ഭാഷ ഒരു വാക്കിനെ സൃഷ്ടിച്ചാൽ ആ വാക്കിന്റെ പ്രഥമ ദൗത്യം സംസ്കാരത്തെ ഒന്നു പുതുക്കിപ്പണിയുകയാണ്. വാക്കുകൾ നമ്മുടെ ബോധത്തെ കൃത്യമായി പ്രതിഫലിപ്പിക്കും, യാഥാർത്ഥ്യങ്ങളുടെ പുതിയൊരു ലോകത്തെ പണിതെടുക്കും. ബോധത്തിന്റെ ഭൂമധ്യത്തിലാണോ അതോ ബോധച്ചൂടേൽക്കാത്ത സംസ്കാരത്തിന്റെ പുറമ്പോക്കിലാണോ നമ്മളെന്നറിയാൻ ചില വാക്കുകളിൽ നിന്നും അവ സാക്ഷ്യപ്പെടുത്തുന്ന നമ്മുടെ ബോധത്തിലേക്ക് ഒന്നു ചൂടിപ്പിടിച്ചാൽ മതിയാവും. ഉദാഹരണമായി ഒരു റിപ്പോർട്ടിങ് രീതി നോക്കുക. ശ്രീമതി ആയിഷ കുഞ്ഞിക്കണ്ണനു സാഹിത്യത്തിൽ ഡോക്ടറേറ്റ് ലഭിച്ചു. കുന്നുമ്മൽ കുഞ്ഞിക്കണ്ണന്റെ ഭാര്യയാണ് ആയിഷ. ഇനി കുഞ്ഞിക്കണ്ണനാണ് ഡോക്ടറേറ്റു കിട്ടിയതെങ്കിൽ ആയിഷയുടെ ഭർത്താവാണു കുഞ്ഞിക്കണ്ണൻ എന്നെഴുതുമോ? ഇല്ല. അവിടെ ഭർത്താവ് എന്ന പദം അധികാരസൂചകമാണെങ്കിൽകൂടിയും അതേ ശൈലി ഉപയോഗിക്കുന്നില്ല, മറിച്ച് ആയിഷയാണ് ഭാര്യ എന്നേ എഴുതൂ. നമ്മൾ പറയുന്ന സമത്വം വാക്കിൽ, സംസ്കാരത്തിൽ, ബോധത്തിൽ എവിടെയാണ്? ഒരിടത്തുമില്ല. പുരുഷമേധാവിത്വസ്വരത്തിന്റെ മുദ്രാഫലകമായി എഴുത്ത് മാറുകയാണ്. ഈ വാചകങ്ങൾ വായനക്കാരനോടു പറയുന്നത്, എഴുത്തുകളിലേക്ക് ഇന്നും പ്രവഹിക്കുന്നത് മനുവിന്റെ ആദിമഷിതന്നെയാണെന്നാണ്. അതും ഇത്രയധികം വനിതകൾ മാധ്യമസ്ഥാപനങ്ങളിൽ തൊഴിലെടുക്കുന്ന കാലത്ത്.
പ്രമുഖ മാധ്യമങ്ങളുടെ ഈ ശൈലിയെ പലപ്പോഴായി സോഷ്യൽ മീഡിയയിൽ പരിഹസിച്ചിട്ടുണ്ട്, കുറച്ചൊക്കെ മാറിയിട്ടുമുണ്ട്. ഇപ്പോഴാണ് സർക്കാർ 'ജീവിതപങ്കാളി' എന്നു മതി എന്നാക്കിയത്. നമുക്ക് ഒരു സാംസ്കാരികവകുപ്പും സാഹിത്യ അക്കാദമിയും ഒക്കെയുള്ളപ്പോൾ, സാഹിത്യകാരെ എഴുത്തുകാരെ ഒക്കെയും പ്രോത്സാഹിപ്പിക്കാൻ നിരവധി അവാർഡുകളും നല്കുമ്പോൾ ആനുപാതികമായെങ്കിലും ഭാഷയെ ശുദ്ധീകരിക്കുവാനുള്ള ദൗത്യം, സംസ്കാരത്തെ മുന്നോട്ടെടുക്കുവാനുള്ള ദൗത്യം അവരുടെ ബാധ്യതയാണ്. സംസ്കാരത്തിന്റെ ഷോ കേസുകളിൽ ലോകത്തെവിടെയും കരുതിവെക്കുക മഹത്തായ അംശങ്ങളാണ്, പിന്തിരിപ്പൻ ഗതകാലത്തിന്റെ തിരുശേഷിപ്പുകളാവരുത്. വാക്കുകൾ കറൻസിപോലെയാണ്, കൃത്യമായ മൂല്യമുണ്ടാവണം. കറൻസിക്കു തുല്യവസ്തു ലഭിക്കുന്നതുപോലെ വാക്കുകൾക്കു തുല്യമായ ബോധം പകർന്നുകിട്ടുക അപ്പോൾമാത്രമാണ്.
ശ്രേഷ്ഠഭാഷയിലെ മ്ലേച്ഛ പദാവലികളും പ്രയോഗങ്ങളും
