പ്രേമിച്ചതോർമ്മിച്ച് തീവണ്ടിയായി...

Travelogue

പ്രേമിച്ചതോർമ്മിച്ച് തീവണ്ടിയായി...


തീവണ്ടി വെസ്റ്റ്ബംഗാളിലൂടെ കടന്ന് പോവുകയാണ്. ബംഗാളായത് തൊട്ട് ഭൂപ്രകൃതിയിലെ മാറ്റങ്ങൾ ശ്രദ്ധിച്ച് കൊണ്ടാണ് ഇരിപ്പ്. കണ്ണെത്താ ദൂരം വയലുകൾ. വയൽ നോട്ടകാരനെ പോലെ ഇടവിട്ട് ഒത്ത നടുക്ക് നിൽക്കുന്ന പനകൾ. ഇടയ്ക്ക് വരുന്ന ചേരി പ്രദേശങ്ങൾ. ജീവിതം കണ്ണുകളിൽ നിഴലിച്ച മനുഷ്യർ. അങ്ങനെ മുന്നോട്ട് പോകുകയാണ്. വണ്ടി ഝാർഖണ്ഡ്‌ അതിർത്തിയോടും കൂടെ ചേർന്ന് കിടക്കുന്ന ബംഗാളിലെ രാംപൂരിൽ (രാംപൂർ Halt) പതിവിലും അധികം നേരം നിർത്തിയപ്പോൾ ബംഗാളി ഭക്ഷണമായ മാൽദ ഒരു പാത്രത്തിൽ പകർന്ന് വാങ്ങി വണ്ടിയിലേക്ക് കയറി. ഇന്ന് കൂടുതലും കഴിച്ചത് ആപ്പിളും, പേരക്കയുമായത് കൊണ്ട് തന്നെ വിശപ്പ് കഠിനമായതായി മാൽദ കയ്യിലെത്തിയപ്പോൾ തോന്നി. ആസ്വദിച്ച് തിന്ന് കൈ കഴുകി സീറ്റിലേക്ക് ചാഞ്ഞപ്പോളാണ് ഒരു ഉമ്മൂമയുടെ വരവ്. എന്റെ തലയിൽ കൈ വെച്ച് അവരുടെ ഭാഷയിൽ പ്രാർത്ഥിച്ചപ്പോളും പൈസക്കാവും എന്നത് കൊണ്ട് മുഖത്തേക്ക് നോക്കിയില്ല.

നടന്ന് നീങ്ങാൻ ഒരുങ്ങിയപ്പോളാണ് ഒരു കാര്യമോർത്തത് ഇത്തവണ യാത്ര തിരിക്കുമ്പോൾ വല്ലിമ്മയുടെ ഖബറിങ്ങൽ പോയിരുന്നില്ല. ദുനിയാവിന്റെ നാഡീവൂഹങ്ങൾ പോലെ തീവണ്ടി പാളങ്ങൾ കെട്ട് പിണഞ്ഞ് ചിതറി കിടക്കുന്നു. അതിലെ ഒരു നാഡിയിൽ മിടിപ്പ് പിടിച്ച് കൊണ്ട് ഇന്ത്യയുടെ ബഹുദൂര യാത്രികൻ വിവേക് എക്സ്പ്രസ്സ്‌ നീങ്ങുന്നു. ഖബറിന്റെ ഉള്ളിൽ നിന്നും പാളത്തിലേക്ക് വല്ലിമ്മ എപ്പോൾ ഏന്തി വലിഞ്ഞു കയറി എന്നൊന്നും ഞാൻ കണ്ടില്ല. ആൾക്ക് സുഖമാണല്ലോ. തൊട്ട് മുകളിലൂടെ വിടവുകളിട്ട് നീണ്ട് കിടക്കുന്ന റെയിൽ പാളം. ഒന്ന് തലയിട്ട് നോക്കിയാൽ കാണാവുന്ന തീവണ്ടികൾ. എന്റെ മിടിപ്പും തീവണ്ടിയുടെ മിടിപ്പും ഒന്നിച്ച് കിട്ടിയപ്പോൾ മൂപ്പത്തിയാര് സദാ മടിത്തട്ടിൽ ഉണ്ടാവുന്ന പുകലയുടെ വാറുകൊണ്ട് കൊളുത്തിട്ട് പിടിച്ച് വലിച്ച് കയറിയിട്ടുണ്ടാവും. ഇപ്പോൾ ഇതാ എന്റെ തൊട്ടടുക്കൽ മറിമായം കാട്ടീട്ട് ഒന്നും അറിയാത്ത പോലെ നടക്കുന്നു.


Related Articles