സൈബർദേശത്തെ തെറിവി(ചാ)ഹാരം

Society

സൈബർദേശത്തെ തെറിവി(ചാ)ഹാരം


സുഖകരവും സന്തുലിതവുമായ ഒരു വിതാനത്തിൽനിന്ന് തെറിച്ചു നില്ക്കുന്നതാണ് തെറി. നല്ലതും ചീത്തയുമെന്ന തിരിവ് തെറിക്കില്ല. അവയുടെ നിർവചനം ലോകമെമ്പാടും ഒരുപോലെയാകണമെന്ന് നിർബന്ധവുമില്ല. എന്നാൽ ചില സമാനതകൾ യാദൃച്ഛികമായെങ്കിലും കണ്ടെത്താനാവും. സദാചാര മൂല്യങ്ങളുടെ ലംഘനത്തെക്കാൾ അനാരോഗ്യത്തെ ഏറ്റവും അപമാനകരമായ അവസ്ഥയായി കണക്കാക്കുന്നവരാണ് ഡച്ചുകാർ. Cancer Sufferer എന്ന വാക്ക് അവർ വലിയ തെറിയായി കണക്കാക്കുന്നു. ഉത്തര മലബാറിൽ പ്രയോഗമുള്ള കുരിപ്പ് എന്ന തെറി സമാനമായ സാഹചര്യത്തിലുള്ളതാണെങ്കിലും Cancer Sufferer ഡച്ചുകാരിലുണ്ടാക്കുന്ന മാനസികാഘാതം അത് മലബാറുകാരിൽ ഉണ്ടാക്കില്ല. ദേശാതിർത്തികൾക്ക് തെറിവാക്കുകളുടെ വ്യവഹാരങ്ങളുടെ കാര്യത്തിലും പലതും ചെയ്യാനുണ്ട് എന്നർത്ഥം. ഓരോ ദേശത്തിനും തനതായ തെറികളും തെറികൾക്ക് പിന്നിൽ അവയെ സാധൂകരിക്കുന്ന ചരിത്രപരവും സാംസ്‌കാരികവുമായ സവിശേഷതകളുമുണ്ട്.

സാമൂഹിക ഭാഷാശാസ്ത്ര ഗവേഷകനായ ജയിംസ് ഹാർബെക്ക്, മനുഷ്യർ നിത്യജീവിതത്തിലുപയോഗിക്കുന്ന ഭാഷയെ ഭൂമിയുടെ ഉപരിതലത്തിനോടും തെറിവാക്കുകളെ ഭൂമിയുടെ അകക്കാമ്പിനോടും ഉപമിച്ചിട്ടുണ്ട്. (Mind your Language! Swearing around the world, 2015 )ഉപരിതലത്തിലെ ദുർബലമായ ഭാഗങ്ങളേതെന്നു നിർണ്ണയിക്കുന്നത് സാമൂഹിക ഘടനയാണ്. ആഗ്രഹിക്കാവുന്നതും അരുതാത്തതുമായ കാര്യങ്ങളെ അത് ഉറപ്പിച്ചു വച്ചിട്ടുണ്ട്. അതിനെ ഉലയ്ക്കുന്ന സാഹചര്യങ്ങളെ ഇത്തരം ഘടനകളും അവ പ്രതിനിധാനം ചെയ്യുന്ന ദേശങ്ങളും ശക്തമായി പ്രതിരോധിക്കും. ലോകം ആഗോള ഗ്രാമമായി ചുരുങ്ങുകയും സൈബർ ദേശങ്ങൾ രൂപപ്പെടുകയും ചെയ്തു കഴിഞ്ഞു. സൈബർ ദേശത്തിന്റെ പ്രത്യേകത, ദേശം എന്ന സങ്കല്പത്തിന്റെ ഭൗതികമായ പരിമിതികൾ അത് മറികടക്കുന്നുവെന്നതാണ്. എന്നാൽ ആന്തരികഘടനയിൽ അത് യഥാർത്ഥ ദേശത്തിന്റെ സവിശേഷതകൾ നിലനിർത്തിപ്പോരുന്നു.

ശരീരം, ലൈംഗികത, മതം, ദേശീയത തുടങ്ങിയ വിഷയങ്ങളിൽ ജനാധിപത്യപരമായ ഇടപെടലുകൾക്ക് സൈബറിടം സ്വാതന്ത്ര്യം നല്കുന്നുണ്ട്.സമൂഹത്തിന്റെ വിഭിന്ന മേഖലകളിലെ അധികാര ഘടനകളെ അത് നിരന്തരം ചോദ്യം ചെയ്യുന്നു. അത്തരം തുറസ്സുകൾ നിലനില്‌ക്കെത്തന്നെ മതത്തിന്റെയും തീവ്രദേശീയതയുടെയും ലിംഗാധികാരത്തിന്റെയും വിലക്കുകൾ തെറി വാക്കുകളായി സൈബറിടങ്ങളിൽ അധീശത്വം സ്ഥാപിക്കുന്നുണ്ട്. വിവിധതരം സെൻസർഷിപ്പുകളെക്കുറിച്ചുള്ള ആകുലതകൾക്കുകൂടി അവ വഴി തുറക്കുന്നു. ചില വിഷയങ്ങളെപ്പറ്റി ചിലർ, പ്രത്യേകിച്ച് സ്ത്രീകൾ, ലൈംഗിക ന്യൂനപക്ഷങ്ങൾ, ദലിതർ നിലപാടുകൾ പറയരുത് എന്ന പിടിവാശി സൈബറിടങ്ങളിലുണ്ട്. കാമസൂത്രത്തെപ്പറ്റി എഴുതിയ ഒരു കുറിപ്പിന്റെ പേരിൽ അത് ഏറെ അക്കാദമികമായിരുന്നിട്ടുകൂടി അങ്ങേയറ്റം വിധ്വംസകമായ തെറി വിളികൾ തേടിയെത്തിയ നേരിട്ടുള്ള അനുഭവംതന്നെയുണ്ട്. നല്ലൊരു ഹോട്ടലിൽനിന്ന് ഇതുവരെ ഉണ്ടിട്ടില്ല എന്നു തോന്നുന്നു എന്ന മാതൃകയിൽ പരോക്ഷമായ ആക്രമണവും ഉണ്ടായി.


Related Articles