ഭൂപ്രകൃതിയുടെ യാഥാർഥ്യങ്ങൾ

Society

ഭൂപ്രകൃതിയുടെ യാഥാർഥ്യങ്ങൾ


മലയോരപ്രദേശങ്ങളിലെ അസാധാരണ മഴയും അനുബന്ധ മണ്ണിടിച്ചിലുകളും ലോകത്തിലെ തന്നെ വ്യാപകമായ പ്രകൃതി ദുരന്തങ്ങളിൽ ഒന്നാണ്. പ്രകൃതിദത്തമായുള്ള മലയോരപ്രദേശങ്ങളുടെ കുത്തനെയുള്ള ചെരിവുകളിൽ (steep slope) ദിവസങ്ങളോളം പെയ്യുന്ന കനത്ത മഴയിലൂടെ ഉദ്ഭവിക്കുന്ന ജലസ്രോതസ് മൺപാളിയിൽ (soil-cover) ചെലുത്തുന്ന സുഷിരജല സമ്മർദ്ദം (pore-water pressure) ക്രമാതീതമായി വർദ്ധിക്കുകയും തന്മൂലം ജലപൂരിതമാക്കപ്പെടുന്ന മേൽമൺപാളി, അതിനു തൊട്ടു താഴെയുള്ള താരതമ്യേന ഘനീഭവിച്ച മൺപാളികളുമായോ ((Regolith, Saprolite) അല്ലെങ്കിൽ അവയ്ക്കും താഴെയുള്ള അടിസ്ഥാന പാറയുടെ (Bed-rock)പ്രതലവുമായോയുള്ള ബന്ധം വിച്ഛേദിപ്പിക്കുന്നതിനു പ്രേരകങ്ങളായി തീരുകയും, അനന്തരഫലമായി മണ്ണിടിച്ചിലുകൾ സംഭവിക്കുകയും ചെയ്യുന്നു. കൂടാതെ ചില പ്രദേശങ്ങളിൽ, മേൽപാളികളിൽ അളവിൽ കൂടുതലായി കണ്ടുവരാറുള്ള കളിമണ്ണിന്റെ അംശം (Clay/ Kaolinite) ജലത്തിനെ കൂടുതലായി വലിച്ചെടുക്കുകയും, തന്മൂലം കുഴമ്പു പരുവത്തിലായി തീരുന്ന മണ്ണും, ചെളിയും കൂടി ഒരു സ്‌നിഗ്ധപദാർത്ഥമായി (lubricant) വർത്തിക്കുകയും, അതിതീവ്ര മഴയുള്ള സമയങ്ങളിൽ മേൽമൺപാളികൾ അടിസ്ഥാന പാറയുടെ മുകളിൽ കൂടി തെന്നി നീങ്ങുവാൻ കാരണം ആയി തീരുകയും ചെയ്യും. ചെരിവ് കൂടിയ അസ്ഥിര (instable) പ്രദേശങ്ങളിൽ ഇത് മൂലം മണ്ണിടിച്ചിലിനു ആക്കം കൂടും.

അതേസമയം, മലയോരങ്ങളിലെ ഭൂരിഭാഗം ചെരിഞ്ഞ പ്രദേശങ്ങളും എന്തുകൊണ്ട് പരാജയപ്പെടുന്നില്ല എന്ന കൗതുകകരമായ ചോദ്യവും ഉയർന്നേക്കാം. ഇതിനു കാരണങ്ങൾ പൊതുവെ പലതാണ്. കാലവർഷങ്ങളിൽ ചില മലയോര പ്രദേശങ്ങൾ മാത്രമായി കേന്ദ്രീകരിച്ചു ലഭിക്കുന്ന അമിത മഴയോടനുബന്ധിച്ചുള്ള ഭൂമിയുടെ ഉപരിതലങ്ങളിലെ മണ്ണൊലിപ്പ് (surface erosion), ഭൂഗർഭങ്ങളിൽ (sub-surface) സംഭവിക്കുന്ന കുഴലീകൃത മണ്ണൊലിപ്പ് (soil-piping) മണ്ണിന്റെ രാസഭൗതിക ഘടനയിൽ വരുന്ന മാറ്റങ്ങൾ, പ്രവർത്തനക്ഷമമല്ലാതിരുന്ന നീർചാലുകൾ (water channels / palaeo-stream channels) പെട്ടെന്ന് പ്രവർത്തനക്ഷമമാകൽ, എന്നിവ കൂടാതെ മനുഷ്യന്റെ അനിയന്ത്രിത കടന്നുകയറ്റങ്ങളും അശാസ്ത്രീയമായ ഭൂവിനിയോഗ രീതികളും കൂടിച്ചേർന്ന് ഇത്തരം മേഖലകളിലെ മണ്ണിടിച്ചിലുകൾക്കു സമാന്തര പ്രേരകഘടകങ്ങളാകുന്നുവെന്നുള്ളതാണ് വാസ്തവം.

കാലാവസ്ഥാനുസൃതമായി എല്ലാ വർഷവും ജൂൺ മാസമാരംഭത്തിൽ തന്നെ കേരളത്തിൽ വർഷകാലം അഥവാ മൺസൂൺ മഴ തുടങ്ങുന്നത് സർവ്വസാധാരണമാണ്. എന്നാൽ കഴിഞ്ഞ രണ്ട് മൂന്ന് വർഷങ്ങളായി മൺസൂൺ മഴയുമായി ബന്ധപ്പെട്ട് കേരളം കണ്ടതിൽവച്ച് ഈ നൂറ്റാണ്ടിലെതന്നെ വലിയ പ്രകൃതിദുരന്തങ്ങൾ നേരിട്ടനുഭവിക്കുകയും സാക്ഷികൾ ആയിക്കൊണ്ടിരിക്കുകയുമാണ് മലയാളികൾ. 2018 ലും 2019 ലും നമ്മൾക്ക് നഷ്ടപ്പെട്ടത് രണ്ടു വലിയ പ്രളയങ്ങളിൽ മുങ്ങിപ്പോയ മനുഷ്യ ജീവനുകൾ. 2019 ലും 2020 ലും മണ്ണിടിച്ചിലിലൂടെ നമുക്ക് നഷ്ട്ടപെട്ടത്ത് കവളപ്പാറയിലും പുത്തുമലയിലും പെട്ടിമുടിയിലും മണ്ണിനടിയിൽ പൂണ്ടുപോയ മണ്ണിന്റെ മക്കളെയാണ്. ഇതിൽ ഏറ്റവും അവസാനമായി നമുക്ക് നേരിടേണ്ടിവന്ന പ്രകൃതി ദുരന്തം, ഇക്കഴിഞ്ഞ ആഗസ്റ്റ് 6 രാത്രി 11 മണിയോടുകൂടി മുന്നാറിലെ രാജമലക്കടുത്ത്, തേയിലത്തോട്ടം മേഖലയിൽ പിഞ്ചു കുഞ്ഞുങ്ങളും, ഗർഭിണികളുമുൾപ്പെടെ 70 ഓളം തോട്ടം തൊഴിലാളികളുടെ ജീവനുകൾ യാതൊരു ദാക്ഷണ്യവുമില്ലാതെ അപഹരിക്കപ്പെട്ട പെട്ടിമുടി മണ്ണിടിച്ചിൽ ആണ്.


Related Articles