ചന്ദേരി എന്ന ഛായാപടം

Travelogue

ചന്ദേരി എന്ന ഛായാപടം


യാത്ര തുടരുകയാണ്; ഒരു യാത്രയിൽനിന്നും മറ്റൊരു യാത്രയിലേക്ക് നിർബാധമങ്ങനെ. പ്രാൻപൂരിലേക്ക് പോകുന്ന ഒരു ട്രാക്ടറിലാണ് ഈ യാത്ര. കുറച്ചു നേരമായി നിർത്തിയിട്ടിരുന്ന ആ ഭാരിച്ച യന്ത്രത്തിൽ ഞങ്ങൾ കയറിയിരുന്നു. ശൈത്യകാലവെയിലിന്റെ വിരൽലാളനയിൽ കാലദേശങ്ങൾ വിസ്മരിച്ച് കഴിഞ്ഞ യാത്രകളുടെ ഓർമ്മകളിൽ ഞാൻ സ്വയം നഷ്ടപ്പെട്ടിരുന്നു. ഹൃദയഹാരിയായ ആ ഊഷ്മളതയിൽ ലൗകികമായ സകല യാഥാർത്ഥ്യങ്ങളിൽനിന്നും വിടുതൽനേടി ഞാൻ ദൂരങ്ങളെക്കുറിച്ചു മാത്രം ധ്യാനിച്ചു. പുലരിവെയിൽ അനുനിമിഷം സാന്ദ്രമായിക്കൊണ്ടിരുന്നു. കുറച്ചുനേരംകൂടികഴിഞ്ഞപ്പോൾ ആ ട്രാക്ടറിന് ജീവൻ വെച്ചു. ചന്തവരെയെങ്കിലും പോകാനുള്ള ഒരാളെക്കൂടി കിട്ടിയാൽ ഡ്രൈവർ വണ്ടിയെടുക്കുമെന്നായി. അയാൾ ബ്രേക്കിൽനിന്നും കാലെടുക്കാതെ ഒരു നിമിഷംകൂടി കാത്തു. അധികം വൈകാതെതന്നെ ഒരാൾകൂടി ഞങ്ങൾക്കൊപ്പം കയറിക്കൂടി. യന്ത്രമുഖത്തുനിന്നും മുകളിലേക്ക് ഉയർന്നുനിന്ന നീണ്ട കുഴൽ വളരെ ശ്രമപ്പെട്ട് പുക തെറിപ്പിച്ചുകൊണ്ട് കിതച്ചുതുടങ്ങി. അസാമാന്യ വലിപ്പമുള്ള ആ ചക്രങ്ങൾ മുന്നോട്ടു തിരിഞ്ഞു. തദ്ദേശീയസുഹൃത്തായ അജബിനും അവന്റെ ചങ്ങാതിയായ കൃഷ്ണപാലുമൊത്താണ് ചന്ദേരിയിലേക്കുള്ള ഈ യാത്ര.

മധ്യപ്രദേശിലെ അശോക് നഗർ ജില്ലയിലെ ചന്ദേരിയിൽനിന്നായിരുന്നു ഒരു ശൈത്യകാലത്തോളം നീണ്ടുപോയ മധ്യേന്ത്യൻ ഗ്രാമയാത്രകൾ ആരംഭിച്ചത്. അന്ന് ചന്ദേരി ഒരു ഇടത്താവളം മാത്രമായിരുന്നു. എന്നാൽ ഇവിടേക്ക് വീണ്ടുമെത്തിയത് ഏതാനും നാളുകൾ തങ്ങി ചന്ദേരിയിലും സമീപപ്രദേശങ്ങളിലും യാത്രചെയ്യുക എന്ന ഉദ്ദേശത്താലായിരുന്നു. ചന്ദേരിയിൽനിന്നും മൂന്നു കിലോമീറ്റർ അകലെയായി ദലിത് വിദ്യാർഥികൾക്ക് മാത്രമായുള്ള ഒരു സർക്കാർ ഹോസ്റ്റലിൽ ആയിരുന്നു ഞാൻ കഴിഞ്ഞരാത്രി താമസിച്ചത്. ഗ്രാമങ്ങളിലൂടെയുള്ള യാത്രകഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ ഹോസ്റ്റലിലുണ്ടായിരുന്ന കൃഷ്ണപാൽ എനിക്കായി ഒരു മുറി സജ്ജമാക്കിവെച്ചിരുന്നു. ആ രാത്രി ഒരു നെരിപ്പോടിന്റെ ചുറ്റും ഒരുമിച്ചിരുന്ന് ശൈത്യമകറ്റിക്കൊണ്ട് ഊഷ്മളമായ വിരുന്ന് ഒരുപോലെ പങ്കിട്ടവനായിരുന്നു കൃഷ്ണപാൽ. പുലർച്ചെ വൈകിയാണ് തുടർന്നുള്ള യാത്രകളിൽ സഹയാത്രികനായ അജബ് അവന്റെ ഗ്രാമത്തിൽനിന്നും എന്നെത്തേടി എത്തിയത്.

പലപ്പോഴും പൂർണ്ണമായി ഉപേക്ഷിക്കപ്പെട്ട ഒരു പൊതുകെട്ടിടം ജിപ്‌സികൾ കയ്യേറുമ്പോൾ അതൊരു അസംസ്‌കൃതമായ ആവാസവ്യവസ്ഥയായി പരിണമിക്കാറുണ്ട്. എന്നാൽ അത്തരത്തിലുള്ള ജിപ്‌സികളുടെ സാന്നിധ്യമൊന്നും ഇല്ലാതെതന്നെ അസംസ്‌കൃതമായ അവസ്ഥ നിലനിന്നിരുന്ന ഒരു അപൂർവ സങ്കേതമായിരുന്നു ആ ഹോസ്റ്റൽ. നിരത്തിനരികിലാണെങ്കിലും സമീപത്ത് മറ്റു പാർപ്പിടങ്ങൾ ഒന്നുംതന്നെ ഇല്ലാത്തതിനാൽ ഒറ്റപ്പെട്ട് കാണപ്പെട്ട ആ കെട്ടിടം ആദ്യ ദൃഷ്ടിയിൽതന്നെ ദൂരങ്ങളെ ഓർമപ്പെടുത്തുന്നതാണ്. ചുറ്റും പടർന്നുപിടിച്ച പാഴ്‌ചെടികളും പിൻഭാഗത്തായി വരണ്ട ഭൂപ്രകൃതിയിൽ ഇടതൂർന്നു നിന്ന മരങ്ങളും അങ്ങിങ്ങായി ചുവന്ന ശിലാപാളികൾ ചിതറിക്കിടന്ന തരിശുഭൂമിയും ആ ദൃശ്യത്തിന്റെ പശ്ചാത്തലത്തെ വന്യമായി അലങ്കരിച്ചു. ശൈത്യം ഞരമ്പുകളിൽ പടർന്നുകയറിയ ആ രാത്രിയിലെ വിരുന്നുനേരം ഇടതൂർന്ന പാഴ്മരങ്ങൾക്കിടയിൽ ഒരു പാറയിൽ ഇരുന്ന് വീഞ്ഞു പങ്കിടവേ ആ സങ്കേതത്തിന്റെ ജീർണ്ണമായ മുകൾത്തട്ടുകളിൽ മഹാമൗനം വവ്വാലുകളായി തൂങ്ങിനിൽക്കുന്നത് ഞാൻ കണ്ടിരുന്നു.


Related Articles