ജാതിഅദൃശ്യതയുടെ ചരിത്രവർത്തമാനം

ജാതി, ജാതിയുടെ ദൃശ്യതയും അദൃശ്യതയും, എക്കാലവും ഇന്ത്യൻ അവസ്ഥയിൽ ചർച്ചാവിഷയമായിത്തന്നെ തുടരും. കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ചർച്ചാവിഷയങ്ങളിലൊന്ന് അതായിരുന്നു. സാമൂഹികചിന്തകരായ പി. സനൽമോഹൻ, സണ്ണി എം. കപിക്കാട്, എം. എ. സിദ്ദിഖ്, ഡോ. ടി. എസ്. ശ്യാംകുമാർ (മോഡറേറ്റർ) എന്നിവർ ഈ സംവാദത്തിൽ പങ്കെടുത്തു.

ഡോ. ടി. എസ്. ശ്യാം കുമാർ: ഇന്ത്യയെ അറിയുക എന്നാൽ ഇന്ത്യയുടെ ജാതിവ്യവസ്ഥയെ അറിയുക എന്നുതന്നെയാണ് അർത്ഥം. കേരളത്തെ സംബന്ധിച്ച് നമ്മൾ പുരോഗമനത്തിന്റെ എല്ലാ പടികളും കടന്ന ഒരു പുരോഗമന സമൂഹം എന്ന സവിശേഷ പദവിമൂല്യത്തെ സംബന്ധിച്ച് പറയാറുണ്ടെങ്കിലും, ജാതി പൊതുവിടത്തിൽനിന്ന് അപ്രത്യക്ഷമായി എന്ന് തോന്നുന്നുമെങ്കിലും നമ്മൾ ഇപ്പോഴും അദൃശ്യമായ ജാതിമൂല്യങ്ങൾക്കും കോയ്മമൂല്യങ്ങൾക്കും കീഴിലാണ് ജീവിക്കുന്നത് എന്നതാണ് സത്യം. ജാതിപരമായ ഉച്ചനീചത്വങ്ങളെ പ്രശ്‌നവൽക്കരിക്കുന്നതുവഴി ജനാധിപത്യപരമായിട്ടുള്ള ഒരു സമൂഹത്തിലേക്ക് വഴിതെളിക്കുക എന്നുള്ളതാണ് പ്രധാനപ്പെട്ട ഒരു കാര്യം. എപ്പോഴും പലരും ഉന്നയിക്കുന്ന ഒരു വാദഗതി ജാതിയെ സംബന്ധിച്ച ചർച്ചകൾ സമൂഹത്തിൽ ധ്രുവീകരണം ഉണ്ടാക്കുമെന്നുള്ളതാണ്. അത്തരം ചർച്ചകൾ സാമൂഹികമായ വിടവുകളാണ് സൃഷ്ടിക്കുക എന്നും. ചില ആക്ഷേപങ്ങളെ മാറ്റിനിർത്തി സമൂഹത്തെ ജനാധിപത്യവൽക്കരിക്കുന്നതിനുള്ള സാഹോദര്യ ജനാധിപത്യത്തിലേക്കുള്ള ഒരു വാതിൽപ്പടിയായി വേണം നാം ഇത്തരം ചർച്ചകൾ കാണേണ്ടത് എന്നും ആമുഖമായിത്തന്നെ പറയട്ടെ. ജാതി എന്നത് ഒരു കോയ്മരൂപവും, അത് നമ്മുടെ സാഹിത്യത്തിലും ഭാവുകത്വത്തിലും നമ്മുടെ ജീവിതരൂപങ്ങളിലും എല്ലാവിധ പ്രവർത്തനങ്ങളിലും സദാ സ്വാധീനിച്ചു കൊണ്ടിരിക്കുന്ന പ്രതിഭാസമാണ് എന്നും നമ്മൾ മനസ്സിലാക്കണം. 'തീണ്ടലും തൊടീലും' പോലെയുള്ള വ്യവസ്ഥകളിൽനിന്ന് നാം മാറി നടന്നു എന്ന് സൂചിപ്പിക്കാറുണ്ടെങ്കിലും ജാതിവ്യവസ്ഥയ്ക്ക് അകത്താണ് നമ്മുടെ ജീവിതം ഇപ്പോഴും കെട്ടിപ്പടുത്തിരിക്കുന്നത് എന്നുള്ളത് ഒരു പ്രധാനപ്പെട്ട കാര്യമാണ്. എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഉദ്യോഗാർത്ഥികളുടെ നിയമനപ്രക്രിയ വരുമ്പോൾ അയിത്തജാതിക്കാർ എന്നു വിളിക്കപ്പെട്ടിരുന്ന പല ജനവിഭാഗങ്ങളും ഇപ്പോഴും അവഗണിക്കപ്പെടുന്നത് ഒരു യാഥാർത്ഥ്യമാണ്. ഇതൊക്കെത്തന്നെ കേരളത്തിൽ ഇപ്പോഴും തുടരുന്ന അദൃശ്യമായ, അതേ സമയത്തുതന്നെ ദൃശ്യമായ ഒരു ജാതിയുടെ മേൽക്കോയ്മാ സ്വഭാവം വെളിപ്പെടുത്തുന്ന സംഗതികളാണ്. ദേവസ്വം ബോർഡിന്റെ സ്ഥാപനങ്ങൾ 90% സവർണ്ണരെ ഉൾപ്പെടുത്തി സവർണ്ണകോളനികൾ ആയി ഇപ്പോഴും നിലനിൽക്കുകയാണ്. ഇതൊക്കെ ഇപ്പോഴും കേരളത്തിൽ ഒരേസമയം ദൃശ്യമായും അതേസമയം അദൃശ്യരൂപം പൂണ്ടും നിലനിൽക്കുന്ന ജാതിവ്യവസ്ഥിതിയുടെ നേർചിത്രമാണ്.

നവോത്ഥാന ചിന്തകളെ പറ്റിയിട്ടുള്ള ചർച്ചകളിലും ഇത്തരം കാര്യങ്ങൾ നിലനിൽക്കുന്നു. വി.ടി. ഭട്ടതിരിപ്പാടിനെയും മന്നത്തിനെയും നാരായണഗുരുവിനെയും അയ്യങ്കാളിയെയും സമീകരിച്ച് ഇതാണ് കേരളത്തിന്റെ നവോത്ഥാനം എന്ന് പറയുന്നിടത്ത് ചോദ്യങ്ങൾ നിരവധി ഉയരുന്നു. കാരണം വി ടിയും മന്നവും ചെയ്തത് ജാതി പരിഷ്‌കരണങ്ങൾ ആണെങ്കിൽ അടിത്തട്ട് വിഭാഗങ്ങളിൽനിന്ന് ഉയർന്നുവന്ന പ്രസ്ഥാനങ്ങൾ സമൂഹത്തെ സമൂലം ജനാധിപത്യവൽക്കരിക്കുന്നതിനാണ് ശ്രമിച്ചത്. ജാതിയെ സംബന്ധിക്കുന്ന അജ്ഞതയാണ് ഇത്തരത്തിലുള്ള സമീകരണ വാദങ്ങൾക്ക് അടിത്തറയായി ഉള്ളത്. കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് പോലെയുള്ള സ്ഥാപനങ്ങളിലെ ജാതീയ പീഡനങ്ങളെക്കുറിച്ച് അജ്ഞത നടിക്കുകയും അതേ വായകൊണ്ടണ്ടുതന്നെ അനുകമ്പയെക്കുറിച്ചും കാരുണ്യത്തെക്കുറിച്ചും സംസാരിക്കുകയും ചെയ്യുന്നത് യഥാർത്ഥത്തിൽ ഒരു കാപട്യമാണ് എന്ന് പറയാതിരിക്കാനാവില്ല. അനുകമ്പയെക്കുറിച്ചും കാരുണ്യത്തെക്കുറിച്ചും പ്രബന്ധം രചിക്കുന്നവർ കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് പോലെയുള്ള സ്ഥാപനങ്ങളിൽ നടക്കുന്ന ഹിംസയെക്കുറിച്ച് തങ്ങളുടെ മൗനം വെടിഞ്ഞ് സംസാരിക്കേണ്ടതുണ്ട്. പഴയിടം മോഹനൻ നമ്പൂതിരി സൃഷ്ടിച്ച വെജിറ്റേറിയനിസത്തിന്റെ പുറകിൽ ജാതിയാണ് എന്ന് സൂചിപ്പിച്ചുകൊണ്ട് ഞാനെന്റെ വാക്കുകൾ അവസാനിപ്പിക്കുന്നു. അടുത്തതായി സാമൂഹ്യ ചിന്തകനും ചരിത്രകാരനും ഗവേഷണ പണ്ഡിതനുമായ സനൽ മോഹൻ മാഷിനെ ക്ഷണിച്ചുകൊള്ളുന്നു.


Related Articles