വെറുപ്പിനെ വരവേൽക്കുന്നവർ

Society

വെറുപ്പിനെ വരവേൽക്കുന്നവർ


കേരളത്തിന്റെ സാമൂഹ്യ ആരോഗ്യത്തെ തികഞ്ഞ രോഗഗ്രസ്തമാക്കുന്ന രീതിയിൽ സോഷ്യൽ മീഡിയ കാലഘട്ടം മാറിക്കഴിഞ്ഞു. അപരവിദ്വേഷത്തിന്റെ വിളനിലമായി ഇവിടം മാറി. ജ്ഞാനോദയവും നവോത്ഥാനവും ആധുനികതയും നടക്കുന്ന സന്ദർഭത്തിൽതന്നെ യൂറോപ്പ് സാഹിത്യത്തിലൂടെയും വാമൊഴിയായും ജൂതരെ അപരവൽക്കരിച്ച് ക്രമേണ കായികമായി ഇല്ലാതാക്കിക്കൊണ്ടിരുന്നത് ഓർമ്മ വരുന്നു. വിശ്വസാഹിത്യകാരനായ ഷേക്‌സ്പിയറും, വോൾട്ടയറും ഇതിൽ പങ്കാളിത്തം വഹിച്ചിട്ടുള്ളതിന് ചരിത്രം സാക്ഷിയാണ്. അതേ യൂറോപ്പിലാണ് ആഗോള മനുഷ്യാവകാശ പ്രഖ്യാപനങ്ങൾ ഉണ്ടായത്. നിരവധി വൈരുധ്യങ്ങളും വിരോധാഭാസങ്ങളും അവിടെ ദർശിക്കാവുന്നതാണ്.

ന്യുനപക്ഷ വിഭാഗത്തോടുള്ള കടുത്ത മുൻധാരണകളും വെറുപ്പും ചരിത്രത്തിൽ രക്തപങ്കിലമായ ഏടുകൾ തീർത്ത അതീവ ഗൗരവതരമായ ഒരു സാമൂഹ്യ ചരിത്ര സാഹചര്യത്തെ ഐലൻ പപ്പേ എന്ന ജ്യൂയിഷ് പണ്ഡിതൻ Contemporary Middle East: Israel (2018) എന്ന ഗ്രന്ഥത്തിൽ മുന്നോട്ട് വയ്ക്കുന്നുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിലാണ് ചാൾസ് ഡാർവിൻ പരിണാമ സിദ്ധാന്തം പ്രസിദ്ധപ്പെടുത്തിയത്. പരിണാമസിദ്ധാന്തം വന്ന് അധികം താമസിയാതെ സെമിറ്റിക് വിരുദ്ധത റഷ്യയിൽ ഈ സിദ്ധാന്തത്തിന്റെ പേരിൽ അരങ്ങേറിയിട്ടുണ്ട്. അഥവാ അതിജീവന ശേഷിയുള്ളത് അതിജീവിക്കുന്നു (survival of the fittest) എന്ന ആശയത്തെ റഷ്യയിലെ സാറിസ്റ്റ് ഭരണകൂടം പിന്തുണയ്ക്കുകയുണ്ടായി. അഥവാ ജൂതർ യൂറോപ്പിന് കൊള്ളാത്തവരാണ് എന്ന് ഭരണകൂടങ്ങൾതന്നെ പ്രഖ്യാപിക്കുകയുണ്ടായി. ഇത് കൂടുതൽ സജീവമായിരുന്നത് ജർമ്മനി, ഇറ്റലി, ഫ്രാൻസ് എന്നീ രാജ്യങ്ങളിൽ ആയിരുന്നു. മറ്റൊരു പ്രധാനപ്പെട്ട വസ്തുത, ആഗോള സോഷ്യലിസ്റ്റ്-കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളിൽ പങ്കാളിയാക്കി സെമിറ്റിക് വിരുദ്ധത ഇല്ലാതാക്കുവാനുള്ള ഉള്ള അവസരങ്ങൾ പോലും ജൂതർക്ക് നിഷേധിക്കപ്പെട്ടിരുന്നു. അഥവാ ജൂതരെ ഒരുവിധത്തിലും രക്ഷപെടുവാൻ അനുവദിക്കില്ലാ എന്ന് തീരുമാനിച്ച് ഉറപ്പിച്ച പോലെയായിരുന്നു പത്തൊമ്പതാം നൂറ്റാണ്ടിൽ തന്നെ യൂറോപ്യൻ വംശീയതയുടെ ശത്രുത.

ഇന്ത്യയിൽ പൊതുവെ വിഭജനനന്തരം മുസ്ലിംകൾക്കെതിരെ ഇതേ ശത്രുത മനോഭാവവും, കൂട്ടക്കൊല കളും നടപ്പിലാക്കപ്പെട്ടിരുന്നു. ബ്രിട്ടീഷ് ഭരണാധികാരികൾക്ക് അതിൽ വൻ പങ്കാളിത്തം ഉണ്ടായിരുന്നു. എന്നാൽ സുരക്ഷിത ഇടമെന്ന് പൊതുവെ വിശ്വസിച്ച് പോരുന്ന കേരളത്തിൽ അത്തരം കൊലവെറി ധാരാളമായി കേട്ടു തുടങ്ങിയിരിക്കുന്നു. ഇതിൽ ഏറ്റവും ഞെട്ടിപ്പിക്കുന്ന സംഗതി എന്തെന്നാൽ മതാതീത മാനവികത പ്രഖ്യാപിക്കുവാൻ മുന്നിട്ടിറങ്ങിയ യുക്തിവാദികൾ/ നാസ്തികർ എന്ന വിഭാഗത്തിൽ നിന്നും ഈ വിദ്വേഷം കൂടുതലായി കാണാം എന്നുള്ളതാണ്. വേട്ടക്കാർക്ക് ഇരയെ തയ്യാറാക്കി കൊടുക്കുന്ന വിധത്തിൽ ആണ് ഇവരുടെ വാക്കുകളും നടപടികളും. മതാതീത രാഷ്ട്രീയം / മാനവികത പറയുന്നവർ തങ്ങളുടെ ആശയപ്രചാരണത്തിന് വേട്ടക്കാർക്കൊപ്പം നിൽക്കുകയെന്നുള്ളത് എന്ത് രാഷ്ട്രീയമാണ് വളർത്തുന്നത് എന്ന് അവർ ചിന്തിക്കേണ്ടതാണ്. ഉദാരജനാധിപത്യം (liberal democracy) എന്തെന്നത് ഇവിടെ മതാതീത രാഷ്ട്രീയം പറയുന്നവർ ആലോചിക്കേണ്ടതാണ്. പാശ്ചാത്യ ലിബറൽ ജനാധിപത്യത്തിന് ഒരു സുപ്രധാന ദിശാനിർണ്ണയം തന്നെ നൽകിയ ജോൺ റോൾസിന്റെ A Theory of Justice (1971) എന്ന ഗ്രന്ഥം ഒരുവട്ടമെങ്കിലും ഇവർ വായിക്കേണ്ടതാണ്. 2022 ജനുവരി 31 ന് മലയാളം ന്യൂസ് ചാനലായ മീഡിയ വണ്ണിന്റെ സംപ്രേഷണം കേന്ദ്ര സർക്കാർ നിരോധിക്കുകയുണ്ടായി. എന്നാൽ കേരളത്തിലെ യുക്തിവാദികൾ എന്നറിയപ്പെടുന്നവരും മതേതര വാദികൾ എന്നറിയപ്പെടുന്നവരും ആയ പലരും ഈ നടപടിയെ പിന്തുണച്ചു എന്നത് ആശ്ചര്യപ്പെടുത്തുകയുണ്ടായി. മലയാളി സമൂഹം പൊതുവെ ഇന്നെത്തിനിൽക്കുന്ന അതീവ രോഗാതുരമായ മനോനിലയെ വളരെ വ്യക്തമായി അത് പുറത്ത് കൊണ്ട് വരികയുണ്ടായി. വിവിധ മലയാളം ന്യൂസ് ചാനലുകളുടെ യുട്യൂബ് കമൻറുകളിലും, വിവിധ ഫേസ്ബുക് പോസ്റ്റ്കളിലും ഇത് കാണാമായിരുന്നു.


Related Articles