സ്ത്രീസ്വത്വനിർമ്മിതി

Society

സ്ത്രീസ്വത്വനിർമ്മിതി


ജീവൻ എന്ന അന്തഃസ്ഥിത ഉണ്മാബോധ്യത്തിന്റെ വെളിച്ചത്തിൽ എല്ലാത്തരം ദ്വന്ദ്വാത്മതകളെയും നിഷേധിക്കുന്ന ഭൗതികവാദം ഫെമിനിസത്തിന്റെ ആവിഷ്‌കാരങ്ങൾക്ക് നവീന ധാരകൾ തുറന്നിടുന്നു. അതീത യാഥാർത്ഥ്യവും ഭൗതിക യാഥാർത്ഥ്യവും ആത്മാവും ലോകവും മനുഷ്യനും സ്ത്രീയും പുരുഷനും ചരങ്ങളും അചരങ്ങളുമൊക്കെത്തമ്മിലുള്ള ഉണ്മാപരമായ വൈരുദ്ധ്യം നിഷേധിക്കുന്ന നവഭൗതികവാദം അന്തഃസ്ഥിതവും ചലനാത്മകവും നിരന്തരം പരിവർത്തനത്തിന് വിധേയമാക്കുന്നതുമായ പദാർത്ഥലോകത്തെ വെളിപ്പെടുത്തുന്നു. മാനവാനന്തര കാലം (Post humanism) എന്നു വിളിക്കുന്ന ഈ പുതിയ ജ്ഞാനപരിസരം ലിംഗവിവേചനത്തെയും ചൂഷണത്തെയും നിഷേധിച്ച് സ്ത്രീകർത്തൃത്വത്തിന്റെ വ്യതിരിക്ത ഭാവങ്ങളും സാമൂഹിക ഘടനകളും അന്വേഷിക്കുന്ന വർത്തമാനകാല ഫെമിനിസത്തിന് നാഴികകല്ലാവുകയാണ്. ഒരു പക്ഷേ സത്താപരമായ സ്ത്രീസ്വത്വത്തെ അന്വേഷിച്ച ആധുനിക ഫെമിനിസ്റ്റ് പ്രസ്ഥാനത്തിനും ഭാഷാപരവും (linguistic) പ്രതിഭാസപരവുമായ (phenomenological) പുനരാഖ്യാനങ്ങൾക്ക് ശ്രമിച്ച ഉത്തരാധുനിക ഫെമിനിസ്റ്റ് ചിന്തകൾക്കും അപ്പുറത്തായി മനുഷ്യാളത്വത്തിന്റെ തന്നെ പദാർത്ഥഘടന (corporeality) അടയാളപ്പെടുത്തുന്ന നവഭൗതികവാദം ലിംഗവിവേചനരഹിതമായ ജൈവ/സാമൂഹിക ശരീരത്തെക്കുറിച്ചും സ്വയ പരിവർത്തനാത്മകതയുള്ള പദാർത്ഥലോകത്തെക്കുറിച്ചുമുള്ള നവദർശനങ്ങൾ പങ്കുവയ്ക്കുന്നു. റോസി ബ്രെയ്‌ഡോറ്റി, കേരൻ ബരാർഡ്, എലിസബേത്ത് ഗ്രോസ്, ജെന്നെ ബന്നറ്റ്, മോയിറ ഗാറ്റൻസ് തുടങ്ങിയ നവഫെമിനിസ്റ്റ് ചിന്തകരുടെ വൈവിധ്യപൂർണ്ണമായ പഠനങ്ങളിലൂടെ നവഭൗതികവാദകാലത്തെ അഥവാ വർത്തമാനകാലത്തെ സ്ത്രീസ്വത്വനിർമ്മിതിയുടെ അപനിർമ്മാണ പാഠങ്ങൾ ഹൃസ്വമായി പ്രതിപാദിക്കാനാണിവിടെ ശ്രമിക്കുന്നത്.

ഭൗതിക ഉണ്മാബോധ്യത്തിന്റെ അനിവാര്യത

വർത്തമാനകാലത്ത് സമഗ്രമായൊരു ഭൗതിക ഉണ്മാബോധത്തിലേക്ക് മാനവരാശി മുഴുവനും കടന്നുവരേണ്ടുന്നതിന്റെ അനിവാര്യതയെക്കുറിച്ച് ചലം Materialism: Ontology,Agency and Politics 1 എന്ന പുസ്തകത്തിൽ ഡയാന കൂലെയും സാമന്താ ഫ്രോസ്റ്റും വിശദമായി ചർച്ച ചെയ്യുന്നുണ്ട്. മനുഷ്യാസ്തിത്വം ചുറ്റുപാടുകളിലെ പദാർത്ഥലോകവുമായി ഇഴചേർന്നു കിടക്കുന്നുവെന്നും ബോധം, ഭാഷ, കർത്തൃത്വം, വികാരങ്ങൾ, ഭാവനകൾ, മൂല്യങ്ങൾ, അർത്ഥങ്ങൾ ഇവയെല്ലാം തന്നെ പ്രസ്തുത ഭൗതിക അസ്തിത്വത്തിന്റെ ഭാഗമായി മാത്രം രൂപപ്പെടുന്നതാണെന്നും അവർ വ്യക്തമാക്കുന്നു. എന്നാൽ മനുഷ്യാസ്തിത്വത്തിന്റെ പ്രസ്തുത ഭൗതിക തലത്തെ അവഗണിച്ചുകൊണ്ട് അതിഭൗതിക ചിന്തകളുടെയും ക്രമങ്ങളുടെയും പ്രതിനിധാനത്തിന്റെ വ്യവഹാര വെളിച്ചത്തിൽ മനുഷ്യന്റെ ദൈനംദിന ജീവിതതലം പുനരാഖ്യാനം ചെയ്യാനുള്ള ശ്രമങ്ങളെയാണ് നവഭൗതികവാദം എതിർക്കുന്നത്. വ്യവസ്ഥാപിത മതഘടനകളും ആധിപത്യ സാംസ്‌കാരിക പാരമ്പര്യങ്ങളും രാഷ്ട്രീയ ഘടനകളുമൊക്കെയാണ് ഇവിടെ വിമർശനത്തിന് വിധേയമാകുന്നത്.


Related Articles