സ്വയം കുഴിക്കുന്ന  വിശുദ്ധചതികൾ

Society

സ്വയം കുഴിക്കുന്ന വിശുദ്ധചതികൾ


2017-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേൽ സന്ദർശിച്ചപ്പോൾ രാഷ്ട്രത്തിന്റെ ഉപഹാരമായി അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ബെഞ്ചമിൻ നെതന്യാഹുവിന് കൊടുത്തത് കേരളത്തിൽനിന്നുള്ള ആയിരത്തിലധികം വർഷങ്ങളുടെ പഴക്കവും തഴക്കവും അവകാശപ്പെടുന്ന രണ്ടു ചെമ്പു തകിടുകളുടെ പ്രതിരൂപങ്ങളാണ്. ജൂതശാസനവും തരിസാപ്പള്ളി ചെപ്പേടും. ആദ്യത്തേത് മട്ടാഞ്ചേരിയിലെ സുനഗോഗിന്റെ സഹായത്തോടെയും രണ്ടാമത്തേത് തിരുവല്ല മാർത്തോമാ സുറിയാനി പള്ളിയുടെ സഹായത്തോടെയും നിർമ്മിച്ചു എന്നാണ് വാർത്തകൾ. ഈ ഉപഹാരങ്ങൾ വെറും മോടിക്ക് വേണ്ടിയല്ലെന്നും, പ്രത്യയശാസ്ത്രപരമാണെന്നും ഏവർക്കും ഊഹിക്കാവുന്നതേയുള്ളു. ക്രിസ്താബ്ദത്തിലെ ആദ്യ നൂറ്റാണ്ടുകളിലെങ്കിലും ഇന്നത്തെ കേരളത്തിൽ കുടിയേറി പാർത്ത ജൂതർക്ക് നൽകിയ ചെപ്പേട് എന്ന് വിശ്വസിക്കപ്പെടുന്ന 'ജൂതശാസനം' ഇസ്രായേൽ പ്രധാനമന്ത്രിക്ക് സമ്മാനമായി നൽകുന്നതിലെ ഔചിത്യം മനസ്സിലാക്കാമെങ്കിലും, അതിന്റെകൂടെ ഇന്ന് സുറിയാനി ക്രിസ്ത്യാനികളെന്ന്് അറിയപ്പെടുന്ന സമുദായത്തിന് ലഭിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന തരിസാപ്പള്ളി ചെപ്പേട് കൂടെ കൂട്ടിയതിന്റെ സാംഗത്യം എന്തായിരിക്കും? ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള ഇടപാടുകൾ ഇന്നും ഇന്നലെയും തുടങ്ങിയതല്ല എന്ന് ഓർമ്മിപ്പിക്കുന്നതിനപ്പുറം എന്തൊക്കെയായിരിക്കാം ഇതിന്റെ പിന്നിലെ പ്രമാണങ്ങൾ?

തീർച്ചയായും, 2011-ലെ സെൻസസ് അനുസരിച്ച് ഇന്ത്യൻ ജനസംഖ്യയുടെ വെറും 'രണ്ടും ചില്ലറയും' ശതമാനം വരുന്ന ക്രിസ്ത്യാനികളെ ആഗോളതലത്തിൽ ഇന്ത്യൻ രാഷ്ട്രസങ്കല്പനത്തിന്റെ ഭാഗഭാക്കാക്കുന്ന നിമിഷമായിട്ടിതിനെ കാണാം. എന്നാൽ, അതിലുപരിയായി, ഈ 'രണ്ടും ചില്ലറയും' വരുന്ന ഇന്ത്യൻ ക്രിസ്ത്യാനികളുടെ ഉദാത്തപ്രതിനിധി ആയി ഇങ്ങു തെക്കേ വാൽക്കഷണമായ കേരളത്തിലെ ജനസംഖ്യയുടെ പത്ത് ശതമാനത്തോളം വരുന്ന സുറിയാനി ക്രിസ്ത്യാനികളെ 'മതേതര (ഹിന്ദു) രാഷ്ട്രം' വീണ്ടും വാഴിച്ച നിമിഷം കൂടിയാണത്. എന്നാൽ, ലോകമെമ്പാടുമുള്ള ജൂതർക്കും ക്രിസ്ത്യാനികൾക്കുമെല്ലാം 'ആർഷഭാരതത്തിൽ' വേരുകളുണ്ടെന്ന് പറയുന്നതോടൊപ്പം, ഇന്ത്യയിലുള്ള ജൂതരുടെയും ക്രിസ്ത്യാനികളുടെയും വേരുകൾ വിദേശങ്ങളിലാണെന്നുകൂടി ഓർമ്മിപ്പിക്കുന്ന ഇരുതല മൂർച്ചയുള്ള വാളാണ് ഇത്തരം പ്രതിനിധാനങ്ങൾ എന്ന് മറക്കരുത്. ഈ ടോക്കെണിസത്തിന്റെ പിന്നിലെ പ്രത്യയശാസ്ത്രം കാണാനാവാത്തതുകൊണ്ടാണ്, അല്ലെങ്കിൽ കണ്ടില്ലെന്ന് നടിക്കുന്നതുകൊണ്ടാണ്, വിശുദ്ധ നാട് സന്ദർശനം എന്ന ടൂർ പാക്കേജ് അല്ലാതെ ഇസ്രയേലിനോട് പ്രത്യേകിച്ച് കൂറ് ഒന്നുമില്ലാതിരുന്ന സമുദായസ്‌നേഹികളിൽ പാലും തേനും ഒഴുകുന്ന വാഗ്ദത്ത നാടിന്റെ ഓർമ പുതുക്കുന്ന നിമിഷങ്ങളായി ഇത്തരം പ്രതിനിധാനങ്ങൾ മാറുന്നത്. ഇങ്ങനെയൊരു ബൃഹത്പശ്ചാത്തലത്തിൽ മാത്രമേ ഇന്ന് ശരീരവും രക്തവും ബലികൊടുക്കപ്പെട്ടുകൊണ്ടേയിരിക്കുന്ന പാലസ്റ്റീനിൽ ബോംബ് വീഴുന്ന ഓരോ തവണയും കുടുംബ-പള്ളി-സഭാ വാട്‌സാപ്-ഫേസ്ബുക് ഗ്രൂപ്പുകളിൽ പടക്കം പൊട്ടുന്നതിന്റെ പിന്നിലെ ചേതോവികാരം മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ.


Related Articles