രാഷ്ട്രീയ  ഇടവേളകളിലെ ലോഹ്യ

Society

രാഷ്ട്രീയ ഇടവേളകളിലെ ലോഹ്യ


ഡോ.റാം മനോഹർ ലോഹ്യ ക്ഷുഭിത ഇന്ത്യയുടെ പ്രതീകമായിട്ടാണ് ഏറെയും പ്രതീകവത്കരിക്കപ്പെട്ടത്. പ്രസിദ്ധ കാർട്ടൂണിസ്റ്റ് ആർ. കെ. ലക്ഷ്മണിന്റെ കാർട്ടൂണുകളിൽ തെറിച്ച തലമുടിയോടുകൂടി ലോഹ്യ പ്രത്യക്ഷപ്പെട്ടിരുന്നതിന്റെ കാരണവും അതായിരിക്കും. അന്നത്തെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തെ ലക്ഷ്മൺ ചിത്രീകരിച്ചതും ജഡാവസ്ഥയിലുള്ളതും എന്നാൽ സ്പന്ദിക്കുന്നതുമായ തലച്ചോറുള്ള ശരീരത്തിന്റെ കാരിക്കേച്ചറായാണ്. തീർച്ചയായും സോഷ്യലിസ്റ്റ്ചി ന്തകനെന്നതിനോടൊപ്പം അദ്ദേഹം സാഹസികനായ ഒരു നിതാന്ത പോരാളിയുമായിരുന്നു. ഒളിവിലിരുന്ന് 1942-ലെ വിപ്ലവം നയിച്ചതിന് ബ്രിട്ടീഷുകാർ വിലയിട്ടിരുന്നയാളായിരുന്നു അദ്ദേഹം. ബ്രിട്ടീഷ് റേഡിയോയുടെ സംപ്രേഷണം തടസ്സപ്പെടുത്തി അതേ മീറ്ററിൽ, ഓടുന്ന ബൈക്കിൽ വെച്ചും ഒളിത്താവളങ്ങളിൽവെച്ചും പ്രവർത്തിപ്പിച്ച കോൺഗ്രസ്സ് റേഡിയോയിലൂടെ ബ്രിട്ടനെ വിറപ്പിച്ച പ്രസംഗങ്ങൾ നടത്തിയ അദ്ദേഹത്തെ പിടികിട്ടിയപ്പോൾ ലാഹോർ കോട്ടയിലെ ഇരുട്ടുമുറിയിൽ കൈ കാലുകൾ ബന്ധിച്ച് ഏകാന്ത തടവിൽ ഇടാൻമാത്രം അപകടകാരിയായിരുന്നു ബ്രിട്ടീഷുകാർക്ക് ലോഹ്യ.

ഇന്ത്യൻ സോഷ്യലിസത്തിന് അദ്ദേഹം നൽകിയ ഭാവനകൾ മുൻ ഉദാഹരണങ്ങളില്ലാത്തതായിരുന്നു. ജാതിവ്യവസ്ഥയെ ഇന്ത്യൻ സാമൂഹികനിർമ്മിതിയുടെ വിശകലനത്തിന് ഉപകരണമാക്കുകയും ജാതിനിർമ്മൂലനത്തിന്റെ വർണസമര സങ്കേതങ്ങളിൽ ഇന്ത്യൻ സോഷ്യലിസ്റ്റ് ആശയധാരയെ പ്രതിഷ്ഠിക്കുകയും ചെയ്തത് ലോഹ്യയായിരുന്നു. പുറംതള്ളപ്പെട്ട ജനവിഭാഗങ്ങളുടെ അധികാര പങ്കാളിത്തത്തിന്റെയും പ്രാതിനിധ്യത്തിന്റെയും പ്രശ്‌നത്തെ ജനാധിപത്യത്തിന്റെയും ഇന്ത്യൻ നവോത്ഥാനത്തിന്റെ ആണിക്കല്ലായും സോഷ്യലിസ്റ്റ് കാര്യപരിപാടിയുടെ ജീവനായും അദ്ദേഹം മാറ്റി. അതിന്അ നുരോധമായി ഗ്രാമീണ ജനസമൂഹത്തിന്റെ വിഭവാധികാരത്തിന്റെയും ചെറുകിട യന്ത്രസങ്കേതത്തിന്റെയും തലത്തിൽ നിന്നുകൊണ്ട് പുതിയ ഭാവനകൾ നൽകിയ ചിന്തകനുമായും അറിയപ്പെട്ടിരുന്ന ലോഹ്യ തന്റെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഇടവേളകളിൽ ഇന്ത്യയുടെ ഇതിഹാസങ്ങളിലേക്കും ശില്പങ്ങളിലേക്കും നദികളിലേക്കും സഞ്ചരിച്ചിരുന്നു. ലോഹ്യയെ രാഷ്ട്രീയചിന്തകനും നേതാവുമായി കണ്ടിരുന്ന പലർക്കും അദ്ദേഹത്തിന്റെ ഈ യാത്ര അജ്ഞാതമായിരുന്നു. എന്നാൽ കാല്പനികമായ അന്വേഷണങ്ങൾക്കപ്പുറം ഈ യാത്രകളിൽ നിറഞ്ഞുനിന്നതും ബഹുതലമാനങ്ങളുള്ള രാഷ്ട്രീയ ചിന്തകൾതന്നെയായിരുന്നുവെന്ന് കാണാം. എഴുത്തിന്റെയും സർഗാത്മകതയുടെയും വിവിധ തലങ്ങളിൽ ഉള്ളവരെ ലോഹ്യ ഏറെ പ്രചോദിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ പുരാണങ്ങളെ ആസ്പദമാക്കി ചിത്രരചന എം.എഫ്. ഹുസൈൻ നടത്തുന്നത് ലോഹ്യയുടെ സൗഹൃദത്തിന്റെ ഫലമായിട്ടായിരുന്നു. കന്നഡ സാഹിത്യത്തിലെ നവ്യപ്രസ്ഥാനത്തിന് ലോഹ്യയുടെ സൈദ്ധാന്തിക സ്വാധീനമുണ്ടായിരുന്നു. അത് കന്നഡ സാഹിത്യത്തെ ഇന്ത്യൻ പൊതു സാഹിത്യത്തിന്റെ പാതയിൽനിന്ന് വഴിമാറി നടക്കാൻ പ്രാപ്തമാക്കി. അത് ഗാന്ധിജിയെയും അംബേദ്കറെയും ഒരു പോലെ ഗുണപരമായി സ്വാംശീകരിക്കുകയുണ്ടായി. ഇന്ത്യൻ സാഹിത്യശാഖയുടെ നെറുകയിൽ കന്നഡ സാഹിത്യം വിളങ്ങിനിന്നതിലും യു.ആർ.അനന്തമൂർത്തി മുതൽ ദേവന്നൂര് മഹാദേവവരെയുള്ള ലോഹ്യാ ധാരയിൽനിന്നുള്ളവരുടെ സംഭാവനകൾ വിസ്മരിക്കാവുന്നതല്ല.

ഇന്ത്യയുടെ ഇതിഹാസങ്ങൾ, ശില്പങ്ങൾ, ജനതയുടെ പുരാവൃത്തങ്ങൾ എന്നിവയിലൂടെ ആഴത്തിൽ കടന്നുപോയ ലോഹ്യ ഇന്ത്യൻ മനസ്സിന്റെ ദൗർബ്ബല്യത്തിന്റെയും ശക്തിയുടെയും അതുപോലെ അഭിവൃദ്ധിയുടെയും മുരടിപ്പിന്റെയും കാലങ്ങളെ വലിയ ഭാവവ്യത്യാസമില്ലാതെ ഇന്ത്യൻ മനസ്സ് പുൽകിയതെന്തുകൊണ്ടെന്ന രാഷ്ട്രീയചോദ്യം ഉന്നയിക്കുന്നുണ്ട്. അതിന് അദ്ദേഹം കണ്ടെത്തിയ ഉത്തരങ്ങൾ അദ്ദേഹത്തിന്റെ രാഷ്ട്രീയചിന്തയുടെ ഭാഗമായി സന്നിവേശിക്കപ്പെടുകയും ചെയ്തിരുന്നു. അതിനുള്ളിലേക്കു കടക്കുവാനല്ല ഇവിടെ ശ്രമിക്കുന്നത്, രാഷ്ട്രീയ ലോഹ്യയിൽ അന്തർലീനമായിട്ടുള്ള കാല്പനികനും ഭാവഗായകനുമായിട്ടുള്ള ലോഹ്യയെ അന്വേഷിക്കുകയാണ്.


Related Articles