സങ്കടം, സന്തോഷം, സങ്കോചം– ഈ വ്യത്യസ്ത വികാരങ്ങളോടെയാണ് ഞാന്‍ ഈ സ്മാരകപ്രഭാഷണം നിര്‍വ്വഹിക്കുന്നത്. ഇന്ന് കൂടുതല്‍ അനിവാര്യമായിക്കൊണ്ടിരിക്കുന്ന മതത്തിന്റെ ആഭ്യന്തരവിമര്‍ശകരുടെ അഗ്രഗാമികളില്‍ ഒരാള്‍ ആയിരുന്ന ജോസഫ് പുലിക്കുന്നേല്‍ ഇന്ന് നമുക്കിടയില്‍ ഇല്ലല്ലോ എന്ന സങ്കടം; ഇങ്ങനെ ചില വിചാരങ്ങള്‍ മുന്നോട്ടു വയ്ക്കാന്‍ ഇന്നും കേരളത്തില്‍ ഇടം ബാക്കിയുണ്ടല്ലോ എന്ന സന്തോഷം; ഇതിനു മുന്‍പ് ഈ പ്രഭാഷണം നിർവഹിച്ചവരെ ഓര്‍ക്കുമ്പോള്‍ ഉള്ള സങ്കോചം. ഭക്തി-സൂഫി പ്രസ്ഥാനകാലം മുതല്‍ ഇന്ത്യയിലും ലൂതറാന്‍ നവീകരണത്തിന്റെ കാലം മുതല്‍ യൂറോപ്പിലും ആരംഭിച്ച ആത്മീയനവോത്ഥാനത്തിന്റെയും മതങ്ങളുടെ ആഭ്യന്തരവിമര്‍ശത്തിന്റെയും ദീര്‍ഘപാരമ്പര്യത്തില്‍ നിന്നാണ് പുലിക്കുന്നേലിനെപ്പോലൊരു സഭാവിമര്‍ശകന്‍ ഊര്‍ജ്ജം ഉള്‍ക്കൊണ്ടു ഉയര്‍ന്നു വരുന്നത്. മതനിരാസമല്ലാ, മൂല്യാധിഷ്ഠിതമായി പിറവികൊണ്ട മതങ്ങള്‍ അവയുടെ ധാര്‍മ്മിക സ്രോതസ്സില്‍നിന്ന് അകന്നു പോകുന്നത് കണ്ടുനില്‍ക്കേണ്ടിവരുന്ന വിശ്വാസികളുടെ വേദനയുടെയും നൈതികരോഷത്തിന്റെയും ആവിഷ്കാരമാണ് നാം ഈ വ്യക്തികളിലും പ്രസ്ഥാനങ്ങളിലും കാണുക.
ഇതേ കാഴ്ചപ്പാടില്‍നിന്ന് നടത്തുന്ന ഈ പ്രഭാഷണത്തില്‍ നാലു കാര്യങ്ങളാണ് ഞാന്‍ തികച്ചും സംക്ഷിപ്തമായി അവതരിപ്പിക്കുന്നത്: ഒന്ന്: ആത്മീയത മനുഷ്യാസ്തിത്വത്തിന്റെ ഒരു അവശ്യമാനം ആണ്. രണ്ട്: മതങ്ങള്‍ സ്ഥാപനവത്കരിക്കപ്പെടുമ്പോള്‍ അവയുടെ നൈതികമായ ഉറവകളില്‍നിന്ന് അകന്ന് അധികാരോപാധികളായി മാറുകയും സ്നേഹത്തിനു പകരം വിദ്വേഷത്തിന്റെ പ്രഭവങ്ങള്‍ ആവുകയും ചെയ്യുന്നു. ക്രിസ്തു-ഇസ്‌ലാം- ‘ഹിന്ദു’ മതങ്ങളുടെ ഇന്നത്തെ അവസ്ഥ ഉദാഹരണമാക്കി ഞാന്‍ ഇത് സമര്‍ത്ഥിക്കുന്നു. മൂന്ന്: മതങ്ങളുടെ നഷ്ടസത്ത വീണ്ടെടുക്കാനും അവയെ ആഭ്യന്തര വിമര്‍ശനത്തിലൂടെ ജനവിമോചന മാര്‍ഗ്ഗമാക്കാനും എല്ലാ മതങ്ങളിലും ശ്രമങ്ങള്‍ നടന്നിട്ടുണ്ട്, അഥവാ നടക്കുന്നുണ്ട് എന്ന് സോദാഹരണം വിശദമാക്കുന്നു. നാല്: ഇന്ത്യയ്ക്ക് സര്‍വ്വമതസാഹോദര്യത്തിന്റെയും നിരന്തരസംവാദത്തിന്റെയും ഒരു പാരമ്പര്യം ഉണ്ട്, എന്നാല്‍ അത് ഇന്ന് വലിയ വെല്ലുവിളി നേരിടുന്നു. ഭൂരിപക്ഷമായി അവകാശപ്പെടുന്ന ഒരു ന്യൂനപക്ഷത്തില്‍ നിന്നുള്ള ഈ വെല്ലുവിളി ഇന്ത്യയുടെ ബഹുസ്വരപാരമ്പര്യങ്ങള്‍ക്കു മുകളില്‍ ഒരു ഏകശിലാരൂപമായ ഇന്ത്യയെ നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നു. ഇത് നമ്മുടെ ഭരണഘടനയെത്തന്നെ വെല്ലുവിളിക്കുകയും ഫാസിസത്തിലേക്ക് നാടിനെ നയിക്കുകയും ചെയ്യുന്നു. ന്യൂനപക്ഷവര്‍ഗ്ഗീയത ഇതിനു മറുപടിയല്ല. ഈ സന്ദര്‍ഭത്തില്‍ നാം നമുക്കു ചേര്‍ന്ന ഒരു മതേതരത്വസങ്കല്പം വികസിപ്പിക്കേണ്ടതുണ്ട്. അതിനുള്ള ആരംഭം ഗാന്ധിയില്‍ ഉണ്ട്.
