രാജ്യഭാരവും ദൃശ്യഭാഗവും

Society

രാജ്യഭാരവും ദൃശ്യഭാഗവും


ഇംഗ്ലീഷുകാർ യാദൃച്ഛികമായി കണ്ടു പിടിച്ച ഇന്ത്യൻ കളിയാണ് ക്രിക്കറ്റ് (1)

1983ലെ ലോക കപ്പ് ക്രിക്കറ്റിൽ ഇന്ത്യയുടെ വിജയം ഏതാണ്ടെല്ലാവരെയും അത്ഭുതപ്പെടുത്തി.രാജ്യാന്തര മൽസരങ്ങളിലൊന്നിലും സമീപകാലത്ത് കാര്യമായ വിജയങ്ങളുണ്ടായിട്ടില്ലാത്ത ഇന്ത്യയെ ആദ്യഘട്ടത്തിൽ തന്നെ പുറത്താവുന്ന ടീമുകളിലൊന്നായിട്ടാണ് കണക്കാക്കിയിരുന്നത്. ലോകകപ്പ് മൽസരങ്ങളിലൊന്നു പോലും അതുവരെ വിജയിച്ചിരുന്നില്ല. തൊട്ടു മുൻപുള്ള രണ്ടു ലോകകപ്പുകളും നേടിയ, മൂന്നാമതും കപ്പു നേടാനുള്ള തയ്യാറെടുപ്പുമായി വരുന്ന വെസ്റ്റിൻഡീസ് ടീമിനെയാണ് ആദ്യമൽസരത്തിൽ തന്നെ നേരിടാനുണ്ടായിരുന്നത്. സുനിൽ ഗവാസ്ക്കർക്ക് പകരം ചെറുപ്പക്കാരനായ ഓൾ റൗണ്ടർ കപിൽദേവിനെ ക്യാപ്റ്റൻ സ്ഥാനത്തു കൊണ്ടുവന്നതായിരുന്നു ഇന്ത്യൻടീമിലെ കാര്യമായ മാറ്റം.

ദൗർബല്യങ്ങളെയെല്ലാം കരുത്താക്കി മാറ്റി ഇംഗ്ലണ്ടിലെ ലോർഡ്സിൽ കപിൽദേവും കൂട്ടരും ഉയർത്തിയത് വെറുമൊരു ലോകകപ്പായിരുന്നില്ല. അത് ഇന്ത്യൻ ദേശീയതയുടെ ഉജ്ജ്വലമായ പ്രകടനമായി കണക്കാക്കപ്പെട്ടു. അതുവരെ വെറുമൊരു കളി മാത്രമായിരുന്ന ക്രിക്കറ്റ് ദേശീയതാബിംബമായി. ഇന്ത്യക്ക് ലോകരാഷ്ട്രങ്ങളുമായി തുല്യനിലയിൽ ഇടപെടാൻ കഴിയുന്ന ഒരേഒരു കായികയിനം. 1983 ഇന്ത്യൻ ക്രിക്കറ്റിൽ പുതിയ ഉണർവ്വിന്റെയും ജനകീയവൽക്കരണത്തിന്റെയും തുടക്കമായി. ഗ്രാമങ്ങളിൽ തെങ്ങിൻ മടലുവെട്ടി ബാറ്റുണ്ടാക്കി കുട്ടികളും മുതിർന്നവരും ആ കളി പലമട്ടിൽ അനുകരിക്കുകയും തങ്ങളുടേതാക്കി മാറ്റുകയും ചെയ്തു.ഫുട്ബോൾ മൈതാനങ്ങളിൽ പലതും ക്രിക്കറ്റ് മൈതാനങ്ങളായി മാറി.ക്രിക്കറ്റ് താരങ്ങൾക്ക് സിനിമാതാരങ്ങൾക്കൊപ്പമോ അതിൽ കൂടുതലോ പരിവേഷം കിട്ടി.


Related Articles