ഇന്ത്യയെ ആഴത്തില്‍ സ്വാധീനിച്ച ഒന്നാണ് ഗാന്ധി അവതരിപ്പിച്ച "സത്യാഗ്രഹം' എന്ന ആശയം. കേരളത്തില്‍ നടന്ന വൈക്കം പോരാട്ടം ഗാന്ധിയന്‍ സത്യാഗ്രഹ മാതൃകയുടെ ആവിഷ്‌കാരമായിരുന്നു എന്നും വാദിക്കപ്പെടുന്നുണ്ട്. ഈ സത്യാഗ്രഹ മാതൃക വിമര്‍ശനരഹിതമായാണ് പൊതുവേ അവതരിപ്പിക്കപ്പെടാറുള്ളത്. ഗാന്ധിയന്‍ സത്യാഗ്രഹമാതൃകയോടുള്ള വിമര്‍ശന സ്ഥാനങ്ങളെ ചരിത്രത്തില്‍ മറച്ചുവെക്കുകയാണ് ഇതുവരെ ചെയ്തു പോന്നത്. എന്നാല്‍ ഗാന്ധി അവതരിപ്പിച്ച സത്യാഗ്രഹ സങ്കല്പത്തോടും അതിന്റെ പ്രയോഗരൂപങ്ങളോടും മഹാഡ് സത്യാഗ്രഹ സന്ദര്‍ഭത്തില്‍ ഡോ. ബി. ആര്‍. അംബേദ്‌കറും വൈക്കം പോരാട്ട സന്ദര്‍ഭത്തില്‍ നാരായണഗുരുവും വിമര്‍ശനം ഉന്നയിക്കുകയുണ്ടായി.
ഗാന്ധിയുടെ സത്യാഗ്രഹ സങ്കൽപ്പം
ഗാന്ധിയുടെ സത്യാഗ്രഹ സങ്കല്പം പ്രധാനമായും ഊന്നിയത് സവര്‍ണരുടെ മനഃപരിവര്‍ത്തനം എന്ന ആശയത്തിലും അഹിംസാസിദ്ധാന്തത്തിലും ആയിരുന്നു. "സത്യാഗ്രഹം, മാനസിക പരിവര്‍ത്തനം ഉണ്ടാക്കാന്‍ പറ്റിയ ഒരു സമരമുറയാണ്. പുരോഗമനവാദികള്‍ തങ്ങളുടെ ആശയം സമൂഹത്തില്‍ അടിച്ചേല്പിക്കാന്‍ ശ്രമിക്കരുത്. എതിരാളികളുടെ ഹൃദയത്തെ സ്പര്‍ശിക്കുന്നതിനുവേണ്ടിയാണ് നമ്മള്‍ സമാധാനപൂര്‍വ്വം ദീര്‍ഘമായ സമരം നടത്തുന്നത്'’ –ഗാന്ധി എഴുതി (സ്വദേശിമിത്രന്‍, 1924 മെയ് 26). ഈ വാദം അനുസരിച്ചു സവര്‍ണ ഹിന്ദുക്കള്‍ക്ക് മനഃപരിവര്‍ത്തനം വരുന്നതുവരെ അവര്‍ണര്‍ ജാതിഹിംസകള്‍ സഹിക്കണം. ഇന്ത്യയില്‍ ഇന്നും തുടരുന്ന ദലിത് പീഡനങ്ങള്‍ സവര്‍ണര്‍ക്ക് മനഃപരിവര്‍ത്തനം സാധ്യമായില്ല എന്നതിന് ഉത്തമ നിദര്‍ശനമാണ്. ഇന്ത്യന്‍ ഭരണഘടന അയിത്തം നിയമംമൂലം നിരോധിച്ചതിനാലാണ് പരിമിതമാത്രമായെങ്കിലും ദലിതരും ആദിവാസികളും സംരക്ഷിക്കപ്പെടുന്നത്. അധികാരത്തിലും ഭരണത്തിലും പ്രാതിനിധ്യമുണ്ടായാല്‍മാത്രമേ സവര്‍ണാധികാര കുത്തകയെ തകര്‍ക്കാനും ജനാധിപത്യം ഉറപ്പിക്കാനും കഴിയൂ.
