യുക്തിവാദം, യുക്തിവാദി എന്നീ പദങ്ങൾക്ക് പൊതുവേ ഇന്ന് കേരളത്തിൽ 'വിപണി വില' കുറവാണ്. കേരള പൊതുമണ്ഡലത്തിലെ ദൈനംദിന സംവാദങ്ങളുടെ മുഖ്യധാരകളിൽ യുക്തിവാദികളെ അധികം കാണില്ല. ഈ കേന്ദ്രസ്ഥലങ്ങളിൽനിന്ന് അകലെ, അരികുകളിൽ എവിടെയൊക്കെയോ ആണ് ഇന്ന് അവരുടെ സ്ഥാനം. ഒരു 'മന്ത്രവാദക്കൊല' യോ, 'നരബലി'യോ ഒക്കെ നടക്കുമ്പോൾ പെട്ടെന്ന് വാർത്താചാനലുകളിലെ ചർച്ചാസംഘാടകർ ഈ അരികുബുദ്ധിജീവികളെ ഓർക്കുകയും, ഏതാനും മിനിറ്റ് വല്ലതും ഉരിയാടാൻ അവർക്ക് ഇടം കൊടുക്കുകയും ചെയ്‌തേക്കാം എന്നു മാത്രം. ''പ്രീഡിഗ്രീക്കാലം കഴിഞ്ഞാൽ മനുഷ്യന്മാർക്ക് പിന്നെയും യുക്തിവാദികളായിരിക്കാൻ കഴിയുന്നത് എങ്ങിനെ?'' എന്ന് ഒരു മാധ്യമ പ്രതിഭ അദ്ഭുതംകൂറുന്നത്‌പോലും ഈയിടെ കാണാനിടയായി!
എന്നാൽ, മുൻപത്തെ നില ഇതായിരുന്നില്ല. കഴിഞ്ഞ നൂറ്റാണ്ടിന്റെ മദ്ധ്യദശകങ്ങളിൽ, കേരള നവോത്ഥാനം എന്നു നാമിന്ന് വിളിക്കുന്ന സാമൂഹ്യ മുന്നേറ്റത്തിന്റെ പ്രതീകങ്ങൾ ആയി എണ്ണപ്പെടുന്നവർ പലരും, 'യുക്തിവാദി'/ 'സ്വതന്ത്ര ചിന്തകർ' (ഈ രണ്ടു വാക്കുകളും ഒരേ അർഥത്തിലാണ് പ്രയോഗിച്ചുവന്നിട്ടുള്ളത്) എന്നു കൂടി നിസ്സംശയം സ്വയം അടയാളപ്പെടുത്തിയവർ ആയിരുന്നു. ''ഒരു തലമുറയെ മുഴുവൻ കരുപ്പിടിപ്പിക്കുന്നതിൽ ഇത്രയേറെ സുപ്രധാനമായ പങ്കു വഹിച്ച മറ്റൊരാൾ ഈ കാലഘട്ടത്തിൽ കേരളത്തിലുണ്ടായിരുന്നിട്ടില്ല'' എന്ന് രാഷ്ട്രീയ എതിർക്യാമ്പിൽ നിന്നു പോലും അംഗീകരിക്കപ്പെട്ട സഹോദരൻ അയ്യപ്പൻ തന്നെ മകുടോദാഹരണം. മറ്റൊരാൾ വി. ടി. ഭട്ടതിരിപ്പാട്. കേശവദേവ് എന്ന സാഹിത്യകാരൻ, സി. കേശവൻ എന്ന രാഷ്ട്രീയ നേതാവ്, ഇവരൊക്കെ യുക്തിവാദം എന്നത് ഒരു മുഖ്യധാരാ പ്രതിഭാസം ആയിരുന്ന കാലത്തിന്റെ അടയാളങ്ങളായി ഓർക്കാവുന്നവരാണ്.
വാസ്തവത്തിൽ സാഹിത്യകാരനും രാഷ്ട്രീയക്കാരിക്കും ശാസ്ത്രകാരനും കലാകാരിക്കും എന്നു വേണ്ട ആർക്കും തിരഞ്ഞെടുക്കാവുന്ന ഒരു ജ്ഞാനശാസ്ത്രപരമായ നിലപാടാണ് യുക്തിവാദം എന്നത്. ''യുക്തിയെ അടിസ്ഥാനപ്പെടുത്തിയുള്ള അറിവ് മാത്രം സ്വീകരിക്കുക എന്ന ഒരു മനോഭാവം'' ആണ് യുക്തിവാദം. ''നിരീക്ഷണവും അതിനെ അടിസ്ഥാനപ്പെടുത്തിയുള്ള യുക്ത്യധിഷ്ഠിതമായ ചിന്തനവും മാത്രമാണ്'' സാധുവായ അറിവിനുള്ള മാർഗം എന്നതാണ് ഒരു യുക്തിവാദിയുടെ ജ്ഞാനശാസ്ത്രപരമായ നിലപാട്. ''നിരീക്ഷണവും ചിന്തനവും കൂടാതെ പ്രകൃത്യതീതമായ വഴിക്ക് അറിവ് ലോകത്തിൽ ചില പ്രത്യേക ഘട്ടങ്ങളിലും ആളുകൾക്കും സിദ്ധിക്കുകയോ വെളിപ്പെടുകയോ ചെയ്തിട്ടുണ്ട്'' എന്ന നിലപാട് ഒരു യുക്തിവാദി തള്ളിക്കളയുന്നു.
