ബിയോണ്ട് പത്മോസ്; അതായിരുന്നു യാത്രയുടെ പേര്.ലോകത്തിന്റെ പല ഭാഗത്തു നിന്നുള്ള മലയാളികൾ ബഹറിൻ വിമാനത്താവളത്തിൽ വെച്ച് കൂടിച്ചേർന്നു. ഇരുപത്തിനാലു പേരുടെ സംഘമായി ഇസ്താംബൂളിലേക്ക്. ടർക്കി, ഗ്രീസ്, റോം, വർത്തിക്കാൻ, ഇറ്റലി ഈ രാജ്യങ്ങളിലൂടെ ഒരു യാത്ര. ക്രിസ്ത്യാനിറ്റി എന്ന വിത്ത് ഉഴുതു വിതച്ച് കിളിർത്ത് വേരുപിടിച്ച് വൻവൃക്ഷമായി അനേകർക്ക് തണലേകിയ മണ്ണിലൂടെയുള്ള യാത്ര. 2006-ൽ യേശുവിന്റെ മണ്ണിലൂടെയുള്ള ജെറുസലേം യാത്ര എന്നെ അത്രമേൽ ഉന്മാദിനിയാക്കിയതിനാലാണ് ബിയോണ്ട് പത്മോസ് എന്ന യാത്ര എന്നെ ആവേശിച്ചത്. പത്മോസ്, വെളിപാട് പുസ്തകത്തിന്റെ ഭൂമികയാണ്. ബൈബിളിൽ ഞാൻ ഏറ്റവും കൊതിയോടെ വീണ്ടും വീണ്ടും വായിക്കുന്ന പുസ്തകം. ബൈബിളിലെ അവസാന പുസ്തകം. യോഹന്നാൻ എഴുതിയ വെളിപാട്. മഹന്മാക്കളായ എഴുത്താളരെ ഏറെ കൊതിപ്പിച്ച പുസ്തകം. നിഗൂഢാത്മകസൗന്ദര്യ ശാസ്ത്രത്തിന്റെ ആഴക്കടൽ.
യോഹന്നാൻ, യേശു ഏറ്റവും സ്നേഹിച്ച ശിഷ്യനാണ്. യോഹന്നാന്റെ സുവിശേഷമാണ് നാലു സുവിശേഷങ്ങളിൽ ഏറ്റവും കാവ്യാത്മകം. രാജദ്രോഹ കുറ്റവാളിയായി മരണത്തിന്റെ ദ്വീപിൽ അടക്കപ്പെട്ട സമയത്താണ് യോഹന്നാന് പ്രത്യാശയുടെ അതിമനോഹരമായ വെളിപാട് ഉണ്ടാകുന്നത്. വെളിപാട് പോലെ ഒരു പുസ്തകം പിന്നീട് ഇതുവരെ എഴുതപ്പെട്ടിട്ടില്ല. അത്തരം കാഴ്ചകൾ / ദർശനങ്ങൾ കണ്ട ഇടം കാണുക എന്നത് വലിയൊരു ആഗ്രഹമായിരുന്നു. ഞാൻ ഏറ്റവും കൊതിയോടെ വായിക്കുന്നത് യോഹന്നാനെയാണ്. ആ എഴുത്തുകാരന്റെ സ്വന്തം നാട്ടിൽ പോയി അദ്ദേഹം ജീവിച്ച ഇടം കാണുകയെന്നത് വലിയ ഒരു ആനന്ദവും.
മരണത്തിന്റെ ദ്വീപിനെ യോഹന്നാൻ എന്ന എഴുത്താൾ ഉയിർപ്പിന്റെ, പ്രതീക്ഷയുടെ തുരുത്താക്കി മാറ്റി. ചെറുപ്പം മുതൽ തന്നെ യോഹന്നാനെക്കുറിച്ചും, വെളിപാട് രചിക്കപ്പെട്ട പത്മോസ് ദ്വീപിനെക്കുറിച്ചും ധാരാളം കഥകൾ കേട്ടിട്ടുണ്ട്. യേശുവിന്റെ പ്രിയശിഷ്യനായിരുന്ന യോഹന്നാൻ എഫേസൂസുക്കാരനായിരുന്നു. യേശുവിന്റെ കാലത്ത് ഏഷ്യാമൈനർ അതായത് ഇന്നത്തെ യൂറോപ്പ്, പഴയ പാലസ്തീൻ, ഗ്രീസ്, ടർക്കി, സിറിയ ഇതെല്ലാം ഉൾപ്പെടുന്ന വലിയ ഭൂപ്രദേശം റോമാ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. എല്ലാ റോഡുകളും റോമിലക്ക് എന്നായിരുന്നു. വയാമാരി, അഫ്രിക്ക മുതൽ ഇന്ത്യ വരെ നീണ്ടു കിടക്കുന്ന പാത.ചൈനയിൽ നിന്നുള്ള സിൽക്ക് റൂട്ട്, ഈജിപ്തിൽ നിന്ന് കേരളം വരെ നീളുന്ന ജലപാത. അക്കാലത്ത് കേരളത്തിൽ നിന്ന് പായ്കപ്പൽ ഇരുപത്തിയൊന്ന് ദിവസം കൊണ്ട് ഈജിപ്തിലെ തുറമുഖത്ത് എത്തുമെന്നാണ്. റോമക്കാരും യഹൂദരും സ്വർണ്ണത്തിനു പകരം കുരുമുളക് തേടി കേരളത്തിൽ വന്നിരുന്നു. ആറുമാസം അതികഠിനമായ തണുപ്പുള്ള അവരുടെ പ്രദേശത്ത് അക്കാലത്തേക്കു വേണ്ട മാംസഭക്ഷണം സൂക്ഷിച്ചു വെച്ചിരുന്നത് കുരുമുളക് അരച്ചുപുരട്ടി ഉണക്കിയാണ്. ഫ്രീസർ ഇല്ലാത്ത അക്കാലത്ത് ഭക്ഷണം സൂക്ഷിക്കാൻ മറ്റു മാർഗ്ഗമില്ലായിരുന്നു. റോമക്കാർ അതിശക്തന്മാരും ഭീകരമായ പീഡനമുറകൾ സ്ഥീകരിച്ചിരുന്നവരുമാണല്ലോ. അവർ കുറ്റവാളിയെ കൊല്ലുന്നത് മരത്തിൽ തറച്ചാണ്. കുരിശാകൃതിയിൽ ആണികളിൽ തൂങ്ങിക്കിടന്ന് ഞരമ്പുകൾ വലിഞ്ഞു പൊട്ടി മൂന്നു ദിവസം കൊണ്ടേ ഒരാൾ മരിക്കു. അതു പോലെ വഴിവക്കിൽ രാത്രി പന്തം ചുറ്റി മനുഷ്യനെ പച്ചക്ക് കത്തിച്ചു നിർത്തുക. ഇതെക്കെയാണ് ശിക്ഷാരീതികൾ. എന്നാൽ റോമാക്കാർക്കിടയിൽ അവർ ഈ ശിക്ഷകൾ നടപ്പാക്കിയിരുന്നില്ല. തിളച്ച എണ്ണയിൽ ഇടുക; നാടുകടത്തുക ഇവയായിരുന്നു സ്വന്തം നാട്ടുകാർക്കുള്ള ശിക്ഷ.
