മിർചാപൂർ കലാപത്തിൽ (ഹരിയാന-2010) പലായനം ചെയ്യപ്പെട്ട ദലിതരെ പുനരധിവസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലെത്തിയ ഒരു പൊതുതാത്പര്യഹർജിയിൽ വാദം കേൾക്കെ 2014 ആഗസ്റ്റ് 27-ന് ജസ്റ്റിസ് എസ്. ജെ. മുഖോപാധ്യായയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ ഒരു നിരീക്ഷണം ഇങ്ങനെയായിരുന്നു: ''ജാതി അതിരുകളില്ലാതെ മനുഷ്യൻ ഒന്നിച്ചു ജീവിക്കുകയെന്ന ആശയം, ജാതിഹിംസകളും കലാപങ്ങളും അതിന്റെ അനന്തരഫലങ്ങളും മൂലം സാരോപദേശ(sermon)മായി മാറിയിരിക്കും.'' കോടതിയുടെ ഈ നിരീക്ഷണമുണ്ടാകുമ്പോൾ എസ്സി എസ്ടി അതിക്രമങ്ങൾ തടയൽ നിയമം നിലവിൽ വന്നിട്ട് 27 വർഷവും ജാതിവിവേചനം റദ്ദുചെയ്യുന്ന ഇന്ത്യൻ ഭരണഘടന നിലവിൽ വന്നിട്ട് 64 വർഷവും കഴിഞ്ഞിരുന്നു.
ജാതിഹിംസയുടെ രൂപത്തിലും തോതിലും വ്യത്യാസമുണ്ടാകുമെങ്കിലും ഇന്ത്യയിലെ ഓരോ സംസ്ഥാനത്തിനും ബാധകമായൊരു നിരീക്ഷണമാണിത്. ജാതികളുടെ അതിരുകൾ മായ്ച്ചുകളഞ്ഞ് മനുഷ്യൻ ഏകോദരസഹോദരങ്ങളായി ജീവിക്കുന്ന കാലം ഇന്നും കേവലം ഒരാശയംമാത്രമാണ്. മനുഷ്യബന്ധങ്ങളുടെ പുനരാവിഷ്കാരം അസാധ്യമാക്കു ന്ന ഒരു ഘടകമായി ജാതി ഇന്നും നിലനിൽക്കുന്നുവെന്നാണ് ഇതിന്നർത്ഥം. ഓരോ ഇന്ത്യാക്കാരന്റേയും ജനനവും ജീവിതവും മരണവും തീരുമാനിക്കുന്നത് ജാതിതന്നെയാണ്. പുറമെ ജനാധിപത്യവും അകമേ ജാത്യാധിപത്യവും-- ഇന്ത്യയുടെ വർത്തമാനാവസ്ഥയാണിത്. ഒരു ഭാഗത്ത് ഭരണഘടനാതത്ത്വങ്ങളും മൂല്യങ്ങളും, മറുഭാഗത്ത് ജാതി-മത തത്ത്വങ്ങളും മൂല്യങ്ങളും. ജനാധിപത്യത്തിന്റെ മാർഗ്ഗത്തിലല്ല, ജാത്യാധിപത്യത്തിന്റെ മാർഗ്ഗത്തിലാണ് ബഹുഭൂരിപക്ഷം ഇന്ത്യാക്കാരും സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ജാതി അതിരുകളില്ലാത്ത ഒരിന്ത്യയെക്കുറിച്ച് ചിന്തിക്കുവാൻപോലും അവർക്കാവില്ല. വിചിത്രമായൊരു കാര്യം, ഈ യാഥാർത്ഥ്യം തുറന്നു സമ്മതിക്കുവാനോ ചർച്ചചെയ്യുവാനോ ആരും തയ്യാറല്ല എന്നതാണ്.
വേണ്ടത് തുറന്നസംവാദമാണ്. എന്നാൽ യാഥാസ്ഥിതികഹിന്ദുക്കൾ മാത്രമല്ല പരിഷ്കരണവാദികളായ ഹിന്ദുക്കളും പുരോഗമനകാരികളായ ഹിന്ദുക്കളുമൊന്നും ജാതിപ്രശ്നം ചർച്ച ചെയ്യുവാൻ തയ്യാറല്ല. തന്നെ ക്ഷണിച്ച പരിഷ്കരണവാദികളായ ഹിന്ദുക്കളുടെ പിടിവാശി മൂലം, ജാതി പ്രശ്നവുമായി ബന്ധപ്പെട്ടു തയ്യാറാക്കിയ 'ജാതിഉന്മൂലനം' (Anihilation of caste) എന്ന പ്രബന്ധം 1936-ൽ ലാഹോറിൽ നടന്ന ജത്പത് തോഡക് സമ്മേളനത്തിൽ അവതരിപ്പിക്കുവാൻ കഴിയാതെപോയ ദുരനുഭവം ഡോ. ബി. ആർ അംബേദ്കറുടെ ജീവിതത്തിലുണ്ട്. ജനീവയിൽ 2009-ഏപ്രിലിൽ നടന്ന ദർബാൻ റിവ്യൂകോൺഫറൻസിൽ വർണ്ണ വിവേചനവുമായി ബന്ധപ്പെടുത്തി ജാതി പ്രശ്നം ചർച്ച ചെയ്യുവാൻ ഐക്യരാഷ്ട്രസഭ നടത്തിയ നീക്കത്തെക്കുറിച്ച് ആർ.എസ്.എസ്. ജനറൽ സെക്രട്ടറി ഭയ്യാജി ജോഷി പറഞ്ഞത്: ''ജാതി നമ്മുടെ ആഭ്യന്തരപ്രശ്നമാണെന്നും ജാതിയെ അന്താരാഷ്ട്രവത്കരിക്കുവാനുള്ള ഏതു ശ്രമവും നമ്മുടെ രാജ്യത്തിന്റെ ഐക്യത്തെയും നമ്മുടെ സാമൂഹിക നിർമ്മിതിയെയും തകർക്കുമെന്നുമാണ്. എന്തൊരുത്കണ്ഠയാണിത്. ജാതിപ്രശ്നം ചർച്ചചെയ്യപ്പെട്ടാൽ തങ്ങൾ വസുദൈവകുടുംബം എന്നും പിതൃഭൂമിയെന്നും പുണ്യഭൂമിയെന്നുമെല്ലാം പറയുന്ന ഇന്ത്യയുടെ സാമൂഹികനിർമ്മിതി എത്രമാത്രം മനുഷ്യത്വവിരുദ്ധമാണെന്ന് ലോകം അറിയുമെന്നതാണ് ഈ ഉത്കണ്ഠയുടെ അടിസ്ഥാനം.
