വിവർത്തനം: ജോസഫ് കെ ജോബ്
2023–ലെ യൂറോപ്യൻ എസ്സേ അവാർഡ് നൽകി എന്നെ ആദരിച്ചതിന് ചാൾസ് വെയ്‌ലോൺ ഫൗണ്ടേഷനോട് എനിക്ക് അത്യധികമായ നന്ദിയുണ്ട്. ഈ അവാർഡ് സ്വീകരിക്കുന്നതിൽ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമുണ്ടെനിക്ക്. സമാധാനത്തിനോ സംസ്കാരത്തിനോ സാംസ്കാരിക സ്വാതന്ത്ര്യത്തിനോ വേണ്ടിയുള്ളതല്ല, മറിച്ച് സാഹിത്യത്തിനുള്ള പുരസ്കാരമാണിത് എന്ന കാര്യമാണ് എനിക്കേറെ സന്തോഷം പകരുന്നത്. എഴുത്തിനുള്ള പുരസ്കാരമാണിത്. കഴിഞ്ഞ 25 വർഷമായി ഞാൻ എഴുതിക്കൊണ്ടിരിക്കുന്ന ലേഖനരൂപത്തിലുള്ള എഴുത്തുകൾക്കാണ് ഇപ്പോൾ ഈ അംഗീകാരം ലഭിച്ചിരിക്കുന്നത്.
നമ്മുടെ രാജ്യമായ ഇന്ത്യ ഭൂരിപക്ഷാധിപത്യത്തിൽനിന്ന് അടിവച്ചടിവച്ച് തികഞ്ഞ ഫാസിസത്തിലേക്കു തകർന്നുവീഴുന്നതിനെ അടയാളപ്പെടുത്തുന്നവയാണ് ഇക്കാലത്ത് ഞാനെഴുതിയ ലേഖനങ്ങളത്രയും. ഇന്ത്യയുടെ തകർച്ചയായിട്ടാണത് ഈ കാലഘട്ടത്തെ ഞാൻ കാണുന്നതെങ്കിലും ഇതേ കാലത്തെ ഇന്ത്യയുടെ ഉയർച്ചയായി കാണുന്നവരുമുണ്ട് എന്നും പറയേണ്ടതുണ്ട്. ഈ കാലങ്ങളിലെല്ലാം ഇവിടെ തിരഞ്ഞെടുപ്പുകളുണ്ടായിരുന്നു എന്നത് ശരിതന്നെ. എന്നാലതിലൂടെ ഇപ്പോൾ ഭരണത്തിലിരിക്കുന്ന ബിജെപിക്ക് അവരുടെ സവർണഹിന്ദുത്വ ആശയങ്ങളുടെ സന്ദേശം ഇന്ത്യയിലെ 140 കോടി ജനങ്ങളിലേക്ക് പകർന്നുകൊടുക്കാനും അതിലൂടെ അവർക്ക് അധികാരം പിടിച്ചെടുക്കാനും ഉപകരിക്കപ്പെട്ടുവെന്നുമാത്രം. അങ്ങനെയൊക്കെ നോക്കിയാൽ തിരഞ്ഞെടുപ്പ് കാലമെന്നാൽ ഇന്ത്യയിലെ മുസ്‌ലിം ക്രിസ്ത്യൻ വിഭാഗക്കാര്‍ക്കെതിരേ കൊലപാതകങ്ങളും ആൾക്കൂട്ട കൊലകളും കൊലവിളികളും അരങ്ങേറുന്ന അപകടകരമായ സമയമായി രൂപാന്തരപ്പെട്ടു. നമ്മുടെ രാഷ്ട്രീയനേതാക്കളെമാത്രമല്ല, ഒരു ജനവിഭാഗത്തെയാകെ ഭയക്കേണ്ട സ്ഥിതിയാണ് അതിലൂടെ സംജാതമായത്.
