പർവ്വതപ്രവാഹത്തിൽ ഒഴുകിയെത്തിയ  ഭൂതകാലം

Travelogue

പർവ്വതപ്രവാഹത്തിൽ ഒഴുകിയെത്തിയ ഭൂതകാലം


ആകാശത്ത് ചുരുണ്ടുകൂടിയ മഴമേഘങ്ങൾ ഒഴുകിപ്പരക്കുന്നതിനുമുമ്പ് ഞാൻ ഭുന്താറിലെ പാർവ്വതീബിയാസ് സംഗമതീരത്ത് എത്തി. രണ്ട് നദികളും ഉയരങ്ങളിൽ നിന്ന് വഹിച്ചുകൊണ്ടുവരുന്ന ഉരുളൻ കല്ലുകളും എക്കൽമണ്ണും ഇരുവശങ്ങളിലായി നിക്ഷേപിക്കപ്പെട്ട് രൂപംകൊണ്ട ഒരു മൺതടമാണ് സംഗമസ്ഥാനം. സംഗമതീരം പൊതുവേ വിജനമായി കാണപ്പെട്ടു. ഇടയ്ക്ക് ബൈക്കിലെത്തിയ ചെറുസംഘങ്ങൾ സ്‌നാനം കഴിഞ്ഞ് മടങ്ങി. സംഗമ സ്ഥാനത്തുനിന്ന് നോക്കുമ്പോൾ ഭുന്താറിലെ നടപ്പാലം ദൂരെ കാണാം. മഴക്ക് മുന്നോടിയായുള്ള തണുത്ത കാറ്റ് വീശാൻ തുടങ്ങി. നദിയിലെ ഓളങ്ങളുടെ താളവും വേഗവും മാറിത്തുടങ്ങി. പർവ്വതനിരകളിൽ നിന്ന് ഒഴുകിയെത്തി, ഉരുളൻ കല്ലുകൾക്കിടയിലൂടെ കുത്തിയൊലിച്ച് പായുന്ന നദിയിൽ ഭൂതകാലസംസ്‌കൃതിയുടെ ചേർനിലം കലങ്ങിമറിഞ്ഞു. പുരാവൃത്തങ്ങളുടെ, നിലയ്ക്കാത്ത മന്ത്രതാളം ഓളത്തോടൊപ്പം തീരത്ത് വന്നടിഞ്ഞു. ബിയാസ് നദിയ്ക്ക് കുറുകെ പാലം വരുന്നതിന് നൂറ്റാണ്ടുകൾ മുമ്പുതന്നെ ഗുരുനാനാക്കിനെയും ഭായി മർദാനയെയും പോലുള്ള ഗുരുക്കന്മാരും ശിഷ്യഗണങ്ങളും 'ദരിയാ'യിലൂടെ മറുകരകടന്ന തീരമാണിത്. അന്ന് കടത്തുകാരായ ദരിയാവാലകളായിരുന്നു ഈ തീരങ്ങളിൽ താമസിച്ചിരുന്നത്. ആദിമകാലത്ത് നീൽഗായ് പോലുള്ള വന്യമൃഗങ്ങളെ വേട്ടയാടിപ്പിടിച്ച് അതിന്റെ ഉടലിൽ നിന്നും പൂർണ്ണമായും ഉരിച്ചെടുക്കുന്ന ഒറ്റത്തോലുകൊണ്ടായിരുന്നു ദരിയാ നിർമ്മിച്ചിരുന്നത്. പിന്നീട് കാളപോലുള്ള വലിയ മൃഗങ്ങളുടെ തലമുതൽ കാലുകൾവരെയുള്ള തോൽ ഒറ്റതുകലായി കിട്ടുന്ന രീതിയിൽ ഉടലിൽ നിന്ന് വേർപെടുത്തി അതിൽ കാറ്റ് നിറയ്ക്കാൻ തുടങ്ങി. അതേ, മൃഗങ്ങളുടെ പൂർണ്ണ രൂപത്തിലുള്ള തോലിനുള്ളിൽ കാറ്റ് നിറച്ച്, അത് ചങ്ങാടമായി ഉപയോഗിച്ചിരുന്ന ഒരു ജനത ഇവിടെ ജീവിച്ചിരുന്നു.

കാറ്റുനിറച്ച് വീർപ്പിച്ച കാളത്തോൽരൂപത്തെ നദിയിൽ തിരിച്ചുകിടത്തി, അതിന്റെ വയറിന് കുറുകെ കമിഴ്ന്നുകിടന്ന് കയ്യുംകാലുംകൊണ്ട് ഒരുമിച്ച് തുഴഞ്ഞാണ് അവർ മറുകര താണ്ടിയിരുന്നത്. ഒറ്റനോട്ടത്തിൽ ചത്തുമലച്ച ഒരു മൃഗത്തെപോലെ തോന്നിക്കുന്ന ആ തോൽരൂപത്തിൽ നിന്ന് മുകളിലേക്ക് തള്ളിനിൽക്കുന്ന കാലുകളിൽവരെ കാറ്റ് നിറഞ്ഞിരിക്കും. പ്രളയകാലങ്ങളിലെ കുത്തൊഴുക്കിൽ ഇത്തരം 'ഫ്‌ലോട്ടുകൾ' മറിഞ്ഞുപോയാലും കാലുകളിൽ പിടിച്ചുകിടന്നുകൊണ്ട് പൂർവ്വസ്ഥിതിയിലാക്കാൻ സാധിക്കുന്നു. ഇവ്വിധം മൃഗത്തോലുകൊണ്ട് നിർമ്മിച്ച ഫ്‌ലോട്ടുകളെ ബിയാസിന്റെ കരയിൽ ദരിയായെന്നും സമതല നാടുകളിൽ മുഷോക്കുകളെന്നും വിളിച്ചു. ആ കാലഘട്ടത്തിൽ ഹിമാചലിലെ നദീതടങ്ങളിൽ നിന്ന് താഴ്‌വരയിലെ ചന്തകളിലേക്കുള്ള യാത്രയ്ക്ക് ഉപയോഗിച്ച ജലയാനം കൂടിയായിരുന്നു ഖാത്‌നാവ് നഗരവാസികൾ വിളിച്ച ഇത്തരം കാറ്റുനിറച്ച നൗകകൾ.

ദരിയാവാലകൾ: ജെയിംസ് റീകാൾട്ടൻ ചിത്രം
ദരിയാവാലകൾ: ജെയിംസ് റീകാൾട്ടൻ ചിത്രം

Related Articles