'തീവണ്ടി തന്നെ ഒരു അരപ്രാന്തനാണ്, അതിനുള്ളില്‍ ഒരു നട്ടപ്പിരാന്തനും കൂടെ..'

Travelogue

'തീവണ്ടി തന്നെ ഒരു അരപ്രാന്തനാണ്, അതിനുള്ളില്‍ ഒരു നട്ടപ്പിരാന്തനും കൂടെ..'


ശ്ചിമബംഗാളിലെ ഒരു പ്രധാന സ്റ്റേഷനായ ന്യൂ ജല്‍പായ്ഗുഡി (എന്‍ജെപി സ്റ്റേഷന്‍) ആണ് ലക്ഷ്യം. തീവണ്ടിയില്‍ ഇരുന്ന് കണ്ടതും കേട്ടതും കൊണ്ട് പെരുമ്പാമ്പ് ഇര വിഴുങ്ങിയത് പോലുള്ള ഒരുവന്‍ ഇനി അവിടെ വന്നിറങ്ങും. ഞാനെന്ന ആ ഒരുവന്‍ മണിക്കൂറുകള്‍ കൊണ്ട് വിഴുങ്ങി കൂട്ടിയതെല്ലാം അമൂല്യമാണ്; കാരണം, സാവധാനം ഒരാള്‍ ജീവിച്ചു തുടങ്ങിയതിന്റെ ലക്ഷണങ്ങള്‍ എന്നില്‍ ആവോളമുണ്ട്: പ്രധാന തെളിവ് ഈ തീവണ്ടി യാത്ര തന്നെ. തത്രപ്പാടിലുള്ള മനുഷ്യര്‍ ''എടാ നട്ടപ്പിരാന്താ..'' എന്ന് വിളിക്കാനുള്ള ചെയ്തികളിലൂടെയാണ് ഞാനിപ്പോള്‍ കുറച്ച് ദിവസമായി കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. തീവണ്ടി തന്നെ ഒരു അരപ്രാന്തനാണ്, അതിനുള്ളില്‍ ഒരു നട്ടപ്പിരാന്തന്‍ കൂടെ കയറിയിരുന്നാലോ..! അതിന്റെ കൊമ്മല കളി വീണ്ടും കൂടും. തോന്നിയ പോലെ വേഗത കുറച്ചും കൂട്ടിയും അതിന് കണക്കാക്കിയ സമയം വൈകിയുമാണ് അതിപ്പോള്‍ തന്നെ ഓടി കൊണ്ടിരിക്കുന്നത്. ''മിടുക്കന്‍'' എന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞു, അപ്പോള്‍ അത് നന്നായൊന്ന് കുലുങ്ങി. ചിലരുടെ മനസ്സിലേക്കുപോലും തീവണ്ടി കാതോര്‍ക്കുന്നുണ്ടെന്ന് മനസ്സിലായി. എല്ലാവര്‍ക്കും അവന്‍ ചെവി കൊടുക്കില്ല. ഒറ്റ നോട്ടത്തില്‍ തീവണ്ടിയേയും ആര്‍ക്കും മനസ്സിലായിക്കൊള്ളണമെന്നുമില്ല. ജീവിതം വെച്ച് കളിക്കുന്ന തീക്കളികൾക്ക് ശേഷം ഒരുവന്‍ തീവണ്ടിയില്‍ എത്തിയാല്‍ മാത്രമേ തീവണ്ടി അവരെ ചേര്‍ത്തു പിടിക്കുകയുള്ളൂ. തിരിച്ചും അങ്ങനെ തന്നെ. ഏകാകികള്‍ക്ക് കുമ്പസാരിക്കാനും എണ്ണിപ്പറയാനും ഇത്രയും നല്ലൊരു കൂടും കൂട്ടും വേറെയില്ലെന്ന് എനിക്ക് എപ്പോളെ തിരിഞ്ഞു.

''തീവണ്ടിയേ നീ എങ്ങോട്ടേക്ക് താണ്ടി താണ്ടി എന്നെയും താണ്ടി നീ ഒരിക്കലും എന്നെന്നേക്കുമായി കടന്ന് പോകല്ലേ നിന്റെ ഉദരത്തിലെ ഒരു കൈകുഞ്ഞിനെ പോലെ എന്നെ നീ എന്നെന്നേക്കും പേറൂ..'' എന്നൊരു കവിത ഞാന്‍ മൂളി. അവന്‍ മൗനം പൂണ്ടു. തൃശ്ശൂര്‍ തൊട്ട് സ്റ്റേഷനുകള്‍ മാറിമറിയുമ്പോള്‍ ഭൂപ്രകൃതി മാറുന്നതിനനുസരിച്ച് എല്ലാം മാറുന്നുണ്ട്. മനുഷ്യ മനസ്സുകള്‍, കയറിയിറങ്ങുന്ന കച്ചവടക്കാരുടെ രീതികള്‍, സംസാരം, വേഷവിധാനം, മൂക്കിലേക്ക് വരുന്ന മണങ്ങള്‍, കാറ്റിന്റെ ചുറ്റുവട്ടത്തിലൂടെയുള്ള നടപ്പിന് വരെ പല സ്വഭാവമാണ്. മരങ്ങളുടെ പച്ചപുഞ്ചിരികള്‍ പല വിധമാവുന്നു. കറുത്ത കോട്ടിട്ട് കയറി വരുന്ന ടിക്കറ്റ് പരിശോധന ഉദ്യോഗസ്ഥര്‍ക്ക് വരെ അതാത് സംസ്ഥാനത്തിന്റെ ചേരുവകള്‍ കണ്ണില്‍ ഊറിക്കിടക്കുന്നു. അവര്‍ ടിക്കറ്റ് നോക്കുമ്പോള്‍ ഞാന്‍ അവരുടെ ഉള്ളിലേക്ക് കയറി പോകും. പ്രഭാതം മുതല്‍ പ്രദോഷം വരെയുള്ള അവരുടെ ഓട്ട പ്രദക്ഷിണം ഞാന്‍ കൈകുമ്പിളില്‍ വാങ്ങും. അവരുടെ വീട്, കുടുംബം, ജീവിത രീതികള്‍ എല്ലാം ഞാന്‍ ഒരു കോട്ട് വാ ഇടവേളയില്‍ അരിച്ചെടുക്കും.


Related Articles