യുദ്ധം പ്രാകൃതമാണ്, എത്രമേല്‍ കെട്ടുകാഴ്ച്ച ആക്കിയാലും

Society

യുദ്ധം പ്രാകൃതമാണ്, എത്രമേല്‍ കെട്ടുകാഴ്ച്ച ആക്കിയാലും


1990 ഒക്ടോബർ മാസത്തിൽ കുവൈത്തിൽ നിന്നും ഇറാഖിലെ ബസ്രയിലേക്ക് "ഇന്ത്യൻ അഭയാർഥി"കളുമായി പോകുന്ന ഒരു ബസ്സിൽ ഞാനും ഇരുന്നു, അപരിചിതരും ഭയചകിതരും നിർഭാഗ്യവാന്മാരുമായ ഒരു കൂട്ടം ആളുകളുടെയിടയിൽ. ഒറ്റയ്ക്ക്. എനിക്ക് ആകെ പരിചയം എന്റെ മടിയിലിരിക്കുന്ന, ഞാൻ കൂട്ടിപ്പിടിച്ച് ഇരിക്കുന്ന എന്റെ ചെറിയ ബാഗ് ആണ്.

സദ്ദാം ഹുസൈന്റെ പട്ടാളം കുവൈറ്റ്‌ ആക്രമിച്ച് കീഴ്പ്പെടുത്തി രണ്ട് മാസം കഴിഞ്ഞിരുന്നു, ഒരു രാജ്യത്തെ എങ്ങനെ രക്തരൂക്ഷിതമായ ദിവസങ്ങൾകൊണ്ട് തളർത്തിയിടാം എന്ന് കാണുകയായിരുന്നു, അതുവരെയും കേട്ടുകേൾവിയായ യുദ്ധം, അതിനു വേണ്ട കൂറ്റൻ ടാങ്കുകൾ, വിമാനങ്ങൾ, റോക്കറ്റുകൾ, പിന്നെ നിരത്തിൽ തോക്കുമായി അലയുന്ന പട്ടാളക്കാർ, ഒക്കെ കണ്ട ആ നാളുകളിൽ നിന്ന്, ആ ദിവസങ്ങളിൽ നേരിട്ട ദുരനുഭവങ്ങളിൽ നിന്ന്, എന്തിലേക്കാണ് അഭയം തേടേണ്ടതെന്നുപോലും എനിക്കറിയില്ലായിരുന്നു. അങ്ങനെ, ബസ്സിൽ, പുറത്തേ സന്ധ്യയിലേക്ക് നോക്കി ഞാൻ അത്രയും വർഷത്തെ എന്റെ ജീവിതത്തെ കയ്പ്പോടെ ഓർക്കുകയായിരുന്നു, ആ സമയം ഞങ്ങളുമായി പോകുന്ന ബസ്സ്‌ ഒരു പെട്രോൾ പമ്പിലേക്ക് കയറി. പെട്ടെന്ന്, അതിനെക്കാൾ വേഗത്തിൽ ഒരു വലിയ കൂട്ടം സ്ത്രീകളും കുട്ടികളും ഞങ്ങളുടെ ബസ്സ്‌ വളഞ്ഞു. അവർ ബസ്സിലെ യാത്രക്കാരുടെ ശ്രദ്ധ കിട്ടാൻ കൈകൾകൊണ്ട് ബസ്സിൽ അടിക്കുന്നുണ്ടായിരുന്നു, എന്തെങ്കിലും നൽകാൻ ഉച്ചത്തിൽ യാചിക്കുന്നുണ്ടായിരുന്നു.

ആറ് കൊല്ലത്തെ ഇറാൻ - ഇറാഖ് യുദ്ധം കഴിഞ്ഞിട്ട് ദിവസങ്ങളേ ആയുള്ളൂ, ഞാനാ ആൾക്കൂട്ടത്തിലേക്ക് നോക്കി. അത്രയും മുഷിഞ്ഞ, അത്രയും നിരാശ്രയരായ, അത്രയും ദുഖിതരായ, ഭൂമിയിലെ ജീവിതത്തെ അതീവ ഭാരമായി കാണുന്ന സ്ത്രീകളെ, കുട്ടികളെ, ഞാൻ അതിനു മുമ്പോ പിമ്പോ കണ്ടിട്ടില്ല.. എന്റെ കണ്ണുകൾ എനിക്കറിയാത്ത ഏതോ ആവികൊണ്ട് പൊള്ളുന്നപോലെ തോന്നി..


Related Articles