സാധാരണപോലെ, കേരളീയർ വേണ്ടിടത്തും വേണ്ടാത്തിടത്തും മരങ്ങൾ നട്ടുപിടിപ്പിച്ച് പരിസ്ഥിതിദിനം ആഘോഷിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ രാഷ്ട്രീയ, സാംസ്‌കാരിക ബുദ്ധിജീവികൾ അപ്പുറവും ഇപ്പുറവുമിരുന്ന് അതിരപ്പിള്ളിയെച്ചൊല്ലി സംവാദങ്ങളും സംഘടിപ്പിച്ചു. 2019 ഡിസംബർ 11-ന് മാഡ്രിഡിൽ വെച്ച് ജൈവവൈവിധ്യം എന്നതാണ് വരും വർഷത്തെ പരിസ്ഥിതിദിന സന്ദേശമെന്ന് തീരുമാനിച്ചുറച്ചത് സൗകര്യപൂർവ്വം മാറ്റിവച്ചാണ് നമ്മൾ അതിരപ്പിള്ളിയെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുന്നത്. അടുത്ത ഒരു ദശകം ആവാസവ്യവസ്ഥയുടെ പുനഃസ്ഥാപനവർഷങ്ങളായി ആചരിക്കാനും മാഡ്രിഡ് കോൺഫറൻസിൽ ധാരണയായിട്ടുണ്ട്. അതുകൊണ്ടുതന്നെ പശ്ചിമഘട്ടം സാധ്യമാക്കിയ കേരളമോഡൽ വരാൻ പോകുന്ന പരിസ്ഥിതിദിനങ്ങളിൽ ചർച്ച ചെയ്യപ്പെടും എന്നതിൽ സംശയമില്ല.
ചരിത്രാതീത കാലം തൊട്ട് മനുഷ്യന്റെ ജീവൽസമ്പാദനവും അതിനെ ആശ്രയിച്ച് രൂപപ്പെടുത്തിയ ഇടപെടലുകളും അതിരപ്പിള്ളിയും സൈലന്റ് വാലിയുമെല്ലാം ഉൾപ്പെടുന്ന പശ്ചിമഘട്ടത്തെ ഒരു ഹോട്ട്‌സ്‌പോട്ടാക്കി മാറ്റുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. ഭൂമിയിലെ എണ്ണം പറഞ്ഞ 25 ജൈവവൈവിധ്യ ഹോട്ട്‌സ്‌പോട്ടുകളിൽ ഒന്നാണ് പശ്ചിമഘട്ടം. 1988-ൽ ബ്രിട്ടീഷ് ഇക്കോളജിസ്റ്റായ നോർമൻ മെയേഴ്‌സ് ആണ് പരിസ്ഥിതി ഹോട്ട്‌സ്‌പോട്ട് എന്ന ആശയത്തിന് പ്രചാരം നൽകിയത്.പ്രാദേശിക ജൈവവൈവിധ്യസ്പീഷീസുകളുടെ സമൃദ്ധിയും, മനുഷ്യന്റെ പ്രകൃതിക്കുമേലുള്ള ഇടപെടലിന്റെ തോതുമാണ് ഹോട്ട്‌സ്‌പോട്ടുകളെ നിശ്ചയിക്കുന്നത്. ഈ ജൈവവൈവിധ്യങ്ങൾക്കുമേലുള്ള മനുഷ്യ ഇടപെടലുകൾ ഉണ്ടാക്കിയ ആഘാതങ്ങൾ കേരളത്തിലെ രാഷ്ട്രീയത്തിലും സാംസ്‌കാരിക മേഖലകളിലും ഉണ്ടാക്കിയ ചൂടേറിയ സംവാദങ്ങൾ പുതുമയുള്ള സംഭവമല്ല.
യു എൻ ആവാസവ്യവസ്ഥ പുനഃസ്ഥാപന ദശകത്തിൽ, കേരളമുൾപ്പെടുന്ന പശ്ചിമഘട്ട ആവാസവ്യവസ്ഥയുടെ പുനഃസ്ഥാപനവും സംരക്ഷണവും ഉറപ്പുവരുത്തേണ്ടത് കേരള മോഡലിന് അനിവാര്യമാണ്. പശ്ചിമഘട്ട മലനിരകളും കാടും നദീ ജന്യ സമതലങ്ങളും സാധ്യമാക്കിയ മനുഷ്യസംസ്‌കാരം ചർച്ചചെയ്യപ്പെടുമ്പോഴാണ് ആവാസവ്യവസ്ഥയ്ക്ക് മേലും ജൈവവൈവിധ്യങ്ങൾക്കുമേലും സംഭവിക്കുന്ന ഇടപെടലുകളുടെ തോത് മനസ്സിലാക്കാനാവൂ. പശ്ചിമഘട്ട രൂപീകരണം മുതലിങ്ങോട്ട് മനുഷ്യ ഇടപെടലുകൾ സാധ്യമായ ആദ്യകാല കേരളത്തിന്റെ ചരിത്രം പലപ്പോഴും സംവാദങ്ങളിൽ വേണ്ടവിധത്തിൽ പരിഗണിക്കപ്പെടാറില്ല.
