വായനയുടെ തീവണ്ടികൾ

Society

വായനയുടെ തീവണ്ടികൾ


ന്ത്യ എന്ന രാഷ്ട്രവും അതിന്റെ വൈവിധ്യവും മഹനീയമായ ഒരു ആശയവും യാഥാർത്ഥ്യമാണെന്നതുപോലെ, ഇന്ത്യൻ റെയിൽവെ ഒരു വിസ്മയവുമാണ്. ഇന്ത്യ എന്തെന്ന് ആധികാരികമായി മനസ്സിലാക്കാൻ മൂന്നാംക്ലാസ് ബോഗികളിൽ കയറി നീണ്ട തീവണ്ടിയാത്രയാണ് മഹാത്മാ ഗാന്ധിതന്നെ തെരഞ്ഞെടുത്തത്. 'തേർഡ്ക്ലാസ് ഇൻ ഇന്ത്യൻ റെയിൽവെസ്' എന്ന ഗാന്ധിയുടെ ലേഖനം (റാഞ്ചി, സെപ്തംബർ 25, 1917) പ്രസിദ്ധമാണ്. ഇന്ത്യയെ കീഴടക്കുന്നതിനു വേണ്ടി ബ്രിട്ടീഷ് സാമ്രാജ്യത്വം ഉപയോഗിച്ച തീവണ്ടി എന്ന ഉപകരണത്തെത്തന്നെയാണ് ഗാന്ധി, ഇന്ത്യയെ കണ്ടെത്തുന്നതിനും ഉപയോഗിച്ചത് എന്നതാണ് വാസ്തവം. ഏതായാലും, അതിവിശാലമായ ഇന്ത്യാരാജ്യത്തെ ഏകോപിപ്പിക്കുന്നതിൽ റെയിൽവെയ്ക്ക് കൃത്യമായ പങ്കുണ്ട് എന്നത് നിഷേധിക്കാനാവില്ല. ചരക്കു നീക്കങ്ങളെന്നതു പോലെ, സൗകര്യപ്രദവും സുരക്ഷിതവുമായ ദീർഘ/ഹ്രസ്വ യാത്രകൾക്കും റെയിൽവെ പോലെ ജനപ്രിയമായ മറ്റൊരുപാധിയില്ല. ഉദാരവത്ക്കരണം ആരംഭിച്ചതോടെ, റെയിൽവേയുടെ മുറിച്ചു വില്പനയും വൻതോതിലായി. പ്ലാറ്റ്‌ഫോമുകളിലെ ഭക്ഷണവില്പനശാലകളും റിഫ്രഷ്‌മെന്റ് റൂമുകൾ എന്നറിയപ്പെടുന്ന റെസ്റ്റോറണ്ടുകളും പല നവീകരണങ്ങൾക്കും വിധേയമാക്കിക്കൊണ്ട് സാധാരണക്കാരെ അകറ്റുന്ന പ്രവണതകളും കുറച്ചു കാലമായി നടന്നു വരുന്നു. ഇതൊക്കെയാണെങ്കിലും, പ്ലാറ്റ്‌ഫോമുകളിലെ പുസ്തകാനുകാലികങ്ങൾ വില്ക്കുന്ന സ്റ്റാളുകളുടെ ആകർഷണം അടുത്ത കാലം വരെയും നിലനിന്നിരുന്നു. ഇപ്പോൾ, രാജ്യമൊട്ടാകെ അത്തരം ബുക്ക് സ്റ്റാളുകൾ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് എന്നെന്നേയ്ക്കുമായി അപ്രത്യക്ഷമായിരിക്കുകയാണ്. എത്ര വില്പന നടന്നാലും ഒത്തു പോകാത്തത്രയും ഭീമമാണ് പുതുക്കിയ താരിഫുകൾ, എന്നാണ് ബുക്ക്സ്റ്റാളുകൾ നടത്തിയിരുന്നവരും അതിൽ ദീർഘകാലം ജോലിയ്ക്ക് നിന്നവരുമെല്ലാം ഏകസ്വരത്തിൽ പറയുന്നത്.

ഉത്തരേന്ത്യയിൽ എ എച്ച് വീലർ എന്ന കമ്പനിയും ദക്ഷിണേന്ത്യയിൽ ഹിഗ്ഗിൻബോത്തംസും ആണ് കൂടുതലും റെയിൽവേ ബുക്ക്‌സ്്റ്റാളുകൾ നടത്തിയിരുന്നത്. കേരളത്തിൽ മാതൃഭൂമിയും ഏതാനും സ്റ്റാളുകൾ നടത്തിയിരുന്നു. ഇതെല്ലാം ഇനി ഓർമ്മകൾ മാത്രം. ദക്ഷിണേന്ത്യയിൽ ഹിഗ്ഗിൻബോത്തംസിനായിരുന്നു റെയിൽവേ ബുക്ക്‌സ്റ്റാളുകളുടെ കുത്തക. അവർക്ക് നൂറ്റമ്പതോളം റെയിൽവെ സ്റ്റാളുകളുണ്ടായിരുന്നു. മദ്രാസ് മൗണ്ട്‌റോഡിൽ(അണ്ണാശാലൈ) ആരംഭിച്ച ഹിഗ്ഗിൻബോത്തംസ് പിന്നീട് ബാംഗളൂരും കട തുടങ്ങി. ടിക്കറ്റെടുക്കാൻ പണമില്ലാത്തതിനാൽ ക്യാപ്റ്റനും മറ്റുമറിയാതെ ലണ്ടനിൽ നിന്ന് മദ്രാസിലേയ്ക്കുള്ള കപ്പലിൽ കടന്നു കൂടിയ ആബേൽ ജോഷ്വ ഹിഗ്ഗിൻബോത്തം എന്ന ബ്രിട്ടീഷുകാരൻ മദ്രാസ് തുറമുഖത്ത് ഇറക്കിവിടപ്പെട്ടു. 1840 കളിൽ പ്രൊട്ടസ്റ്റൻ മെഷനറിമാർ നടത്തി വന്നിരുന്ന വെസ്ലിയൻ ബുക്ക്‌ഷോപ്പിൽ ലൈബ്രേറിയൻ ആയി അദ്ദേഹം ജോലിക്ക് ചേർന്നു. ഈ ഷോപ്പ് വൻ നഷ്ടത്തിൽ കലാശിച്ചതിനെ തുടർന്ന് അദ്ദേഹമത് ചുളുവിലയ്ക്ക് വാങ്ങുകയും ഹിഗ്ഗിൻബോത്തംസ് എന്ന പേരിൽ പുനർനാമകരണം ചെയ്ത് തുറക്കുകയും ചെയ്തു. 1844-ലായിരുന്നു അത്. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ബുക്ക് സ്റ്റോറാണ് ഇത്.


Related Articles