ഇതെഴുതുമ്പോഴും പാർലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും കാലാവധി കഴിയാറായ പാർലമെന്റിലേക്ക് ബി.ജെ.പി. വളരെ നേരത്തേ പ്രധാനമന്ത്രിയെ തെരഞ്ഞെടുത്തു കഴിഞ്ഞു. സാധാരണഗതിയിൽ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടുന്ന കക്ഷിയുടെ അംഗങ്ങളാണ് പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുക. അതാണ് ഇന്ത്യയിൽ നിലവിലുള്ള പാർലമെന്ററി രീതി. അമേരിക്കയിലേതുപോലെ പ്രസിഡൻഷ്യൽ സമ്പ്രദായമല്ല നമ്മുടേത്. പ്രസിഡൻഷ്യൽ വ്യവസ്ഥയിൽ പ്രസിഡന്റ് സ്ഥാനാർത്ഥികൾ തമ്മിലാണ് മത്സരിക്കുക. എന്നാൽ പ്രധാനമന്ത്രിസ്ഥാനത്തേക്കു തെരഞ്ഞെടുപ്പ് നടക്കുന്നതിനുമുമ്പു മത്സരിക്കുന്ന സ്ഥാനാർത്ഥികളുണ്ടാകാറില്ല. എന്നിട്ടും മോഡിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചുകൊണ്ട് വളരെ നേരത്തേതന്നെ ബി.ജെ.പി. പ്രചാരണരംഗത്തിറങ്ങിയിരിക്കയാണ്. ഇന്ത്യയിലെ നിലവിലുള്ള ഭരണവ്യവസ്ഥ പാർലമെന്ററി സ്വഭാവത്തിൽനിന്ന് പ്രസിഡൻഷ്യൽ രീതിയിലേക്കു മാറണമെന്ന് അഭിപ്രായപ്പെട്ട പാർട്ടിയാണ് ബി.ജെ.പി. ആ പശ്ചാത്തലത്തിൽ ബി.ജെ.പി.യുടെ നടപടിയുടെ പിന്നിലെ ചേതോവികാരം മനസ്സിലാകാവുന്നതാണ്. എന്തുകൊണ്ടാണ് പാർലമെന്ററിരീതിയേക്കാൾ പ്രസിഡൻഷ്യൽ രീതി ബി.ജെ.പി.ക്കു പ്രിയങ്കരമാകുന്നത്? പ്രസിഡൻഷ്യൽ സമ്പ്രദായമാണെങ്കിൽ അധികാരം വ്യക്തിയിൽ കേന്ദ്രീകരിക്കുന്നതിൽ കൂടുതൽ സൗകര്യങ്ങളുണ്ട്. എന്നാൽ ബി.ജെ.പി. സങ്കല്പത്തിലുള്ള പ്രസിഡൻഷ്യൽ സിസ്റ്റം അമേരിക്കയിലോ ലോകത്ത് മറ്റെവിടെയെങ്കിലുമോ നിലവിലുള്ള വ്യവസ്ഥയാണെന്ന തെറ്റിദ്ധാരണ വേണ്ട. അമേരിക്കയിലേതുപോലെ ദ്വികക്ഷി രാഷ്ട്രീയ വ്യവസ്ഥപോലും ബി.ജെ.പിക്ക് അഭികാമ്യമായിക്കൊള്ളണമെന്നില്ല. ഏകകക്ഷി മേധാവിത്വം എന്നത് ബി.ജെ.പി. പ്രതിനിധാനംചെയ്യുന്ന രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ സ്വാഭാവിക താൽപര്യമാണ്. ഇപ്പോഴത്തെ രാഷ്ട്രീയ കൂട്ടുകെട്ടുകളും ജനാധിപത്യാഭിമുഖ്യങ്ങളുമൊക്കെ അതിന്റെ ജനിതക സവിശേഷതയായ ഫാഷിസത്തിലേക്കുള്ള വഴികൾമാത്രമാണ്.
തങ്ങളുടെ പ്രത്യയശാസ്ത്രസാക്ഷാത്കാരം സാധ്യമാവുമെന്നു കാണുകയാണെങ്കിൽ ഏതു വ്യവസ്ഥയുമായും രാജിയാവാൻ ബി.ജെ.പി.യുടെ മാതൃപേടകമായ രാഷ്ട്രീയ സ്വയം സേവക സംഘം സന്നദ്ധമാകുമെന്നതിന് അതിന്റെ ചരിത്രംതന്നെ സാക്ഷ്യമാണ്. ജനാധിപത്യത്തേക്കാൾ അതിൽ ഉപയുക്തമാവുക ഏകാധിപത്യമാണെന്നു കണ്ടതിനാലാണ് അടിയന്തരാവസ്ഥക്കാലത്ത്, നിരോധം നീക്കുകയാണെങ്കിൽ സഹകരിക്കാമെന്ന് ജയിലിൽനിന്ന് ഇന്ദിരാഗാന്ധിക്ക് സർസംഘ്ചാലക് ബാലാസാഹെബ് ദേവറസ് കത്തെഴുതിയത്. അടിയന്തരാവസ്ഥയിൽ സഞ്ജയ്ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന തുർക്ക്മാൻ ഗേറ്റ് സംഭവവും ജുമാ മസ്ജിദ് പ്രദേശത്തെ ബുൾഡോസർ ചേരി നിർമ്മാർജനവും നിർബന്ധ വന്ധ്യംകരണവുമൊക്കെയായിരിക്കണം ദേവറസിനെ ആവേശംകൊള്ളിച്ചത്. ഇതിന്റെയൊക്കെ ഇരകൾ മുസ്‌ലിങ്ങളായിരുന്നുവല്ലോ. സഞ്ജയ്ഗാന്ധിയുടെ പരിപാടികൾ വിജയിപ്പിക്കാൻ തങ്ങൾക്കാണു കൂടുതൽ സാധിക്കുക എന്നതായിരുന്നു പ്രസ്തുത കത്തിലെ വ്യംഗ്യം. പക്ഷേ, സർസംഘ് ചാലകിന്റെ ആഗ്രഹം സഫലമായില്ല. അടിയന്തരാവസ്ഥ പിൻവലിക്കപ്പെട്ട് ജനതാസർക്കാർ നിലവിൽ വന്നശേഷം ജയിൽമോചിതനായ ദേവറസ് നടത്തിയ വാർത്താസമ്മേളനത്തിൽ സഞ്ജയ്ഗാന്ധിയെ ആർ.എസ്.എസ്സിൽ എടുക്കുമോ എന്നു പത്രലേഖകന്മാർ ചോദിച്ചപ്പോൾ അദ്ദേഹം പ്രതികരിച്ചത് 'ഹി ഈസ് മോസ്റ്റ് വെൽക്കം' എന്നായിരുന്നു. പത്രലേഖകർ അന്നതു തമാശയായിട്ടാണ് എടുത്തതെങ്കിലും പില്ക്കാലത്ത് സഞ്ജയ്ഗാന്ധിയുടെ പുത്രൻ വരുൺഗാന്ധിയിലൂടെ ദേവറസിന്റെ ആഗ്രഹം സഫലമായിത്തീരുന്നതാണു ലോകം കണ്ടത്.
