നിരന്തരജനനം

Travelogue

നിരന്തരജനനം


രു മനുഷ്യജന്മം ഒറ്റപ്പാളിയായോ അനേക അസദൃശ അടരുകളായോ ചെലവിടാം. ഏതാണ് അനുയോജ്യം എന്ന തിരഞ്ഞെടുപ്പ് വ്യക്തിനിഷ്ഠമാണ്. ഒരേ ജന്മത്തിലെ പല ഏടുകൾ എന്നതിനുപരി ഏകജന്മത്തിൽ തന്നെ വിഭിന്ന പിറവികൾ സാധ്യമാവുക എന്നത് അതുല്യാനുഭമാണ്. പലവട്ടം ജനിക്കുന്നൊരാൾ തത്തുല്യമായ മരണങ്ങളും സ്വീകരിക്കുന്നു. ഓരോ മരണത്തിലും അസ്തമിക്കുന്ന തീരാദുഷിപ്പുകൾ ഉദയം നൽകുന്നത് പുത്തൻ പൊരുളുകൾക്കാണ്. ഇത്തരത്തിൽ നിരന്തരം ജനിച്ചുകൊണ്ടിരിക്കുന്ന പ്രക്രിയയിലേക്കെത്താൻ പല മാർഗങ്ങൾ ഉള്ളതിൽ ഒന്നാണ് യാത്ര.

അവനവനിലേക്കുള്ള സൂക്ഷ്മദർശിനിക്കുഴലുകളാണ് യാത്രകൾ. ലെൻസ് അകത്തിയും അടുപ്പിച്ചും ക്രമീകരിച്ചുകൊണ്ട് സ്വയം നിരീക്ഷിക്കാനുള്ള അവസരമാണ് യാത്രകൾ ഒരുക്കുന്നത്. സ്വയംഅറിയുക എന്നത് ഏറ്റവും വലിയ തിരിച്ചറിവുകളിൽ ഒന്നാണെന്നിരിക്കെ അത് ഒരു മനുഷ്യായുസ്സിന്റെ ഏത് ഘട്ടത്തിൽ സംഭവിക്കുന്നു എന്നത് സുപ്രധാനമാണ്. യാത്രകൾ പൊതുവെ ഏതൊരു വ്യക്തിയും മാറ്റിവയ്ക്കുന്ന അഭിലാഷങ്ങളിൽ ഒന്നാണ്. കൃത്യമായ സമയവും കാലവും നിശ്ചയിച്ച് വളരെ ആസൂത്രിതമായി ചെയ്യേണ്ടുന്ന പ്രവൃത്തിയാണെന്ന പൊതുധാരണ കാരണം അതെപ്പൊഴും ആയുസ്സിന്റെ വരമ്പുകൾ പൂകുന്ന കാലഘട്ടത്തിലേക്ക് നീക്കിവയ്ക്കപ്പെടുന്നു. എന്നാൽ കലണ്ടർ നോക്കി സമയബന്ധിതമായി നടത്തുന്ന യാത്രകൾ ബന്ധുവീട് സന്ദർശനമോ ഔദ്യോഗികസന്ദർശനമോ പോലെ വിരസമായ അനുഭവങ്ങളാകുന്നു. യഥാർത്ഥയാത്ര എന്നത് ഒരു പുതിയ മനസ്സോടെ എവിടെയോ വായിച്ച/കണ്ട/ ഓർമയിലുള്ള ഗന്ധത്തെ,രുചികളെ, സ്പർശത്തെ ഒക്കെ തിരിച്ചറിഞ്ഞ് അനുഭവിക്കലാണ്.

യഥാർത്ഥ യാത്രിക സാഹസികയാണ്. താൻ എവിടുന്നു വരുന്നു എന്നത് വിസ്മരിച്ചുകൊണ്ട് നിർണയിക്കപ്പെട്ട യാതൊരു മുൻവിധികളുമില്ലാതെ പുതുഅനുഭവങ്ങളിലേക്ക് സ്വയം എറിഞ്ഞുകൊടുക്കുന്നവൾ. ഊരുംപേരും മറന്നുകൊണ്ട് താൻ ഏതു കാലഘട്ടത്തിലെ മനുഷ്യനെന്നതുപോലും വിസ്‌മൃതിയിലാഴ്ത്തി ചെന്നെത്തുന്ന അപരിചിത ഭൂമിയിൽ അവൾ പാദങ്ങൾ ഉറപ്പിക്കുന്നു. പരിചിതമായ ഒരൊറ്റ മുഖംപോലുമില്ലാത്ത നാട്ടിൽ ആ യാത്രിക മനുഷ്യരാശിയോടുള്ള അടങ്ങാത്ത ആദരവ് പുലർത്തിക്കൊണ്ട് വർത്തിക്കുന്നു.


Related Articles