പൊന്നുച്ചാമി'യുടെ ഷൂട്ടിങ് തുടങ്ങിയശേഷം, ഡയറക്ടര്‍ അലി അക്ബര്‍ അറിയാതെ രണ്ടാം തവണയാണ് ഞാന്‍ സെറ്റീന്ന് മുങ്ങുന്നത്. സുരേഷ് ഗോപി രണ്ട് മൂന്ന് ദിവസം ഉണ്ടാവൂല്ല. അദ്ദേഹം തിരിച്ചുവന്നശേഷമേ എനിക്ക് അദ്ദേഹത്തിനൊപ്പം അഭിനയിക്കാനൊള്ള സീനൊള്ളൂ. അതുവരെ കോസ്റ്റ്യൂമിന്റെ കാര്യം സഹായികള്‍ നോക്കിക്കോളും. കഴിഞ്ഞ യാത്ര കെ.എസ്.ആര്‍.ടി.സി. സുല്‍ത്താന്‍ബത്തേരി-തിരുവനന്തപുരം എക്‌സ്പ്രസ് ബസ്സിലായിരുന്നു. അതിങ്ങനെ ചുരമിറങ്ങി വരുന്നതും പോകുന്നതും കാണാന്‍ നല്ല ചന്തമാണ്. അത്യാവശ്യം ജോലിയൊക്കെ കഴിഞ്ഞ് രാത്രി കയറിയിരുന്നാല്‍ അടുത്ത ദിവസം രാവിലെ തമ്പാനൂരിലെത്തും. അതൊരു സുഖമുള്ള യാത്രയാ. ഇപ്പോ അതുവരെ കാത്തിരിക്കാന്‍ പറ്റില്ല. എത്രേം വേഗം തിരുവനന്തപുരത്ത് എത്തണം പോയിട്ടൊരുപാട് അത്യാവശ്യങ്ങളുണ്ട്. ഉച്ചബ്രേക്കിന് മുമ്പേ സഹായിമാരോട് കാര്യങ്ങള്‍ പറഞ്ഞേല്പിച്ചിട്ട് ഞാനവിടുന്ന് തിരിച്ചു. അടുത്ത പടത്തിലും സുരേഷ് ഗോപിയാ നായകന്‍. അതില്‍ അദ്ദേഹം പോലീസ് ഓഫീസറാ. അതിനുവേണ്ട യൂണിഫോം ഇവിടെ സെറ്റില്‍ കൊണ്ടുവന്ന് ട്രയല്‍ നോക്കിയപ്പോ എല്ലാം ഓക്കെ, തൊപ്പി അല്പം വലുതാക്കണം. ആ തൊപ്പിയും ഞാന്‍ യാത്രയില്‍ കരുതി.

തിരുവനന്തപുരത്തെ ഭവതി സ്റ്റോറാണ് പോലീസുകാര്‍ക്കു വേണ്ട സാധനങ്ങളെല്ലാം കിട്ടുന്ന കട. യൂണിഫോം തയ്ച്ച തുണിയില്‍ കുറച്ച് അവിടെ ഏല്പിച്ചാല്‍ അതേ നിറത്തില്‍ തൊപ്പിയും വലുതുണ്ടാക്കി തരും. അങ്ങനെ തൊപ്പിമാത്രം ഒരു പ്ലാസ്റ്റിക് കൂട്ടിലിട്ട് ആദ്യം കിട്ടിയ ലൈന്‍ബസ്സില്‍ കയറി കോഴിക്കോട്ടെറങ്ങി, തിരുവനന്തപുരം ബസ്സിനുവേണ്ടി കാത്തുനിന്നു. നല്ല തിരക്കാണ്. ആ ഒരു ബസ്, സ്റ്റാന്‍ഡില്‍ പിടിക്കുന്നതും നോക്കി ഒരുപാട് പേര് കാത്തുനില്‍ക്കുന്നുണ്ടെന്ന് മനസ്സിലായി, നുഴഞ്ഞ് കയറാനുള്ള തയ്യാറെടുപ്പോടെ നിന്നു. ബസ്, സ്റ്റാന്‍ഡില്‍ പിടിച്ചതും നമ്മളെ കണക്കുകൂട്ടലൊക്കെ തെറ്റിച്ചുകൊണ്ട് ഒരു തള്ളിങ്ങ് വന്നു. ഞാന്‍ തെറിച്ച് വാതിലും കഴിഞ്ഞ് മുമ്പോട്ടുപോയി. ആ പോക്കില്‍ത്തന്നെ സൈഡിലെ ഒരു ജനല്‍ക്കമ്പിയില്‍ പിടികിട്ടി. ആ കമ്പിയില്‍ തൂങ്ങി കൈയിലിരുന്ന കവറ് ഒരു സീറ്റില്‍ വച്ച് ഇരിപ്പിടം ഉറപ്പാക്കി. തിരികെവന്ന് വാതിലിലൂടെ തൊരന്ന് കേറിയപ്പോഴേക്കും സീറ്റുകളെല്ലാം തടിമിടുക്കൊള്ള യാത്രക്കാര്‍ കൈയടക്കിക്കഴിഞ്ഞിരുന്നു. പക്ഷേ, എന്റെ കവര്‍ എന്റെ ഇരിപ്പിടം ഉറപ്പിച്ചുതന്നിരുന്നു. മൂന്നു പേര്‍ക്ക് ഇരിക്കാവുന്ന ആ സീറ്റിന്റെ ജനലിനരികിലുള്ള യാത്രക്കാരനായി.


Related Articles