വരമൊഴികളുടെ വഴിയടയാളങ്ങൾ

Society

വരമൊഴികളുടെ വഴിയടയാളങ്ങൾ


നമ്മുടെ മാതൃഭാഷ ഇന്നത്തെ നിലയിലെത്തിയത് ചരിത്രത്തിന്റെ ഒരുപാട് ഘട്ടങ്ങൾ താണ്ടിയാണ്. മലയാളത്തിന്റെ വാമൊഴി മാത്രമല്ല, വരമൊഴിയും പരിവർത്തനവിധേയമായിരുന്നു. ലിഖിതമലയാളത്തിന്റെ വികാസത്തിന് പല ഘട്ടങ്ങളുണ്ടല്ലോ. അവയിൽ സുറിയാനിമലയാളവും അറബിമലയാളവും പ്രതിനിധാനം ചെയ്ത ചരിത്രവഴികളെ താരതമ്യം ചെയ്യാവുന്നതാണ്.

ലിഖിതമലയാളത്തിന്റെ ചരിത്രമെന്നത് വരമൊഴികളുടെ മൊത്തം ചരിത്രത്തിലെ ഒരേടാണ്. വട്ടെഴുത്ത്‌കോലെഴുത്തുകളാണ് മലയാളവരമൊഴിയുടെ വികാസചരിത്രത്തിൽ ഒന്നാമതായി വരുന്നത്. വട്ടെഴുത്തും അതിന്റെ തന്നെ വകഭേദമായ കോലെഴുത്തും, നമ്മുടെതായ് മൊഴി ദ്രാവിഡസ്വഭാവത്തിൽ നിന്ന് വളരെയൊന്നും വ്യതിചലിക്കാതിരുന്ന കാലത്തിന്റെ ആവശ്യകതകളാണ് നിറവേറ്റിയിരുന്നത്. ഹീബ്രുമലയാളം, കർശോനിയെന്ന സുറിയാനിമലയാളം, അറബിമലയാളം എന്നിവയ്ക്ക് പ്രാധാന്യമുണ്ടായിരുന്ന ഘട്ടമാണ് രണ്ടാമത്തേത്. അതിനുശേഷമാണ് ഇന്നത്തെ അക്ഷരമാലയുടെ ഘട്ടം വരുന്നത്. ഈ രീതിയിൽ ഘട്ടങ്ങളായി തിരിക്കുന്നത് പ്രാമുഖ്യത്തിന്റെ അടിസ്ഥാനത്തിൽ മാത്രമാണ്. ഗ്രന്ഥാക്ഷരവും അതിൽ നിന്ന് തിലഗാരയിലൂടെ ഉണ്ടായ തുളുമലയാളവുമൊക്കെ മലബാർ തീരത്തെ ബ്രാഹ്‌മണസമൂഹം മുമ്പുതന്നെ സംസ്‌കൃതം എഴുതുന്നതിന് ഉപയോഗിച്ചിരുന്നുവെങ്കിലും മലയാളമെഴുതാൻ ഉപയോഗിച്ചത് വൈകിയാണ്.

ദ്രാവിഡഭാഷ രേഖപ്പെടുത്തുകയെന്ന ആവശ്യം നന്നായി നിറവേറ്റിയ വട്ടെഴുത്ത്‌കോലെഴുത്തുകളും ഇന്നത്തെ വരമൊഴിയും അക്ഷരമാല എന്ന വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. എന്നാൽ ഹീബ്രുമലയാളം, സുറിയാനിമലയാളം, അറബിമലയാളം എന്നിവ വ്യഞ്ജനമാലകളാണ്. എങ്കിലും കോലെഴുത്ത് വട്ടെഴുത്തുകളിൽ നിന്ന് ഇന്നത്തെ അക്ഷരമാലയ്ക്ക് വ്യത്യാസങ്ങളുണ്ട്. കോലെഴുത്ത് വട്ടെഴുത്തുകൾ നാട്ടുഭാഷ എഴുതാനായിരുന്നു ഉപയോഗിച്ചിരുന്നതെങ്കിൽ ഇന്നത്തെ അക്ഷരമാല രൂപം കൊണ്ടത് തുളുവിൽ ഉപയോഗിച്ചിരുന്ന തിലഗാരിയിൽ നിന്നാണ്. തുളുമലയാളം, ആര്യഎഴുത്ത് തുടങ്ങിയ പേരുകൾ അത് താണ്ടിയ ചരിത്രവഴികളെയാണ് സൂചിപ്പിക്കുന്നത്.


Related Articles