നവഭൗതികവാദ വ്യവഹാരത്തിൽ മതവും രാഷ്ട്രീയവും രണ്ട് വ്യത്യസ്ത സങ്കല്പങ്ങളല്ല; പരസ്പര പൂരകങ്ങളാണ്. മതം ഒരു രാഷ്ട്രീയ നിർമ്മിതി ആയിരിക്കുന്നതുപോലെ രാഷ്ട്രീയചിന്ത രൂപപ്പെട്ടതിന് പിന്നിലും മതത്തിന്റെ സ്വാധീനമുണ്ട്. പാശ്ചാത്യയൂറോപ്യൻ ചിന്താധാരയിലായാലും പൗരാണിക ഇന്ത്യൻ സംസ്കാരത്തിലായാലും അത് യാഥാർത്ഥ്യമാണ്. സംഘടിത മതരൂപങ്ങളെല്ലാം തന്നെ കാലത്തെ അതിജീവിച്ചത് ജനാധിപത്യ രാഷ്ട്രീയ സ്ഥാപനകളുടെ നിഴലിലാണ്. ആധിപത്യത്തിന്റെ ചിഹ്നങ്ങൾ പേറുന്ന ഒന്നാണ് മതം എന്ന് ഗായത്രി ചക്രവർത്തി സ്പിവാക് അഭിപ്രായപ്പെടുന്നതിനും കാരണമിതാണ് (Spivak, 1999:382). മതങ്ങൾ, ഒന്നുകിൽ ആധിപത്യക്രമങ്ങളെ പുറമെ നിന്ന് പിന്താങ്ങുകയോ അല്ലെങ്കിൽ മതങ്ങൾ തന്നെ അടഞ്ഞതും മൗലി കവാദപരവും ജനാധിപത്യവിരുദ്ധവുമായ ഭരണക്രമങ്ങളായി മാറുകയോ ചെയ്തിട്ടുണ്ട്. അത്, യഹൂദമതം, ക്രൈസ്തവ മതം, ഇസ്ലാം മതം പോലുള്ള സെമറ്റിക് മതങ്ങളായിരുന്നാലും ഹിന്ദുമതം, ബുദ്ധമതം, ജൈന മതം, താവോയിസം പോലുള്ള പൗരസ്ത്യ മതങ്ങളായിരുന്നാലും വാസ്തവം തന്നെയാണ്. വ്യവസ്ഥാപിത മതഘടനകളൊക്കെത്തന്നെ കീഴാള പ്രവർജ്ജനത്തിന്റെ (Subaltern Exclusion) രാഷ്ട്രീയ ഘടനകളായി മാറുന്നതെന്തു കൊണ്ടാണെന്ന് വിശകലനം ചെയ്യുന്ന രാഷ്ട്രീയ തത്ത്വചിന്തകരിൽ ബി.ആർ. അംബേദ്ക്കർ സവിശേഷമായൊരു സ്ഥാനം വഹിക്കുന്നു. കീഴാള ജനാധിപത്യ സാമൂഹികസാംസ്കാരിക അനുഭവങ്ങളുടെ പുനർനിർമ്മിതിക്ക് ആഹ്വാനം നൽകുന്ന നവഭൗതികവാദകാലത്ത് അംബേദ്ക്കറിന്റെ പുനർവായന അത്യന്തം സംഗതവും അനിവാര്യവുമാണ്.
ഇന്ത്യയിലെ ബ്രാഹ്മണികഹിന്ദുത്വ മതബോധം ആധിപത്യത്തിന്റെ പ്രവർജ്ജന ഘടന (Dominant System of Exclusion) യാണെന്നും ശുദ്ധഅശുദ്ധ നിയമങ്ങളെ നിർമ്മിച്ച് സാമൂഹ്യബന്ധങ്ങളെ കീഴ്മേൽ അടയാളപ്പെടുത്തുകയും ചെയ്തുകൊണ്ട് അപമാനവികരണത്തിന്റെ പ്രത്യശാസ്ത്രമായി മാറിയെന്നും നീതിശാസ്ത്രപരമായി ആദ്യമായി ആധുനിക ലോകത്തോട് പറഞ്ഞത് ഡോ. ബി.ആർ. അംബേദ്ക്കറാണ്. നവീകരിച്ച ബൗദ്ധദർശനങ്ങളോടും മാർക്സിസത്തിന്റെ പരിവർത്തനാത്മക ചരിത്രദർശനത്തോടും ആധുനിക ലിബറൽ ചിന്തകളോടും ആഭിമുഖ്യം കാണിച്ച അംബേദ്ക്കർ, ഇന്ത്യയിലെ അസ്പർശ്യരും അന്യവൽക്കരിക്കപ്പെട്ടതുമായ കീഴാള ജനസമൂഹങ്ങളുടെ സാമൂഹികവും സാമ്പത്തികവും സാംസ്കാരികവുമായ രാഷ്ട്രീയ കർതൃത്വത്തെ കൊളോണിയൽ ആധുനികതയുടെ ദാർശനികകാലത്ത് പുനർനിർമ്മിക്കാൻ ശ്രമിക്കുകയായിരുന്നു. ബ്രഹ്മണിക്ഹിന്ദുത്വമതബോധങ്ങളെ തകർക്കാൻ അംബേദ്ക്കർ സാധ്യമായ എല്ലാ വ്യവഹാരങ്ങളെയും സംവാദ പങ്കാളികളാക്കുന്നുവെന്നത് ശ്രദ്ധേയമാണ്. ഫലത്തിൽ, ധാർമ്മികതയും നീതിയും ഉറപ്പാക്കുന്ന സാമൂഹിക രാഷ്ട്രീയ പ്രക്രിയയിൽ മതത്തിന്റെ പുനരടയാളപ്പെടുത്തലിനാണ് അംബേദ്ക്കർ ശ്രമിച്ചത് എന്നുപറയാം. ഇവിടെ, രാഷ്ട്രീയവും മതവും ചരിത്രവും സംസ്കാരവുമെല്ലാം ധാർമ്മികതയുടെയും കരുണയുടെയും പ്രത്യയശാസ്ത്രഭാവനകളായി മാറുന്നുവെന്നതാണ് ശ്രദ്ധേയം. ഒരുപക്ഷ ഇങ്ങനെ മതത്തെ ജനാധിപത്യപരമായി രാഷ്ട്രീയവൽക്കരിക്കുകയും രാഷ്ട്രീയത്തെ അപസാമ്രാജ്യത്വവൽക്കരിക്കുകയും ചെയ്യുന്ന സാംസ്കാരിക പ്രവർത്തനം ലോകത്തിൽ തന്നെ വിരളമാണെന്ന് പറയേണ്ടിയിരിക്കുന്നു. അതുകൊണ്ട്, ആധിപത്യവിരുദ്ധമായൊരു മതവും രാഷ്ട്രീയവും അന്വേഷിക്കുന്ന പ്രക്രിയയിൽ അംബേദ്ക്കർ ഒഴിവാക്കാനാവാത്ത പാഠവും ഓർമ്മയുമായിത്തീരുന്നു.
