കണ്ട കാഴ്ചകള്‍ കൊണ്ട് കൊണ്ട ഇരുട്ടുകളെ കുടിയൊഴിപ്പിച്ചവന്റെ ജന്മദിനമായിരുന്നു അന്ന്. ഒരു സ്വാതന്ത്ര്യപുലരിയിലെന്ന പോലെ കാണുന്നതെല്ലാം എന്നെ ആനന്ദിപ്പിച്ചു. ഓരോരുത്തരോടും ഞാൻ കുശലാന്വേഷണങ്ങള്‍ നടത്തി. അങ്ങനെ ന്യൂ ജല്‍പായ്ഗുഡി സ്റ്റേഷനിലരികിലൂടെ അലസമായി നടക്കവേ ഞാന്‍ ഒരുവളെ കണ്ടു. ഒരു ചായവില്പനക്കാരി പെണ്ണ്. അവളില്‍ നിന്നും ഞാന്‍ കണ്ണെടുത്തില്ല. കണ്ണെടുക്കാന്‍ പറ്റാത്ത വിധം അടുപ്പം തോന്നുന്ന കടുപ്പമുണ്ടായിരുന്നു അവള്‍ക്ക്. ഉള്ളില്‍ ഊറിക്കിടക്കുന്ന ഒരു പാല്‍പ്പുഞ്ചിരിയോടെ ചായയില്‍ പഞ്ചസാരയിട്ട് ഇളക്കുമ്പോള്‍ ഉണ്ടാകുന്നതെന്ന് തോന്നിപ്പിച്ച നുണക്കുഴിയുമുണ്ടവള്‍ക്ക്. ഞാനാ പാലിലും പഞ്ചസാരയിലും കടുപ്പത്തിലും ഒന്നിച്ചു വീണു..!
ഒരു ചായയ്ക്ക് പറഞ്ഞതും രണ്ട് തരം ഗ്ലാസുകളിലേക്ക് കൈ ചൂണ്ടി ഏതില്‍ വേണമെന്ന് അവൾ ചോദിച്ചു. വ്യത്യസ്തത തോന്നിയ ഒരു ഗ്ലാസിലേയ്ക്ക് ഞാൻ കൈ ചൂണ്ടി. ഫ്‌ളാസ്‌ക്കില്‍ നിന്നും ആ ഗ്ലാസ്സിലേക്ക് അവളുടെ അതേ നിറത്തില്‍ ചായ കുത്തിച്ചാടിയൊഴുകി. അന്നത്തെ ദിവസത്തിലെ ആദ്യ ചായ ഒരിറ്റ് നുകര്‍ന്നിട്ട് തലയുയര്‍ത്തി പേരെന്താണെന്ന് ചോദിച്ചപ്പോള്‍, ''കുല്‍ഹദ്'' എന്ന് അവള്‍ മറുപടി പറഞ്ഞു.
''കുല്‍ഹദ്..!'' ഒരു ആശ്ചര്യ ഭാവം എന്റെ മുഖത്ത് നിന്നും മനസ്സിലാക്കിയതും അവള്‍ അത് ചായയുടെ പേരാണെന്ന് തിരുത്തി. അവളുടെ പേര് ആദ്യ എന്നായിരുന്നു. കുല്‍ഹദ് എന്നത് ചായ ഒഴിച്ചു തന്ന മണ്‍ ഗ്ലാസിന്റെ നാമവും. മണ്‍ ഗ്ലാസില്‍ ആദ്യചായ തന്ന ആദ്യയെന്ന പെണ്ണ് കുറച്ച് നേരത്തേക്ക് എന്നെ വിട്ട് പോയില്ല. കുല്‍ഹദ് എന്ന പരമ്പരാഗത ചായ നുകരും തോറും അതിന്റെ പ്രത്യേക സൗരഭ്യത്തിൽ ഞാന്‍ ആദ്യയില്‍ നിന്നും ആദ്യമെന്നവണ്ണം വീണ്ടും വീണ്ടും ഓരോ ചായ പറഞ്ഞു കൊണ്ടിരുന്നു.
