വിദ്യാഭ്യാസനയം ആരുടെ ഭാഷണം?

Society

വിദ്യാഭ്യാസനയം ആരുടെ ഭാഷണം?


ലോകത്താകമാനം ദേശീയ വിദ്യാഭ്യാസനയങ്ങൾ സാമ്പത്തികലക്ഷ്യങ്ങളിലൂന്നിയ രാഷ്ട്രീയ നയങ്ങളായി രൂപാന്തരം പ്രാപിച്ചുകൊണ്ടിരിക്കയാണ്. ഐക്യരാഷ്ട്രസഭയുടെ 2030 ലേക്കുള്ള സുസ്ഥിരവികസന ലക്ഷ്യങ്ങളെ ആഗോള തൊഴിൽശക്തി വികസനദർശനമായി പരിഭാഷപ്പെടുത്തിക്കൊണ്ടാണ് വികസ്വരരാഷ്ട്രങ്ങൾ വിദ്യാഭ്യാസനയങ്ങൾ നിർമ്മിച്ചുകൊണ്ടിരിക്കുന്നത്. ആഗോള കോർപ്പറേറ്റ് ശക്തികളുടെ തൊഴിൽ നൈപുണിയിലധിഷ്ഠിതമായ വിദ്യാഭ്യാസ അജണ്ടയ്ക്ക് ദേശീയതയുടെ അതിർവരമ്പുകൾക്കകത്ത് സാംസ്‌കാരികവും ജനാധിപത്യപരവുമായ വെല്ലുവിളികളുയരുന്നുണ്ടെങ്കിലും, ദേശീയ സാമ്പത്തിക വികസനത്തെ മുൻനിർത്തി വിദ്യാഭ്യാസനയത്തെ വ്യാഖ്യാനിച്ച് എതിർപ്പുകളെ മറികടക്കാനുള്ള സമ്മർദ്ദമാണ് സർക്കാരുകൾക്കുമേൽ മൂലധനശക്തികൾ ചെലുത്തുന്നത്.

ഉദാഹരണത്തിന്, സൈപ്രസിന്റെയും ഗ്രീസിന്റെയും വിദ്യാഭ്യാസത്തിലെ ജനാധിപത്യപരവും സാംസ്‌കാരികവുമായ ദേശീയതാത്പര്യങ്ങളെ മറികടക്കാൻ ആഗോളനിലവാരത്തിലുള്ള മനുഷ്യവിഭവവികസന പദ്ധതിയായി ഉന്നതവിദ്യാഭ്യാസ നയങ്ങളെ അവതരിപ്പിച്ചുകൊണ്ടാണ് യൂറോപ്യൻ യൂണിയൻ തങ്ങളുടെ അധിനിവേശത്തെ നീതിമത്കരിച്ചത്. ചുരുക്കത്തിൽ, ദേശീയതയുടെ സാംസ്‌കാരികവും രാഷ്ട്രീയവുമായ അതിരുകൾക്കകത്തുതന്നെ ആഗോള കോർപ്പറേറ്റ് അജണ്ടയെ അവതരിപ്പിക്കാനുള്ള ഏറ്റവും പ്രായോഗികവും കാര്യക്ഷമവുമായ മാർഗ്ഗമായി വിദ്യാഭ്യാസ നയരൂപീകരണം മാറിക്കഴിഞ്ഞു.

നരേന്ദ്ര മോദി സർക്കാരിന്റെ ഏറ്റവും പുതിയ വിദ്യാഭ്യാസ നയരേഖയായ ദേശീയ വിദ്യാഭ്യാസനയം 2020 (National Education Policy NEP 2020)മേൽപ്പറഞ്ഞവാദത്തെ സാധൂകരിക്കുന്ന തെളിവാണ്. ദേശീയ വിദ്യാഭ്യാസനയത്തിന്റെ ആഖ്യാനപാഠത്തെ ഭാഷണവിശകലനസിദ്ധാന്ത (theory of discourse analysis)ത്തിന്റെ ചട്ടക്കൂടിലൂടെ നോക്കിയാൽ, ദേശീയതയെ മറയാക്കിക്കൊണ്ട് ആഗോള കോർപ്പറേറ്റ് താത്പര്യങ്ങളിൽ എത്രത്തോളമാണ് അത് വിദ്യാഭ്യാസത്തിനപ്പുറത്ത് സാമ്പത്തികവും രാഷ്ട്രീയവുമായ നയമായി മാറുന്നതെന്നു വ്യക്തമാവും.


Related Articles