1892 ൽ, ഇന്ദുലേഖ (1889)ക്ക് ശേഷം കേവലം മൂന്നു വർഷം കഴിഞ്ഞ് പ്രസിദ്ധീകരിച്ച 'സരസ്വതീവിജയം' എന്തുകൊണ്ട് സാഹിത്യമായി പരിഗണിക്കാൻ ഇരുപത്തൊന്നാം നൂറ്റാണ്ട് വരെ-ദിലീപ് എം. മേനോനും കെ.കെ.കൊച്ചും അവയെ സാഹിത്യമായി കണ്ടെടുക്കുന്നത് വരെ-കാത്തിരിക്കേണ്ടിവന്നു? പ്ര/ദേശം ജനത എന്നീ നിലകളിൽ മലയാളം ഉടലാർന്ന വർണാശ്രമധർമമായിരുന്നു എന്നതുതന്നെ പ്രധാന കാരണം. പുരാണേതിഹാസങ്ങൾ ഭക്ഷിച്ചുവളർന്ന പദ്യസാഹിത്യം അതിന്റെ അനുഭൂതിപ്രത്യക്ഷവും. വർണാശ്രമധർമം ഉടൽപൂണ്ട മലയാളം എന്ന സൗന്ദര്യദേശത്തെ രൂപപ്പെടുത്തുന്നതിൽ കുറ്റിപ്പുഴ കൃഷ്ണപിള്ള യുടെ വിമർശനം നിർവഹിച്ച ധർമം ഈ പശ്ചാത്തലത്തിൽ അപഗ്രഥിക്കുക, സൗന്ദര്യവ്യവഹാരത്തിന്റെ ജനായത്തവല്കരണപ്രക്രിയതന്നെയാണ്. ഈയർഥത്തിൽ ഇത് സാഹിത്യവിമർശനമല്ല.
കുറ്റിപ്പുഴയുടെ സന്ദർഭം
കുറ്റിപ്പുഴയെ മലയാളവിമർശനം വിശദീകരിച്ചത് ഈ ആശയമണ്ഡലത്തിന് വെളിയിൽ പ്രവർത്തിക്കുന്ന, യുക്തിവാദി, തത്വചിന്തകൻ, ശാസ്ത്രവാദി എന്നിങ്ങനെ കോളനി ആധുനികതയുടെ ജ്ഞാനമണ്ഡലത്തിന്റെ പതാകാവാഹകനായാണ്. എന്നാൽ ഇതിന്റെ സൂക്ഷ്മാർഥം എന്താണ്? അദ്ദേഹത്തിന്റെ എഴുത്തുകൾ നല്കുന്ന സൂചനയെന്താണ്? സാഹിതീയം (1936), ഗ്രന്ഥവിഹാരം (1959), സാഹിതീകൗതുകം (1965), വിമർശനവും വീക്ഷണവും (1976) എന്നീ സമാഹാരങ്ങൾ ഉല്പാദിപ്പിക്കുന്ന (ആനുഭൂതിക) വ്യവഹാരങ്ങൾ, പക്ഷെ, ഇതിനോടിണങ്ങിപ്പോകുന്നില്ല. മേൽസൂചിപ്പിച്ച വർണധർമത്തിന്റെ സൗന്ദര്യവല്‍ക്കരണം ആയിത്തീർന്നു ആ എഴുത്തുകളുടെ ഫലശ്രുതി.
