1930-കളോടെയാണ് ഇന്ത്യയിലെ പല പ്രദേശങ്ങളിലും, ഒപ്പം കേരളത്തിലും തൊഴിലാളിവർഗ്ഗം സംഘടിതവിഭാഗമായി മാറുന്നത്. അതായത് സമൂഹത്തിലെ അടിസ്ഥാനവിഭാഗത്തിന്റെ സംഘബോധം വലിയ വികസനമാണ് മനുഷ്യവർഗ്ഗത്തിലും സമൂഹഘടനയിലും പിന്നീടുണ്ടാക്കുന്നത്. കീഴാളരും, പതിതരും, ജാതീയമായി പീഡകളനുഭവിക്കുന്നവരും അടങ്ങുന്നതായിരുന്നു അന്നത്തെ തൊഴിലാളിജനതയിൽ ഭൂരിഭാഗവും എന്നതോർക്കണം. അവർ സംഘടിതശക്തിയായി വളർന്നപ്പോൾ, അവർക്കേറ്റ അവഗണനകളെയൊക്കെയും തകർത്തെറിയാനുള്ള ആർജ്ജവവും സമരാഭിമുഖ്യവുമായി അതു മാറുന്നുണ്ട്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിനായി നിലകൊണ്ട ദേശീയപ്രസ്ഥാനങ്ങൾ, അതുവരെ തുടർന്ന അസംഘടിത സമരങ്ങൾ വെടിഞ്ഞ് കൂടുതൽ കരുത്തുപ്രാപിക്കുന്നത് ഇതിന്റെ ഭാഗമാണെന്നു കാണാൻകഴിയും. ബ്രിട്ടീഷ് ഗവൺമെൻറ് കോൺഗ്രസിനെ നിരോധിക്കുകയും, മഹാത്മജിയെ അറസ്റ്റുചെയ്യുകയും ചെയ്യുന്നതോടെ 1934-ൽ കോൺഗ്രസ് സിവിൽ നിയമലംഘന പ്രസ്ഥാനം പിൻവലിക്കുന്നുണ്ട്. എന്നാൽ, ഇതിനെ എതിർത്തുകൊണ്ട് 1934-ൽത്തന്നെ ജയപ്രകാശ് നാരായണനേയും, റാം മനോഹർ ലോഹ്യയേയും, സുന്ദരയ്യയേയും പോലുള്ള നേതാക്കൾ നേതൃത്വം കൊടുത്തുകൊണ്ട് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിക്കപ്പെടുന്നത്, പരാമർശിച്ചതുപ്രകാരം അടിസ്ഥാനവർഗ്ഗത്തിന്റെ സംഘടിതബോധത്തിൽ നിന്നുതന്നെയാവണം എന്നു പറയേണ്ടിയിരിക്കുന്നു. പറഞ്ഞുവന്നത്, മത-ജാതീയമായ അസമത്വങ്ങളും വർഗ്ഗങ്ങളുടെ പേരിലുള്ള വേർതിരിവുകളും തിരിച്ചറിയാനും, അതിനെതിരെ പൊരുതാനുമുള്ള സംഘബലം 1930-കൾക്കുശേഷം കേരളത്തിലെ അടിസ്ഥാനജനത ആർജ്ജിക്കുന്നുവെന്നാണ്.
