ഇന്ത്യന്‍ നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനരീതിയില്‍ ചാരു മജുംദാറും കുന്നിക്കല്‍ നാരായണനും രണ്ട് മാര്‍ഗ്ഗങ്ങളില്‍ പെട്ടവരായിരുന്നു. ജന്മിത്തത്തോട് ഏറ്റുമുട്ടി അവരെ ഇല്ലായ്മ ചെയ്യുക എന്നതാണ് ചാരു മജുംദാറിന്റെ ലൈന്‍. ഇന്ത്യ ഒരു സെമി ഫ്യൂഡല്‍, സെമി കൊളോണിയല്‍ രാജ്യമാണെന്നും ഫ്യൂഡലിസവും ദരിദ്രകര്‍ഷകരും തമ്മിലുള്ള വൈരുദ്ധ്യമാണ് ഇന്ത്യയിലെ മുഖ്യ വൈരുദ്ധ്യമെന്നും അതുകൊണ്ട് ഫ്യൂഡല്‍ ഭൂപ്രഭുത്വത്തിനെതിരായി കര്‍ഷകരുടെ സായുധസമരം കര്‍ഷക സായുധ യുദ്ധം - അതായിരുന്നു ചാരു മജുംദാര്‍ ആവിഷ്‌കരിച്ച അനിഹിലേഷന്‍ ഓഫ് വാര്‍. കുന്നിക്കല്‍ നാരായണനാകട്ടെ സാമ്രാജ്യത്വ വൈരുദ്ധ്യത്തിന് പ്രാധാന്യം കാണുന്നു. ഇന്ത്യന്‍ ഭരണകൂടം സാമ്രാജ്യത്വത്തെയും സേവിക്കുന്നതാണ്. തന്മൂലം ഭരണകൂട ഉപകരണങ്ങള്‍ക്കെതിരായ വിപ്ലവയുദ്ധമായിരുന്നു കുന്നിക്കലിന്റെ ലൈന്‍.
നക്‌സലൈറ്റ്-മാവോയിസ്റ്റ് ചിന്തയിലേക്കും പ്രസ്ഥാനത്തിലേക്കും കൂടുതല്‍ ചെറുപ്പക്കാര്‍ ആകൃഷ്ടരായി എത്തിത്തുടങ്ങിയതോടെ തിരുത്തല്‍വാദികളുടെ എതിര്‍പ്പിനെ അഭിമുഖീകരിക്കേണ്ടി വന്നു. സാഹചര്യങ്ങളുടെ അത്തരം സമ്മര്‍ദ്ദം മൂലമാണ് കുന്നിക്കലിന് പ്രവര്‍ത്തനലൈന്‍ നടപ്പാക്കേണ്ട ആവശ്യകത വന്നത്. ഒരു കലാപത്തിന് തയ്യാറാവുക. അതിന് വേണ്ടി തയ്യാറാക്കിയ പദ്ധതികളാണ് തലശ്ശേരി, പുല്‍പ്പള്ളി പോലീസ് സ്റ്റേഷനുകളിലെ ആക്രമണം. തലശ്ശേരി പോലീസ് സ്റ്റേഷന്‍ ആക്രമണംവരെയും ഇക്കാര്യമൊന്നും എനിക്ക് അറിയുമായിരുന്നില്ല. വെള്ളത്തൂവലില്‍ ചെറുപ്പക്കാര്‍ക്കിടയിലെ പ്രവര്‍ത്തനത്തിനപ്പുറം പ്രസ്ഥാനത്തിന്റെ ഔദ്യോഗികകാര്യങ്ങളൊന്നും ഞാന്‍ അറിയുന്നുണ്ടായിരുന്നില്ല. അതിന് വേണ്ട പ്രായവും പക്വതയും എനിക്ക് ഉണ്ടായിരുന്നില്ല. കേവലം ഇരുപത് വയസ്സുള്ള യുവാവാണ് അന്ന് ഞാന്‍.
ഒരു ദിവസം തലശ്ശേരിയില്‍ എത്തണം എന്ന കുന്നിക്കലിന്റെ അറിയിപ്പ് കിട്ടിയതിനെ തുടര്‍ന്ന് ഞാനും വി എം ദാസും മറ്റ് ചില കൂട്ടുകാരും കൂടി തലശ്ശേരിയിലേക്ക് പോയി. തിരിച്ച് വരണമെന്ന് ആഗ്രഹമില്ലാത്ത കുറച്ചു പേരാണ് പോയത്. പ്രവര്‍ത്തനം എന്താണെന്നോ, എങ്ങനെയാണെന്നോ, എവിടെയാണെന്നോ ഒന്നും അറിയില്ല, എങ്കിലും അന്ന് ചില കഴിവുകള്‍ ഞാന്‍ സ്വായത്തമാക്കിയിട്ടുണ്ട്. അതില്‍ പ്രധാനം തോക്ക് ഉപയോഗിച്ച് വെടി വെക്കുന്നതിലെ കഴിവാണ്. കുട്ടിയായിരുന്നപ്പോള്‍ മുതലേ നായാട്ടു സംഘത്തോടൊപ്പം കാട്ടില്‍ വേട്ടയ്ക്ക് പോയിട്ടുണ്ട്. കുറച്ച് വളര്‍ന്നപ്പോള്‍ സ്വന്തമായി ഒരു തോക്ക് സംഘടിപ്പിക്കുകയും തനിയെ നായാട്ടിന് പോവുകയും ചെയ്തിട്ടുണ്ട്. ചെറിയ മൃഗങ്ങളെ ഉന്നം പിടിച്ച് വെടി വെച്ച് വീഴ്ത്തുമായിരുന്നു. കൂടാതെ മൃഗങ്ങളെ പിടിക്കുന്നതിനുള്ള നാടന്‍ബോംബ് നിര്‍മ്മാണത്തിലും സാമാന്യം അറിവുണ്ട്. അതിനാല്‍ തലശ്ശേരിയിലേക്ക് പോകുമ്പോള്‍ ബോംബു നിര്‍മ്മിക്കുന്നതിനുള്ള കുറച്ച് സാധനങ്ങളും കൈയില്‍ കരുതി. അന്ന് പാകത വരാത്ത ചെറുപ്പമായിരുന്നതിനാല്‍ വിപ്ലവം അറിവില്ലായ്മയില്‍ നിന്നുള്ള ആവേശമായിരുന്നു.
