നമ്മുടെയൊക്കെ മനസ്സിൽ ഇടം പിടിച്ച ബംഗാളിന്റെ ഒരു ചിത്രമുണ്ട്- ഇന്ത്യയിലുണ്ടായ എല്ലാ സാമൂഹ്യ-രാഷ്ട്രീയ-സാംസ്‌ക്കാരിക മുന്നേറ്റങ്ങളുടേയും ചുക്കാൻ പിടിച്ച സുവർണ്ണ ബംഗാളിന്റെ ചിത്രം. ഇന്ത്യയിലെ സാമൂഹ്യ നവോത്ഥാനത്തിന്റെ ഗതി നിർണ്ണയിക്കുന്നതിൽ പ്രധാന പങ്കു വഹിച്ച രാജാറാം മോഹൻ റായിയും ബംഗാളി ഭാഷയിലെ ഗദ്യസാഹിത്യത്തിന്റെ പിതാവായി ഗണിക്കപ്പെടുന്ന ഈശ്വർ ചന്ദ്ര വിദ്യാസാഗറും കൊളോണിയൽ വിപ്ലവത്തിന്റെ നിത്യ പ്രതീകമായ സുഭാഷ് ചന്ദ്രബോസും ആത്മീയാന്വേഷണങ്ങളുടെ വഴിയിൽ ഇന്ത്യയെ മുന്നോട്ടു നയിച്ച പരമഹംസരും വിവേകാനന്ദനും വിശ്വമഹാകവി ടാഗോറുമെല്ലാം ഈ ചിത്രത്തിൽ തിളക്കമാർന്നു നിൽക്കുന്നവരാണ്. ടാഗോർ മാത്രമല്ല നമുക്ക് ചിരപരിചിതൻ. ബിഭൂതിഭൂഷണും ബങ്കിം ചന്ദ്രനും താരാശങ്കർ ബാനർജിയും ശങ്കറും ജരാസന്ധനും ശരത്ചന്ദ്രനും ബിമൽ മിത്രയും തൊട്ട് ഇങ്ങേയറ്റത്ത് മഹാശ്വേതാദേവി വരേയുള്ളവർ പ്രസരിപ്പിച്ച ഊർജ്ജം നമ്മുടെ സാഹിത്യത്തിന്റെ വളർച്ചയിൽ വഹിച്ച പങ്ക് ചെറുതല്ല.
സത്യജിത് റായിയുടേയും മൃണാൾ സെന്നിന്റേയും ഋത്വിക് ഘട്ടക്കിന്റേയും ഋതുപർണ്ണ ഘോഷിന്റേയും മണ്ണാണ് ബംഗാൾ. കൊൽക്കൊത്തയിലെ കളിക്കളങ്ങളിലെ തർക്കങ്ങളും അഡ്ഡകളിലെ ചൂട്ചായയും ജാൽമൂരിയും നമ്മുടെ ചർച്ചകളേയും, ബംഗാളിൽ നിന്നു കേട്ട വസന്തത്തിന്റെ ഇടിമുഴക്കങ്ങൾ നമ്മുടെ കലാലയങ്ങളേയും ചൂട് പിടിപ്പിച്ചു-ഇന്ന് ബംഗാൾ ചിന്തിക്കുന്നതെങ്ങനെയാണോ ആ വഴിയിലൂടെ നാളെ ഇന്ത്യ നടക്കുന്നത് എന്ന ചൊല്ലിനെ സത്യമാക്കാൻ ഏറ്റവുമധികം പാടുപെട്ടവരാണ് നാം. പൊതു ലോകത്തിന്റെ മുമ്പാകെയുള്ള ഈ സവിശേഷമായ ഐഡിൻഡിറ്റി ബംഗാളിന്നു നൽകിയതാര് എന്ന ചോദ്യത്തിന്നു എളുപ്പത്തിൽ കിട്ടാവുന്ന ഒരു ഉത്തരമുണ്ട് - ഭദ്ര ലോക്, ഉയർന്ന ജാതിക്കാർ, ഉന്നത വിദ്യാഭ്യാസം നേടിയവർ, എഴുത്തും വായനയും കലയും കളിയുമൊക്കെ ജീവിതത്തോട് ചേർത്തു വെക്കുന്നവർ, അഥവാ ബാബുമാർ...
എന്നാൽ ഈ ഭദ്രലോകത്തിന്നു പുറത്തും നാം അറിയുന്ന ഒരു വംഗദേശമുണ്ട്. അടുത്ത കാലത്താണ് നാം ഈ ദേശത്തേയും അവിടെയുള്ള മനുഷ്യരേയും തിരിച്ചറിഞ്ഞത്. ജീവിതമാർഗ്ഗം തേടി കോൺട്രാക്ടർമാരാൽ ആട്ടിത്തെളിക്കപ്പെട്ട് ആലുവയിലും പെരുമ്പാവൂരിലുമെത്തി പിന്നീട് നാട് നീളെയുള്ള തൊഴിലിടങ്ങളിൽ പടർന്നവർ. ബംഗാളിലെ ഗോത്രവർഗ/മുസ്ലിം പ്രദേശങ്ങളായ ബങ്കുറ, ബീർഭൂം, മിഡ്‌നാപൂർ, മുർഷിദാബാദ് തുടങ്ങിയ ഇടങ്ങളിൽ നിന്നായിരുന്നു പ്രധാനമായും തൊഴിൽ തേടിക്കൊണ്ട് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്കുള്ള പ്രയാണം. അവരോടൊപ്പവും പിന്നാലെയുമൊക്കെയായി ബീഹാർ, ഒഡിഷ, ത്സാർഖണ്ട്, അസം തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നെല്ലാം തൊഴിലാളികൾ വന്നു. ഈ അന്യദേശത്തൊഴിലാളികളേയും നാം ബംഗാളിയെന്നു തന്നെ വിളിച്ചു. അന്യദേശത്തൊഴിലാളികൾക്ക് നാം ചാർത്തിക്കൊടുത്ത സംജ്ഞയാണ് ബംഗാളിയെന്നത്. നമ്മുടെ ചിന്തയിലും സങ്കല്പത്തിലുമുള്ള ബംഗാളിൽ നിന്ന് ഏറെ അകലെയായി വർത്തിച്ചിരുന്ന മറ്റേതോ അദൃശ്യലോകങ്ങളിൽ നിന്നാണ് ഈ ബംഗാളികൾ എത്തിയത്. നാം പരിചയിച്ച മുഖ്യധാരാ ബംഗാളി ജീവിതത്തിന്റെ അരികുകൾക്കപ്പുറത്താണ് അവരുടെ ജീവിതം. അതേസമയം ബംഗാളിൽ ഒരു കാലത്ത് കോൺഗ്രസ്സിന്റേയും പിന്നീട് പതിറ്റാണ്ടുകളോളം ഇടതുപക്ഷ രാഷ്ട്രീയത്തിന്റെയും വോട്ടുബാങ്കായിരുന്നു അവർ. അവർക്കു വേണ്ടി ചിന്തിച്ചത് പാർട്ടിയും പാർട്ടിയെ നിയന്ത്രിക്കുന്ന ഭദ്രലോകബാബുമാരുമായിരുന്നു. മുസ്ലിംകളുടേയും ഗോത്രവർഗക്കാരുടേയും ഈ സമൂഹമാണ് പിൽക്കാലത്ത് ബംഗാൾ രാഷ്ട്രീയത്തിന്റെ മുഖഛായ മാറ്റുന്നതിനെ ത്വരിതപ്പെടുത്തിയത് എന്നത് ഒരു ഐറണിയാണ്. മനോബീണാ ഗുപ്തയുടെ Left Politics in Bengal: Time travels among Bhadralok Marxists എന്ന 2010 ൽ പുറത്തിറങ്ങിയ പുസ്തകത്തിൽ മാറ്റത്തിന്റെ ഈ കാറ്റ് എങ്ങനെ രൂപപ്പെട്ടു വരുന്നു എന്നതിനെപ്പറ്റി വിശദമായി അപഗ്രഥിക്കുന്നു.
