കേരളത്തിലെ മുസ്ലിം സംസ്കാരത്തിലെ കേരളീയ ഭാവങ്ങളും മതതീവ്രവാദത്തിന്റെ ഭാഗമായി സ്വീകരിക്കപ്പെട്ട അറേബ്യൻ ഭാവങ്ങളും തമ്മിലുള്ള സംഘർഷം പലപ്പോഴും ചർച്ചചെയ്യപ്പെട്ടതാണ്. എന്നാൽ, അത്രയൊന്നും ചർച്ചചെയ്യപ്പെടാത്ത ഒന്നാണ് കേരളീയ ഇസ്ലാമിലെ ശിയാഭാവങ്ങളും ഇറക്കുമതിചെയ്യപ്പെടുന്ന സൗദി ഇസ്ലാമിലെ തീവ്ര സുന്നി (വഹാബി) ഭാവങ്ങളും തമ്മിലുള്ള സംഘർഷം.
ധൈഷണിക വ്യാപാരങ്ങളാണ് മനുഷ്യനെ മൃഗങ്ങളിൽനിന്ന് വ്യത്യസ്തനാക്കുന്നതെന്നതു കൊണ്ടുതന്നെ ഏതു കാര്യത്തിലും അഭിപ്രായവ്യത്യാസങ്ങൾ സ്വാഭാവികമാണ്. ഏതു മതത്തിന്റെയും ഗ്രന്ഥവാക്യങ്ങളിൽ ഒരുപാട് വ്യാഖ്യാനഭേദങ്ങൾക്ക് പഴുതുള്ളതിനാൽതന്നെ മിക്കവാറും എല്ലാ മതങ്ങൾക്കുള്ളിലും മതഭേദങ്ങൾ ധാരാളമുണ്ട്. അവയിൽ പലതും ദാർശനികമേഖലയിൽ ഒരുപാട് സംഭാവനകൾ അർപ്പിച്ചിട്ടുമുണ്ട്. ബുദ്ധമതത്തിലെ സൗത്രാന്തിക-വൈഭാഷിക-യോഗാചാര-മാധ്യമിക പ്രസ്ഥാനങ്ങളാണ് ഏറ്റവും നല്ല ഉദാഹരണം. ഒരു മതത്തിനുള്ളിൽ ആധിപത്യം പുലർത്തുന്ന വിഭാഗങ്ങൾ പലപ്പോഴും ന്യൂനപക്ഷ വിഭാഗങ്ങളെ പീഡിപ്പിക്കാം. ഇത്തരം പീഡനങ്ങൾ രണ്ടുതരത്തിലാവാം. തനിക്കു ശരിയാണെന്നു തോന്നുന്ന കാര്യങ്ങൾക്കുവേണ്ടി നിലകൊള്ളുകയെന്നത് നന്മയായി വിശ്വാസികൾ കാണുന്നതുകൊണ്ടു മതപരമായ കാര്യങ്ങളിൽ വീക്ഷണഭേദം പുലർത്തുന്നവരെ തങ്ങളുടെ വഴിയിലേക്കു കൊണ്ടുവരാൻ അവർ ശ്രമിച്ചേക്കാം. ഈ ശ്രമം അഭിപ്രായസ്വാതന്ത്ര്യത്തിന്റെ അതിർത്തികൾ കടന്നേക്കാം. അതിലപ്പുറം സ്വാർത്ഥതാൽപര്യങ്ങളും അധികാരമോഹങ്ങളും മതസമൂഹങ്ങൾക്കകത്തുതന്നെ ന്യൂനപക്ഷപീഡനങ്ങൾക്കു വഴിയൊരുക്കാം. പൗരോഹിത്യത്തെ വെല്ലുവിളിച്ച പ്രൊട്ടസ്റ്റന്റ് പ്രസ്ഥാനത്തിന്റെ അനുയായികൾക്ക് ക്രൈസ്തവസമൂഹത്തിൽ പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടിവന്നതാണ് ഉദാഹരണം. ഇപ്പറഞ്ഞ പൊതുതത്ത്വങ്ങൾ ഇസ്ലാമിക സമൂഹത്തിനകത്തെ അഭിപ്രായവ്യത്യാസങ്ങൾക്കും ബാധകമാണ്.
മുസ്ലിം സമൂഹത്തിൽ ശിയാന്യൂനപക്ഷത്തിന്റെ ഉദ്ഭവം രാഷ്ട്രീയകാരണങ്ങളാലായതുകൊണ്ടുതന്നെ ഭരണകൂടത്തിന്റെ അടിച്ചമർത്തലുകൾക്ക് അവർ പലപ്പോഴും വിധേയരായിട്ടുണ്ട്. അഭിപ്രായവ്യത്യാസങ്ങൾ ഇസ്ലാമിക സമൂഹത്തിന്റെ മുന്നോട്ടുള്ള വളർച്ചയെ പലപ്പോഴും സഹായിച്ചിട്ടുണ്ട്. സെമിറ്റിക് മതങ്ങളിൽ പൊതുവേ ആരോപിക്കപ്പെടാറുള്ള ഏകശിലാത്മകതയുടെ കുടുസ്സിൽനിന്നുള്ള വിമോചകശക്തിയായാണ് പലപ്പോഴും അഭിപ്രായവ്യത്യാസങ്ങൾ വർത്തിക്കുന്നത്. മതപരമായ കാര്യങ്ങളിലെ അഭിപ്രായവ്യത്യാസങ്ങളോടുള്ള ഇസ്ലാമിക പ്രമാണങ്ങളുടെ സമീപനം പലപ്പോഴും സഹിഷ്ണുതാപരമാണ്. ഇസ്ലാമിന്റെ രാഷ്ട്രീയസ്വഭാവം ഈ സഹിഷ്ണുതയ്ക്ക് കൂടുതൽ സംഭാവനകൾ നല്കിയിട്ടുണ്ടാവാം. പ്രജകളുടെ മതവിശ്വാസത്തെ മാനിക്കാത്ത ഒരു രാഷ്ട്രീയതത്ത്വശാസ്ത്രത്തിനും നിലനില്പില്ലല്ലോ. ഇസ്ലാമിക നിയമങ്ങളിൽ രാഷ്ട്രീയസ്വഭാവം പുലർത്തുന്നവയും മതസ്വഭാവം പുലർത്തുന്നവയുമുണ്ട്. അവയിൽ മതനിയമങ്ങൾ വിശ്വാസത്തിൽ അധിഷ്ഠിതമാണ്. ഇസ്ലാം മതത്തിൽ വിശ്വസിക്കുന്നവർക്കു മാത്രമേ അവ ബാധകമാവുന്നുള്ളൂ. ഇസ്ലാമിക രാഷ്ട്രത്തിലെ അമുസ്ലിം പ്രജകൾ മതപരമായ കാര്യങ്ങളിൽ ഇസ്ലാമികാചാരങ്ങൾ അനുഷ്ഠിക്കേണ്ടതില്ലെന്നു മാത്രമല്ല, സ്വന്തം മതത്തിന്റേതായ ആചാരാനുഷ്ഠാനങ്ങൾ പുലർത്താവുന്നതുമാണ്. ചർച്ചകളും ഗുരുദ്വാരകളുമൊക്കെ ഉൾപ്പെടെ ഇന്ന് ലോകത്തു കാണുന്ന മിക്കവാറും എല്ലാ മുസ്ലിം രാഷ്ട്രങ്ങളിലും അന്യമതങ്ങളുടെ ആരാധനാലയങ്ങൾ നിലനില്ക്കുന്നത് ഇതിന്റെയടിസ്ഥാനത്തിലാണ്.
