നിശ്ചലനായ യാത്രികൻ

Travelogue

നിശ്ചലനായ യാത്രികൻ


കോവിഡ്, നമ്മുടെ ചിന്തയിൽ മുഴുവൻതന്നെ ഒരു വലിയ മാതൃകാ പരിണാമം അല്ലെങ്കിൽ paradigm shift ആവശ്യപ്പെടുന്നുണ്ട്. ഇത് അനേകം ദാർശനികർ സമീപകാലത്ത് മുന്നോട്ടു വച്ചിട്ടുള്ള ഒരു കാര്യം തന്നെയാണ്. പലരും അതിനെ വിശേഷിപ്പിക്കുന്നത് യൂറോപ്യൻ ഹ്യൂമനിസ്റ്റ് സമീപനത്തിൽ നിന്ന് ഒരു പോസ്റ്റ് ഹ്യൂമനിസ്റ്റ് സമീപനത്തിലേക്കുള്ള മാറ്റം എന്നാണ്. എന്നു പറഞ്ഞാൽ ഹ്യൂമനിസത്തിന്റെ ആദർശങ്ങളും മൂല്യങ്ങളും ഉപേക്ഷിക്കണം എന്നല്ല; അതിന്റെ ആദർശങ്ങളെയും മൂല്യങ്ങളെയും സംരക്ഷിച്ചുകൊണ്ടുതന്നെ മനുഷ്യചരിത്രത്തെ വേറിട്ട ഒരു ചരിത്രമായി കാണാതെ പ്രപഞ്ചത്തിന്റെ ചരിത്രവും പ്രകൃതിയുടെ ചരിത്രവുമായി കൂട്ടിച്ചേർത്ത് മനുഷ്യചരിത്രത്തെ വായിക്കുന്ന ഒരു രീതി നാം വളർത്തിയെടുക്കേണ്ടിയിരിക്കുന്നു എന്ന വിചാരമാണ്.

കാരണം, വസ്തുക്കൾക്ക് പോലും മനുഷ്യരുടെ മനസ്സുകളെ, ഭാവങ്ങളെ, മനോനിലകളെ മാറ്റാൻ കഴിയുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. ഒപ്പം തന്നെ റോബോട്ടുകൾ, സൈബോർഗുകൾ അവരുടെ ഒരു പുതിയ ലോകം, യുവാൽനോവ ഹരാരി ഒക്കെ പറയുന്നതുപോലുള്ള ഒരു പുതിയലോകം, സമാന്തരമായ മറ്റൊരു ലോകം സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു. അപ്പോൾ ഈ പുതിയ സൃഷ്ടികൾക്കും നമുക്കുമുമ്പുള്ള സൃഷ്ടികൾക്കും, അതായത് മനുഷ്യനു മുമ്പും മനുഷ്യന് പിൻപുമുള്ള എല്ലാത്തരം സൃഷ്ടികൾക്കും ഇടമുള്ള ഒരു വിചാരപരിസരം വികസിപ്പിക്കുക എന്നതും മനുഷ്യനും പ്രകൃതിയുമായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ബന്ധം പുനഃസ്ഥാപിക്കുക എന്നതും എത്രമാത്രം പ്രധാനമാണ് എന്നൊരു സന്ദേശം ഈ കോവിഡിന്റെ കാലം നമുക്ക് അടിസ്ഥാനപരമായിത്തന്നെ നല്കുന്നുണ്ട്. കാരണം ഇത്തരത്തിലുള്ള മഹാമാരികൾക്കുള്ള പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് നാം ആ ജൈവശൃംഖലയെ തകർക്കുകയും ഓരോ ജീവിക്കും അവർക്ക് അനുവദിക്കപ്പെട്ടിട്ടുള്ള ആ ഇടങ്ങളിലേക്കും നാം കടന്നു കയറുകയും ഒക്കെ ചെയ്തതാണ്. നമ്മുടെ ജൈവഭക്ഷണശൃംഖലയിലുണ്ടായ മാറ്റം, പരിണാമത്തിന്റെ ജൈവശൃംഖലയിലുണ്ടായ മാറ്റം ഇതെല്ലാം മനുഷ്യന്റെ ഇന്റർവൻഷൻ അല്ലെങ്കിൽ ഇടപെടലുകൾ കൊണ്ടു വന്നിട്ടുള്ളതാണ്. ആ ഇടപെടൽ പ്രകൃതിയെ സംബന്ധിച്ച് എത്രമാരകമായിരുന്നു എന്നും ഏതു രീതിയിലാണ് അതിനോടു പ്രകൃതി പ്രതികരിക്കുന്നത് എന്നും കാണിക്കുന്നതാണ് കോവിഡുപോലുള്ള മഹാമാരികൾ, കേരളത്തിൽ ഒരു തവണ തീവ്രമായും മറ്റൊരു തവണ അത്ര തീവ്രമല്ലാതെയും അനുഭവിച്ച ഇപ്പോഴും നാം എപ്പോഴും ഭയന്നുകൊണ്ടിരിക്കുന്ന പ്രളയം, മലയിടിച്ചിൽ തുടങ്ങിയ ഒട്ടേറെ കാര്യങ്ങൾ. അതുകൊണ്ട് നമുക്ക് തീർച്ചയായും മനുഷ്യ പരിണാമത്തെ പ്രപഞ്ചപരിണാമത്തിന്റെ ഒരു ഭാഗമായി കാണാനും പ്രകൃതിയെ നമ്മോടു ചേർത്ത് നിർത്തി ഒരു ജൈവമായ സാകല്യദർശനത്തിലേക്ക് യാത്രചെയ്യാനും കഴിയേണ്ടതുണ്ട്. നാം നടത്തേണ്ട ആദ്യത്തെ യാത്ര ഈ രീതിയിൽ ഉള്ള നമ്മിൽ നിന്നു പുറത്തേക്കുള്ള, പ്രകൃതിയിലേക്കും പ്രപഞ്ചത്തിലേക്കുമുള്ള ഒരു യാത്രയാണ് എന്നാണ് കോവിഡ് സൂചിപ്പിക്കുന്നത്.

വ്യക്തിപരമായി പറഞ്ഞാൽ ഈ രോഗകാലം വന്നശേഷം ഞാൻ ചെയ്ത ഒരേയൊരു യാത്ര ഡൽഹിയിൽ നിന്നു കേരളത്തിലേക്കു നടത്തിയ യാത്രയാണ,് ജൂൺ ഇരുപതാം തീയതി നടത്തിയ ഒരു യാത്ര. അതൊരു വിചിത്ര അനുഭവമായി. അനേകം സ്ഥലങ്ങളിലേക്കു യാത്ര ചെയ്തിട്ടുള്ള ഞാൻ ഒരിക്കലും ഇത്തരത്തിലുള്ള ഒരു യാത്ര നടത്തിയിട്ടില്ല. മാസ്‌ക് വച്ച്, ഫെയ്‌സ്ഷീൽഡ് വച്ച്, പേഴ്‌സണൽ പ്രൊട്ടക്ഷൻ എക്യുപ്‌മെന്റ് ഉപയോഗിച്ചുകൊണ്ട് ഏതാണ്ടൊരു മധ്യയുഗ പോരാളിയുടെ വേഷത്തിൽ മിക്കവാറും ഒഴിഞ്ഞു കിടന്ന ഡൽഹിയിലെ വിമാനത്താവളത്തിലൂടെ കേരളത്തിലെത്തിച്ചേരുക എന്നതുതന്നെ അതീവവിചിത്രമായ ഒരനുഭവമായിരുന്നു എന്ന് പറയാതെ വയ്യ. ഈ യാത്രയില്ലാത്ത കാലത്ത്, നിരന്തരമായി യാത്ര ചെയ്തുകൊണ്ടിരുന്ന ആളുകൾ ഈ കാലത്തെ എങ്ങനെ കാണുന്നു, ഇല്ലെങ്കിൽ എങ്ങനെ അതിജീവിക്കുന്നു എന്നതാണ് ഒരുപക്ഷെ നമ്മുടെ മുൻപിലുള്ള പല ചോദ്യങ്ങളിൽ പ്രധാനപ്പെട്ട ഒന്ന്. വളരെ പെട്ടെന്ന് ഒരു ദിവസം നാമെല്ലാം കൂടുകളിൽ അടയ്ക്കപ്പെടുകയും, നാം കൂടുകളിലാക്കി അടച്ചിട്ടിരുന്ന മറ്റു ജീവികൾ പുറത്ത് സ്വതന്ത്രമായി വിഹരിക്കുകയും ചെയ്യാൻ ആരംഭിച്ചിരിക്കുന്നു. അത്തരമൊരു കാലത്ത് എങ്ങനെയാണ് യാത്രയുടെ അനുഭവങ്ങൾ പുനഃസൃഷ്ടിക്കുന്നത് എന്ന ഒരു ചോദ്യം നമ്മുടെ മുമ്പിൽ കാര്യമായിത്തന്നെ ഉണ്ട്. തീർച്ചയായും അതിനുള്ള ഒരു വഴി ഓർമ്മകളിലൂടെയുള്ള ഒരു യാത്രയാണ്. നമ്മുടെ പഴയ യാത്രകൾ ഓർക്കുകയാണ്.


Related Articles