ഹലാൽ വിരോധത്തിന്റെ  യാഥാർഥ്യങ്ങൾ

Society

ഹലാൽ വിരോധത്തിന്റെ യാഥാർഥ്യങ്ങൾ


ഏറെ വർഷം മുമ്പ്, എസ്.കെ. നായരുടെ മലയാളനാട് വാരികയിൽ പി. നാരായണക്കുറുപ്പിന്റെ ഒരു ചെറുകഥ പ്രസിദ്ധീകരിച്ചുവരികയുണ്ടായി. ശീർഷകം ഇപ്പോൾ ഓർക്കുന്നില്ല. ഒരു കഥാസന്ദർഭം മാത്രമാണ് ഓർക്കുന്നത്. ഒരു കൂട്ടർ തീറ്റയ്ക്കായി പന്നിയെ അറുത്തതിൽ ആ നാട്ടിലെ മുസ്‌ലിങ്ങൾ ഒട്ടാകെ ഹാലിളകിയതാണ് ഒരു കഥാസന്ദർഭം. അന്നത് വായിച്ച് ഒരുപാട് ചിരിക്കുകയുണ്ടായി. പശു, ഹിന്ദുക്കൾക്ക് വിശുദ്ധ പൂജാമൃഗമാണെന്നപോലെ മുസ്‌ലിങ്ങൾക്ക് പന്നി വിശുദ്ധമൃഗമായതിനാലാണ് അവരത് തിന്നാത്തതെന്നാണ് കഥാകൃത്ത് ധരിച്ചുവശായിരുന്നത്. അക്കാലത്ത് മുഖ്യധാരാ ആനുകാലികങ്ങളിൽ കഥകളെഴുതുന്ന പ്രധാന എഴുത്തുകാരിലൊരാളായിരുന്ന നാരായണക്കുറുപ്പിന്റെ 'സംഘിനിറം' വെളിപ്പെട്ടിരുന്നില്ല. നിഷ്‌കളങ്കമായ അജ്ഞതയെന്നേ അതിനാൽ അന്നതിനെക്കുറിച്ചു കരുതിയിരുന്നുള്ളൂ. സംഘ്പരിവാറിന്റെ സാംസ്‌കാരിക നായകന്മാരിലൊരാളായാണ് ഇന്നദ്ദേഹം അറിയപ്പെടുന്നത്. അജ്ഞത വിചാരിക്കുംപോലെ അത്ര നിഷ്‌കളങ്കമായിരുന്നില്ലെന്നർത്ഥം. അബോധത്തിൽ അനുഗ്രഹമായി പണ്ടേ കൊണ്ടുനടക്കുന്ന മൂലധനമാണത്. അപരനെ അറിയുന്നതിനുള്ള ഇന്ത്യക്കാരുടെ സഹജമായ വിമുഖതയെക്കുറിച്ച് 'കിതാ ബുൽഹിന്ദി'ൽ അൽബിറൂനി നൂറ്റാണ്ടുകൾക്കുമുമ്പേ എഴുതിയത് വെറുതെയല്ല.

പന്നി, മുസ്‌ലിങ്ങളുടെ വിശുദ്ധ മൃഗമാണെന്ന നാരായണക്കുറുപ്പിന്റെ വിചാരമൗഢ്യം പങ്കിടുന്നവർ വേറേയും ധാരാളമുണ്ടാകാനാണു സാധ്യത. യഥാർത്ഥത്തിൽ ഭക്ഷ്യയോഗ്യമല്ലാത്ത മലിനജീവി എന്ന ഗണത്തിലുൾപ്പെടുത്തിയാണ് മുസ്‌ലിങ്ങൾ പന്നിമാംസം ഉപേക്ഷിക്കുന്നത്. അതാകട്ടെ ഖുറാനിൽ മാത്രമല്ല ബൈബിളിലും വിലക്കപ്പെട്ടതാണ് (ലേവ്യപുസ്തകം 11: 7-8), മധ്യപൗരസ്ത്യ ദേശത്തെ ജൂതന്മാർ പൊതുവേ ഈ വിലക്ക് കർശനമായി പാലിച്ചുപോരുന്നുണ്ട്; ക്രിസ്ത്യാനികളിൽ സെവൻത് ഡേ അഡ്‌വെന്റിസ്റ്റുകളും ഇത്യോപ്യൻ-ഇരിത്രിയൻ ഓർത്തഡോക്‌സ് ചർച്ചും ഒഴികെ ആരും അത് ഇന്നു പാലിക്കുന്നില്ലെങ്കിലും. ഏതായാലും പന്നിയെ ആരെങ്കിലും അറുത്ത് തിന്നെന്നുവച്ച് മുസ്‌ലിങ്ങൾ എവിടെയും ഹാലിളകുകയില്ല. ഹാലിളകേണ്ട ആവശ്യവുമില്ല. നാരായണക്കുറുപ്പിനെപ്പോലുള്ള 'അസാമാന്യ ഭാവനാശക്തി'യുള്ള എഴുത്തുകാരുടെ കഥകളിൽ മാത്രം സംഭവിക്കുന്ന കഥകേട് മാത്രമാണത്.

ഇതൊരു ഒറ്റപ്പെട്ട 'സംഭാവന'യല്ല. സംഘപരിവാറിന്റെ ഓരം ചേർത്തെഴുതുന്ന മിക്കവരിലും കാണപ്പെടുന്നതാണ് ഈ വർഗീയ മാനേച്ഛ. എഴുപതുകളുടെ ആദ്യത്തിൽ കേസരി വാരികയിൽ തുടർച്ചയായി പ്രസിദ്ധീകരിക്കുകയും പിന്നീടു പുസ്തകരൂപത്തിലിറങ്ങുകയും ചെയ്ത 'രസിക്കാത്ത സത്യങ്ങൾ' എന്ന നോവൽ ഇതിന്റെ പ്രകടമായ മറ്റൊരു ഉദാഹരണമാണ്. വിഭജനത്തിന്റെ പശ്ചാത്തലത്തിൽ എഴുതപ്പെട്ടതിനാൽ വർഗീയത എടുത്ത് വീശാനും അപരഹത്യ നടത്താനും എമ്പാടും പഴുതുള്ളതായിരുന്നു സ്വഭാവികമായും നോവലിന്റെ കേന്ദ്രപ്രമേയം. അതിലൊരിടത്ത് 'വർഗീയ സംഘടന'യായ ജമാഅത്തെ ഇസ്‌ലാമിയും കടന്നുവരുന്നുണ്ട്. കോൺഗ്രസ്സ് ഉണ്ടാക്കിയ അതിന്റെ ശിങ്കിടി പാർട്ടിയായാണ് നോവലിൽ ജമാഅത്തെ ഇസ്‌ലാമിയുടെ ചിത്രീകരണം. ജമാഅത്തെ ഇസ്‌ലാമിക്കെതിരേ എ.ഐ.സി.സി. പ്രമേയങ്ങൾ പാസ്സാക്കിക്കൊണ്ടിരിക്കുന്ന കാലത്താണു നോവൽ പ്രസിദ്ധീകരിക്കുന്നതെന്നതാണ് രസാവഹം. ജമാഅത്തെ ഇസ്‌ലാമി ഒരു കാലത്തും കോൺഗ്രസ്സിന്റെ പിണിയാൾ പാർട്ടിയായി പ്രവർത്തിച്ചിട്ടില്ല. ഉത്തരേന്ത്യയിൽ സ്വാധീനമുള്ള മുസ്‌ലിം സംഘടനകളിലൊന്നായ 'ജംഇയ്യത്തുൽ ഉലമാ'യെയാണ് നോവലിസ്റ്റ് ഇവിടെ ജമാഅത്തെ ഇസ്‌ലാമിയാക്കിയിരിക്കുന്നത്. സ്വാതന്ത്ര്യസമരത്തിൽ സജീവമായി പങ്കെടുക്കുകയും ഇന്ത്യാവിഭജനത്തെ സൈദ്ധാന്തികമായിത്തന്നെ നഖശിഖാന്തം എതിർക്കുകയും ചെയ്ത ദയബന്ദി മതപണ്ഡിതന്മാരുടെ സംഘടനയാണിത്. പിൽക്കാലത്ത് കോൺഗ്രസ്സ് മന്ത്രിമാരായിത്തീർന്ന മൗലനാ ആസാദും മൗലാനാ ഹിഫ്‌സുർ റഹ്‌മാനും മറ്റും അംഗങ്ങളായ സംഘടന. വസ്തുതാപരമായ ഈ അബദ്ധം ചൂണ്ടിക്കാട്ടി ലേഖകൻ അന്ന് കേസരി വാരികയ്ക്ക് എഴുതുകയുണ്ടായെങ്കിലും അത് വെളിച്ചം കാണുകയുണ്ടായില്ല. പുസ്തകരൂപത്തിൽ പിന്നീട് പ്രസിദ്ധീകരിച്ചപ്പോഴും ആ അബദ്ധം അങ്ങനെതന്നെ തുടർന്നിട്ടുണ്ടാകാനാണു സാധ്യത. ഇമ്മാതിരി അജ്ഞത ആഘോഷമായി കൊണ്ടാടുന്നതിന്റെ തുടർച്ചതന്നെയായി വേണം ഇപ്പോഴത്തെ 'ഹലാൽ' കോലാഹലവും കാണാൻ.


Related Articles