'ഗോമാംസ സംയുതം
കുര്യാത് സുരയാ മിശ്രിതസ്യ
ച ക്രോഷ്ടൗകസ്യ തഥൈവേഹ
ഛാഗസ്യ പിശിതസ്യ ച
പൂർവോക്താനാം പശൂനാം
വാ മാംസൈർ ഹോമാനി
കാരയേത്'
(ബ്രഹ്‌മയാമളതന്ത്രം, 45: 208-209)
താന്ത്രികാനുഷ്ഠാനങ്ങളുടെ അവിഭാജ്യഘടകമായിരുന്നു മത്സ്യം, മാംസം, മദ്യം എന്നിവ താന്ത്രികദേവതയ്ക്കു നിവേദിക്കുക എന്നുള്ളത്. ദേവതയ്ക്കു നിവേദിക്കുക മാത്രമല്ല, താന്ത്രികർ മത്സ്യമാംസാദികൾ ഭക്ഷിക്കുകയും മദ്യസേവ നടത്തുകയും ചെയ്തുപോന്നിരുന്നു. മാംസം അശുദ്ധമായ ഒന്നായി താന്ത്രികർ കണ്ടിരുന്നില്ല. എന്നുമാത്രമല്ല താന്ത്രിക കർമ്മങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത പൂജാദ്രവ്യവുമായിരുന്നു മാംസം. കാലക്രമത്തിൽ ബ്രാഹ്‌മണർ താന്ത്രികാചാരങ്ങൾ സ്വാംശീകരിക്കാൻ ആരംഭിച്ചതോടെ മദ്യവും മാംസവും അശുദ്ധ വസ്തുക്കളാവുകയും ഇവ ഉപയോഗിച്ചുള്ള ആരാധനാസമ്പ്രദായങ്ങൾക്കു മാറ്റം വരികയും ചെയ്തു. വൈദിക -ധർമ്മ ശാസ്ത്ര സമ്പ്രദായങ്ങളുടെ സംവാഹകരായ ബ്രാഹ്‌മണർ മത്സ്യം, മാംസം, മദ്യം എന്നിവ അശുദ്ധവസ്തുക്കളാണെന്നു പിൽക്കാലത്ത് പ്രഖ്യാപിച്ചു. എന്നാൽ മാംസവും മത്സ്യവും മദ്യവും ഉപയോഗിച്ചിരുന്നവർതന്നെയായിരുന്നു ബ്രാഹ്‌മണർ.
സവിശേഷമായ ചരിത്രഘട്ടത്തോടുള്ള പ്രതികരണമെന്നവണ്ണം മത്സ്യവും മാംസവും ഉപേക്ഷിച്ച് ബ്രാഹ്‌മണർ 'ശുദ്ധവെജിറ്റേറിയന്മാരായി' മാറുന്നതു പിന്നീടാണ്. വേദങ്ങളിലും ധർമ്മസൂത്രങ്ങളിലും ഇതിഹാസങ്ങളിലും പുരാണങ്ങളിലും മാംസം ഭുജിക്കുന്ന ബ്രാഹ്‌മണരുടെ നിരവധി ചിത്രങ്ങൾ കാണാം. യാഗാഗ്നിയിൽ മാംസം ഹോമിക്കുകയും അതു ഭക്ഷിക്കുകയും ചെയ്യുന്നത് യാജ്ഞികബ്രാഹ്‌മണരുടെ നിത്യജീവിതത്തിന്റെ ഭാഗമായിരുന്നു. നിരവധി തെളിവുകൾ ഉദ്ധരിച്ചുകൊണ്ട് ബ്രാഹ്‌മണരുടെ മാംസഭോജനത്തിന്റെ ചരിത്രം വിവരിക്കുന്ന ഡോ. ബി. ആർ. അംബേദ്കറുടെയും ഡി.എൻ. ഝായുടെയും പഠനങ്ങൾ ശ്രദ്ധേയമാണ്. മാംസഭോജികളായ ബ്രാഹ്‌മണർ മാംസം ഉപേക്ഷിച്ചതിന്റെ സാമൂഹികശാസ്ത്രപരവും ചരിത്രപരവുമായ അഭിസന്ധികളെ വെളിവാക്കുന്നു എന്നതാണ് ഡോ. ബി. ആർ അംബേദ്കറുടെ പഠനത്തെ വ്യത്യസ്തമാക്കുന്നത്.
