മരണത്തിനപ്പുറം ജീവിതമുണ്ടോ, ഒരു പുനർജനനമുണ്ടോ എന്നൊക്കെയുള്ള ചോദ്യങ്ങൾ മനുഷ്യനുണ്ടായ കാലം മുതൽ നിലനിൽക്കുന്നതാണ്. വിവിധ മതങ്ങൾ വിവിധ കാലങ്ങളിലായി മരണാനന്തരജീവിതത്തെക്കുറിച്ച് അനേകം വിശദീകരണങ്ങൾ നല്കിയിട്ടുമുണ്ട്. ഇതിലേതാണു ശരി, ഏതാണ് തെറ്റ്, അതോ ഇതെല്ലാം തെറ്റാണോ തുടങ്ങി ഒരു പാട് സന്ദേഹങ്ങൾ നിലനിൽക്കുന്നതല്ലാതെ മരിച്ചവരാരും മടങ്ങിവന്ന് മരണാനന്തരജീവിതം റിപ്പോർട്ട് ചെയ്തിട്ടില്ല. എങ്കിലും മരണാനന്തര ചടങ്ങുകളും ആത്മാവിന്റെ സഞ്ചാരവുമൊക്കെ ഒഴിവാക്കാനാവാതെ നമ്മുടെ ചിന്തകളുടെ ഭാഗമായി തുടരുന്നുമുണ്ട്. മതാനുഷ്ഠാനങ്ങളുടെ ഏറ്റവും വലിയ മേച്ചിൽപ്പുറങ്ങളിൽ ഒന്നുകൂടിയാണ് മരണാനന്തര ചടങ്ങുകൾ.
'ഇ മ യൗ' എന്ന സിനിമ പങ്കുവയ്ക്കുന്നത് ഒരു സാധുമനുഷ്യന്റെ സ്വപ്നമാണ്. ആഗ്രഹിച്ചതുപോലെ, സ്വപ്നം കണ്ടതുപോലെ ഒരു ജീവിതം തനിക്കു കിട്ടിയില്ല. പക്ഷേ, തന്റെ മരണാനന്തരകർമ്മങ്ങൾ ഒരു പ്രമുഖന്റേതുപോലെ ആവണം. പൊന്നും കുരിശും വെള്ളിക്കുരിശും മുത്തുക്കുടയും ആഘോഷമായ ഒപ്പീസിന്റെ അകമ്പടിയുമുള്ള ഒന്ന്. മതം വിശ്വാസികളെ അന്ത്യശുശ്രൂഷയിൽപോലും തുല്യരായി പരിഗണിക്കുന്നില്ല. 'പുൽക്കൂടു തൊട്ടങ്ങേ പുല്കുന്ന ദാരിദ്ര്യം കുരിശോളം കൂട്ടായി വന്നൂ' എന്നു പ്രാർത്ഥിക്കുന്നവർ ദരിദ്രനെ യാത്രയാക്കുന്നത് ദാരിദ്ര്യത്തിന്റെ ചിഹ്നങ്ങൾ അണിയിച്ചാണെന്നു സിനിമ പറയാതെ പറയുന്നുണ്ട്.
പരേതനെ സംബന്ധിച്ചിടത്തോളം മരണാനന്തരചടങ്ങുകൾ അയാൾ അറിയാത്ത പൊരുളാണ്. ജീവിച്ചിരിക്കെ ഒരു പുഞ്ചിരിപോലും സമ്മാനിക്കാത്തവർ, പൂക്കളർപ്പിക്കുന്ന കുറ്റപ്പെടുത്തലിന്റെ കൂരമ്പു മാത്രം ചൊരിഞ്ഞവർ, നല്ലതു പറയാൻ മത്സരിക്കുന്ന അശ്ലീലംകൂടി അതിന്റെ ഭാഗമാണ്. എന്നിട്ടും തനിക്ക് മരണാനന്തരയാത്രയിലെങ്കിലും ഒരു വലിയവനാകണമെന്ന് ഒരാളെ സ്വപ്നം കാണാൻ പ്രേരിപ്പിക്കുന്ന അത്ര ശക്തമായ അനുഷ്ഠാനാടിത്തറയും ആധിപത്യവും മരണത്തിനുമേൽ പള്ളിമതം കെട്ടിപ്പൊക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള മതാധികാരത്തിന്റെ നെടുംകോട്ടകളിൽനിന്നും പുറത്തുചാടുന്ന മനുഷ്യർ എക്കാലവും മതത്തിന്റെ നോട്ടപ്പുള്ളികളും വേട്ടമൃഗങ്ങളുമാണ്. അവരുടെ ജീവിതകാലമാകെ വിമർശനങ്ങളും കുറ്റപ്പെടുത്തലുകളും ഒറ്റപ്പെടുത്തലുമായി മതം അവരെ പിൻതുടരും. മരണാനന്തരം കുഴിമാടത്തിന്റെ കുത്തകാവകാശികളായി സ്വയം പ്രഖ്യാപിച്ചുകൊണ്ട് പശ്ചാത്താപത്തിന്റെയും പാപമോചനത്തിന്റെയും സന്മരണത്തിന്റെയും കഥകൾകൊണ്ട് പ്രതികാരം ചെയ്യും.
