വലിയ ശബ്ദത്തോടെയാണ് പ്ലാറ്റ്ഫോമിലേക്ക് ആ വണ്ടി വന്നു നിന്നത്. കരിവണ്ടിയുടെ പേടിപ്പിക്കുന്ന എഞ്ചിൻ ശബ്ദമാണ് ആദ്യത്തെ തീവണ്ടിയാത്രയുടെ ഓർമ്മയ്ക്ക്. മയ്യഴി റെയിൽവേ സ്റ്റേഷനിലേക്ക് എത്തിയ വണ്ടി കാണാൻ മുത്തശ്ശനുമായി പോയ ഓർമ്മ. കരിവണ്ടികളുടെ അവസാന കാലമായിരുന്നു അത്. മൂക്കിലൂടെയും വായിലൂടെയും പുകനിറച്ചാണ് വണ്ടി പ്ലാറ്റ്ഫോമിലേക്ക് വന്ന് നിന്നത്. പല ദേശങ്ങളുടെ മണവും പേറി മയ്യഴിയിലേക്ക് പെട്ടിയും പായയും ചുരുട്ടി മനുഷ്യർ ഇറങ്ങി.
ഈ വണ്ടി എവിടെ നിന്നാവും വരുന്നത്? എവിടേക്കാവും പോകുന്നത്? അറിയാത്ത ദേശങ്ങളിലേക്ക് പോകുന്ന ആ തീവണ്ടികളായിരുന്നു കുട്ടിക്കാലത്തെ കൗതുകം. ആ വണ്ടിയോടിക്കുന്ന എൻജിൻ ഡ്രൈവർമാരായിരുന്നു ഹീറോകൾ. അവർ കണ്ട ദേശങ്ങളുടെ വലുപ്പത്തെ ആലോചിച്ച് ഒരിക്കലെങ്കിലും ആ എഞ്ചിൻകൂട്ടിൽ കയറണമെന്ന് അതിയായി ആഗ്രഹിച്ചിട്ടുണ്ട്. കാലിന് ഉറപ്പും ബലവും വന്ന കാലമായപ്പോൾ ഒറ്റയ്ക്ക് തീവണ്ടിയാപ്പീസിലേക്ക് നടന്നു. അപ്പോഴേക്കും കരിവണ്ടികളുടെ കാലം കഴിഞ്ഞിരുന്നു. വേഗംകൂടിയ വണ്ടികൾ ലക്ഷ്യങ്ങളെ വേഗത്തിൽ അടുപ്പിച്ചു.
പുറപ്പാട്
