വർഷങ്ങൾക്കു മുൻപ് 'കോട്ടയത്ത് പടച്ചോൻ ' എന്നൊരു കഥ ഞാൻ എഴുതിയിരുന്നു. രണ്ട് പെൺകുട്ടികൾ കോട്ടയത്തു വെച്ച് പടച്ചോനെ കാണുന്നതും സംസാരിക്കുന്നതും അതിലൊരു പെൺകുട്ടിയുടെ വാങ്ക് വിളിക്കണമെന്ന ആഗ്രഹം പടച്ചോനോട് പറയുന്നതുമെല്ലാമായിരുന്നു ആ കഥയ്ക്കുള്ളിൽ ഉണ്ടായിരുന്നത്. എന്നാൽ, കഥയിൽ ചില കാര്യങ്ങൾ ഉച്ചത്തിൽ പറയുന്നതായി തോന്നിയതുകൊണ്ട് കോട്ടയത്ത് പടച്ചോനെ ഞാൻ ഉപേക്ഷിച്ചു. കുറച്ചു നാൾ മുൻപ്, അടുത്ത ഒരു സുഹൃത്താണ് ചോദിച്ചത്, വാങ്ക് വിളിക്കുന്ന പെൺകുട്ടിയുടെ കഥ നിനക്ക് ഒന്നുകൂടി എഴുതിക്കൂടെ എന്ന്. വർഷങ്ങൾക്കിപ്പുറത്തുനിന്ന് ആ കഥയെ തൊട്ടപ്പോൾ പടച്ചോൻ കഥയിൽ നിന്നിറങ്ങിപ്പോയി. കൂടുതൽ കൂട്ടുകാരികൾ വന്നു. ഓരോ വാക്കിലും വരിയിലും അടക്കം ശ്രദ്ധിച്ചു. എഴുതിത്തീർന്നിട്ട് പലവട്ടം തിരുത്തി. വിവാദങ്ങൾ കാത്തിരിക്കുന്ന ഒരു ആൾക്കൂട്ടത്തിൽ, യുക്തിരഹിതമായി കലയെ വിലയിരുത്തുന്ന ഒരു ആൾക്കൂട്ടത്തിൽ 'വാങ്ക് ' എന്ന കഥ തെറ്റായി വ്യാഖ്യാനിക്കപ്പെടുമോ എന്ന സംശയം ഉണ്ടായിരുന്നു. 'വാങ്ക്' പ്രസിദ്ധീകരിച്ചുവന്ന വെള്ളിയാഴ്ച മലപ്പുറത്ത് ജാമിദ ടീച്ചർ ജുമായ്ക്ക് നേതൃത്വം കൊടുത്തു. അത്തരമൊരു യാദൃച്ഛികത ഒരു എഴുത്തുകാരൻ എന്ന നിലയിൽ എന്നെ അത്ഭുതപ്പെടുത്തി. കഥ ആരൊക്കെയോ എവിടെയൊക്കെയോ ഇരുന്ന് വായിച്ചു. ഡി സി ബുക്‌സ് 'വാങ്ക്' എന്ന പേരിൽ കഥാസമാഹാരം പുറത്തിറക്കി. സി.എസ്. വെങ്കിടേശ്വരൻ ഓപ്പൺ മാഗസിനു വേണ്ടി കഥ ഇംഗ്ലിഷിലേക്ക് പരിഭാഷപ്പെടുത്തി. എന്റെ സംശയങ്ങളെ ദൂരെ നിർത്തിക്കൊണ്ട് ആ കഥ നല്ല വായനക്കാർക്കിടയിൽ സ്വീകരിക്കപ്പെട്ടപ്പോൾ ഞാൻ ദൈവത്തോട് നന്ദി പറഞ്ഞു.
ഇന്ന്, എന്നെ വ്യക്തിപരമായി സങ്കടപ്പെടുത്തുന്ന, മാനസിക സംഘർഷത്തിലേക്ക് എടുത്തെറിയുന്ന ചില കാര്യങ്ങൾ ചുറ്റിലും നടക്കുന്നു. അല്പകാലത്തെ വിവാദങ്ങൾ കൊണ്ട് സ്വന്തം പേര് നാലുപേർക്കിടയിൽ ചുറ്റി നടക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് എന്റെ വിഷമം മനസ്സിലാവാൻ ഇടയില്ല. ഞാൻ എത്ര കരുതലോടെ എന്റെ കഥ എഴുതിയോ അതിനെ തീർത്തും ഇല്ലാതാക്കുന്ന തരത്തിൽ 'കിത്താബ്' എന്നൊരു നാടകം എന്റെയും എന്റെ കഥയുടെയും പേരിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. എന്റെ കഥയിലെ റസിയ ഒരു സാധാരണ പെൺകുട്ടിയാണ്. സംഗീതം നിറഞ്ഞ വാങ്ക് കുട്ടിക്കാലം മുതൽക്കേ ഉള്ളിൽ സൂക്ഷിക്കുന്ന പെൺകുട്ടി. അവളുടെ ഏറ്റവും വലിയ ആഗ്രഹമാണ് വാങ്ക് വിളിക്കുക എന്നത്. ഈ ആഗ്രഹവും ആത്മീയതയുടെ വിശുദ്ധമായ ലോകവും ഒന്നിച്ചു ചേർന്നാണ് കഥ അവസാനിക്കുന്നത്. വള്ളത്തോളിന്റെ അല്ലാഹ് എന്ന കവിതയിലെ നാലു വരിയിൽ തുടങ്ങി പെൺ ആത്മീയതയുടെ മറ്റൊരു തുറസ്സിലേക്ക് സഞ്ചരിക്കുന്ന എന്റെ കഥയെ അല്പം പോലും മനസ്സിലാക്കാതെ മുദ്രാവാക്യസ്വഭാവമുള്ള ഒരു നാടകമാക്കി മാറ്റുമ്പോൾ ഞാനും എന്റെ കഥയും ആൾക്കൂട്ടത്തിനു മുന്നിൽ പരാജയപ്പെടുകയാണ്.
