വാഗ്ഭടന്റെ വഴിയാത്രകൾ

Society

വാഗ്ഭടന്റെ വഴിയാത്രകൾ


കേരളീയ നവോത്ഥാന നായകരിൽ പലകാര്യങ്ങൾകൊണ്ടും ഒറ്റപ്പെട്ടുനിൽക്കുന്ന മനീഷിയാണ് വാഗ്ഭടാനന്ദഗുരു. തന്റെ സമകാലികരായ സാമൂഹ്യ പരിഷകർത്താക്കളുടെ ഉദ്ദേശ്യലക്ഷ്യങ്ങളെന്താണെന്ന് വ്യക്തമായി മനസ്സിലാക്കാൻ വാഗ്ഭടാനന്ദന് സാധിച്ചിരുന്നു. തന്റെ ലക്ഷ്യവും സമാനമാണെന്ന് തിരിച്ചറിഞ്ഞ വാഗ്ഭടാനന്ദൻ പക്ഷേ, ആ ലക്ഷ്യത്തിലെത്താൻ തന്റേതായ വഴി സ്വീകരിച്ചു. എങ്കിലും കേരളത്തിന്റെ സാംസ്‌കാരികചരിത്രം രേഖപ്പെടുത്തിയവർ എന്തുകൊണ്ടോ വാഗ്ഭടാനന്ദന് വലിയ പരിഗണന നൽകുവാൻ ശ്രദ്ധിച്ചിട്ടില്ല. എ. ശ്രീധരമേനോൻ, പി.കെ.ഗോപാലകൃഷ്ണൻ തുടങ്ങിയവരുടെ ചരിത്ര പുസ്തകങ്ങളിൽ വാഗ്ഭടാനന്ദന്റെ പേരുപോലും പരാമർശിക്കുന്നില്ല. ഇ.എം.എസ്. കേരളചരിത്രവുമായി ബന്ധപ്പെട്ട് എഴുതിയ രണ്ട് പുസ്തകങ്ങളിലും നാലഞ്ച് വാക്കുകളിൽ വാഗ്ഭടാനന്ദനെ പരമർശിച്ചുപോവുന്നതേയുള്ളൂ.

കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പിനടുത്ത് പാട്യം എന്ന ഗ്രാമത്തിലാണ് വാഗ്ഭടാനന്ദൻ ജനിച്ചത്. പൂർവ്വാശ്രമത്തിലെ പേര് വയലേരി കുഞ്ഞിക്കണ്ണൻ ഗുരുക്കൾ എന്നായിരുന്നു. തീയ്യസമുദായത്തിൽ വയലേരി ചീരു അമ്മയുടെയും തേനങ്കണ്ടിയിൽ വാഴവളപ്പിൽ കോരൻ ഗുരുക്കളുടെയും ആദ്യത്തെ മകനായി 1885 ഏപ്രിൽ 25 നാണ് കുഞ്ഞിക്കണ്ണൻ ജനിക്കുന്നത്. അച്ഛൻ കോരൻ ഗുരുക്കൾ സംസ്‌കൃത പണ്ഡിതനും വൈദ്യനും പുരോഗമനേച്ഛുവുമായിരുന്നു. കോരൻ ഗുരുക്കൾ മകനെ സംസ്‌കൃത കാവ്യ-നാടകങ്ങളും പുരാണങ്ങളും ശാസ്ത്രവിഷയങ്ങളും പഠിപ്പിച്ചു. അതോടൊപ്പം ആത്മീയവിഷയങ്ങളിലും യുക്തിചിന്തകളിലും നിലവിലുണ്ടായിരുന്ന പുസ്തകങ്ങളിലേക്ക് മകനെ നയിച്ചു. പരസ്പരവിരുദ്ധമെന്ന് പ്രത്യക്ഷത്തിൽ തോന്നാവുന്ന ഈ വിഷയങ്ങൾ കുഞ്ഞിക്കണ്ണൻ അവധാനതയോടെ പഠിച്ചു. ത്യാജ്യഗ്രാഹ്യവിവേചന ബുദ്ധിയോടെ അദ്ദേഹം എല്ലാ വിഷയങ്ങളിലും ആഴ്ന്നിറങ്ങി. അസാധാരണമായ ഓർമ്മശക്തിയും ബുദ്ധിവൈഭവവും കുഞ്ഞിക്കണ്ണനെ മറ്റ് വിദ്യാർത്ഥികളിൽനിന്നും വ്യത്യസ്തനാക്കിയിരുന്നു. ചില അവസരങ്ങളിൽ സഹപാഠികളുടെ സംശയങ്ങൾ ദൂരീകരിക്കാൻ അച്ഛൻ കുഞ്ഞിക്കണ്ണനെ നിയോഗിച്ചിരുന്നു. അച്ഛന്റെ കളരിയിൽനിന്നും പഠനം പൂർത്തിയായപ്പോൾ എം.കെ. ഗുരുക്കൾ, രൈരുനായർ എന്നീ ഗുരുനാഥൻമാരിൽനിന്നും അദ്ദേഹം തർക്കവ്യാകരാണാദികളിൽ പ്രാവീണ്യം നേടി. കുഞ്ഞിക്കണ്ണൻ അച്ഛന്റെ കളരിയിൽതന്നെ അദ്ധ്യാപകനായി. ഈ സമയത്താണ് കുഞ്ഞിക്കണ്ണൻ, വി.കെ. ഗുരുക്കൾ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങുന്നത്. പിൽക്കാലത്ത് കേരളീയ നവോത്ഥാനപ്രവർത്തനങ്ങളെ കാര്യമായി സ്വാധീനിക്കാൻ കഴിഞ്ഞ വാഗ്ഭടാനന്ദൻ എന്ന മഹാമനീഷി ഉരുവംകൊള്ളുന്നത് അച്ഛന്റെ പഠനക്കളരിയിൽന്നായിരുന്നു എന്നതാണ് വാസ്തവം.

സംസ്‌കൃതഭാഷയിലെ അമൂല്യമായ വിജ്ഞാനവിഷയങ്ങളോട് ചെറുപ്പം മുതൽക്കേ വി.കെ. ഗുരുക്കൾക്ക് വലിയ ആത്മബന്ധമുണ്ടായിരുന്നു. സംസ്‌കൃതം പഠിക്കുക, അത് മറ്റുള്ളവരെ പഠിപ്പിക്കുക എന്നത് വി.കെ.ഗുരുക്കളുടെ ദിനചര്യയുടെ ഭാഗമായിമാറി. ആദ്യകാലത്തെ തന്റെ പ്രധാന ലക്ഷ്യം സ്വന്തം നിലയ്ക്ക് ഒരു സംസ്‌കൃത പാഠശാല സ്ഥാപിക്കലായിരുന്നുവെന്ന് അദ്ദേഹം പില്ക്കാലത്ത് പറഞ്ഞിട്ടുണ്ട്. ഇതിനിടയിൽതന്നെ അച്ഛന്റെ വഴി സ്വീകരിച്ചുകൊണ്ട് അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ പ്രവർത്തിക്കാൻ വി.കെ.ഗുരുക്കൾ തയ്യാറായി. ഈ ഉദ്ദേശ്യത്തോടെ അദ്ദേഹം നാടുനീളെ ധാർമ്മികപ്രഭാഷണങ്ങൾ നടത്തിവന്നു. ജന്മസിദ്ധമായി ലഭിച്ചിരുന്ന അനിതരസാധാരണമായ വാഗ്‌സാമർത്ഥ്യവും ജ്ഞാനവിഷയങ്ങളിൽ കലർപ്പില്ലാത്ത പാണ്ഡിത്യവും അച്ഛനിൽനിന്നും ലഭിച്ച ധാർമ്മികപിന്തുണയും വികെ.ഗുരുക്കളെ സമീപപ്രദേശങ്ങളിൽ അറിയപ്പെടുന്ന പ്രഭാഷകനാക്കി. പ്രഭാഷണങ്ങളിലൂടെ അനേകം ആരാധകരെ അദ്ദേഹം സ്വന്തമാക്കിയെങ്കിലും യാഥാസ്ഥിതികരായ പലരുടെയും ശത്രുതയും ഏറ്റുവാങ്ങിയിരുന്നു. എങ്കിലും സത്യത്തോടുള്ള ഉറച്ച ബാന്ധവംകൊണ്ട് വി.കെ. ഗുരുക്കൾ എതിർപ്പുകളെയെല്ലാം അവഗണിച്ച് തന്റെ പ്രഭാഷണവുമായി മുന്നോട്ടുപോയി. കണ്ണൂരും പരിസര പ്രദേശങ്ങളിലുമായി ഗുരുക്കൾ നടത്തിവന്ന വിപ്ലവപ്രസംഗങ്ങളുടെ വാർത്തകൾ താമസിയാതെ തെക്കൻ പ്രദേശങ്ങളിലുമെത്തി. കോഴിക്കോട്ടു നിന്നും വന്ന ചിലർ യാദൃച്ഛികമായി ഗുരുക്കളുടെ പ്രസംഗം കേൾക്കാനിടയായപ്പോൾ ഗുരുക്കളെ തങ്ങളുടെ നാട്ടിലേക്ക് ക്ഷണിച്ചു. കോഴിക്കോട്ടു ചെന്നു. 1906ൽ നടത്തിയ ഈ യാത്ര ഗുരുക്കളുടെ ജീവിതത്തിലെ നാഴികക്കല്ലായിത്തീർന്നു. പിൽക്കാലത്ത് തന്റെ പ്രവർത്തനങ്ങളുടെ കേന്ദ്രമായിത്തീർന്ന കോഴിക്കോട്ടെ കാരപ്പറമ്പിൽ, ഗുരുക്കൾ നടത്തിയ പ്രഭാഷണം ആ നാട്ടുകാർക്ക് വിസ്മയമായിരുന്നു.


Related Articles