തിരുമണ്ടത്തരങ്ങളാൽ സമുദായനേതൃത്വം മുസ്ലിം സമുദായത്തെ മാറ്റമേതും പാടില്ലാത്ത സാമൂഹിക നിശ്ചലതയിൽ പിടിച്ചുനിർത്തപ്പെടുകയോ, കരിയുഗങ്ങളിലേക്ക്പിടിച്ചുവലിച്ച് കൊണ്ടുപോവുകയോ ചെയ്തുകൊണ്ടേയിരിക്കുന്നു. ഏറ്റവും ഒടുവിലത്തേതാണ് മുസ്ലിം സ്ത്രീകളുടെ വിവാഹപ്രായം താഴ്ത്തിവലിക്കാൻ കച്ചകെട്ടിയിറങ്ങിയ സംഭവം. സമുദായനേതാക്കളിൽ പലരും കൊണ്ടുനടന്ന പിടിവാശികളിൽ പിന്നാക്കം നിലകൊള്ളാൻ വിധിക്കപ്പെട്ട നിസ്സഹായവിഭാഗമാണ് മുസ്ലിം സ്ത്രീസമൂഹം. പുരുഷ കേന്ദ്രീകൃത വ്യവസ്ഥ രൂപപ്പെടുത്തിയെടുത്ത വിധിവിലക്കുകളിൽ അരനൂറ്റാണ്ടെങ്കിലും പിന്തള്ളപ്പെട്ട മെയ്പാതിയുമായാണ് മുസ്ലിം സമുദായം സ്വതന്ത്ര ഇന്ത്യയിലേക്ക് കാലെടുത്തുവെച്ചത്. വിദ്യാഭ്യാസവും പൊതുരംഗപ്രവേശവും പുറംജോലിയെടുക്കലും വിവാഹപങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശവും പൊതുസ്ഥലങ്ങളിലെ ആരാധനാസ്വാതന്ത്ര്യവും ബഹുഭാര്യാസമ്പ്രദായത്തിൽനിന്നുള്ള ശാശ്വതമുക്തിയും നിഷേധിക്കപ്പെട്ട അടിമവർഗ്ഗമായിരുന്നു ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിലെ മുസ്ലിം സ്ത്രീസമൂഹം. നൂറ്റാണ്ടോളമെങ്കിലും പഴക്കമുള്ള വിദ്യാഭ്യാസ-നവോത്ഥാന മുന്നേറ്റങ്ങളിലൂടെയും, ജനാധിപത്യരാജ്യത്തെ നിയമനിർമ്മാണങ്ങളിലൂടെയുമാണ് സ്ത്രീസമൂഹ സാമൂഹികമാറ്റം കുറച്ചെങ്കിലും മുസ്ലിം സമുദായം കരസ്ഥമാക്കിയത്. എന്നാൽ പുരുഷവർഗ്ഗത്തിന്റെ ധാർഷ്ട്യങ്ങളും സമുദായനേതാക്കളുടെ മണ്ടത്തരങ്ങളും മാപ്പിളപ്പെണ്ണിന്റെ ലോകം ഇരുളടഞ്ഞത് തന്നെയായിരിക്കാൻ നിർബ്ബന്ധിച്ചുകൊണ്ടേയിരിക്കുന്നു: മുസ്ലിം പെൺകുട്ടിയുടെ വിവാഹപ്രായം പതിനാറ് വയസ്സാക്കി കുറയ്ക്കാൻ ഇന്ത്യയിലെ പരമോന്നത കോടതിയിൽ കേസും കൂട്ടവുമായി പോകുമെന്ന് സമുദായ നേതാക്കൾ.
പെൺകുട്ടികളുടെ വിവാഹപ്രായം പതിനെട്ടാക്കി നിജപ്പെടുത്തിയ നിയമത്തെ കോടതിയിൽ നേരിടാൻ കേരളത്തിലെ മുസ്ലിം സംഘടനകളുടെ യോഗം തീരുമാനമെടുത്തിരിക്കുന്നു. ഈ തിരുകൃത്യത്തിന് മുസ്ലിം വ്യക്തിനിയമ സംരക്ഷണ സമിതി എന്ന സംഘടനക്കും രൂപം കൊടുത്തിരിക്കുന്നു. മുസ്ലിം വ്യക്തിനിയമത്തിൽ പെൺകുട്ടികൾക്ക് വിവാഹപ്രായം നിശ്ചയിച്ചിട്ടില്ല എന്നതിനാൽ, അതിന് വിരുദ്ധമായി രാജ്യത്ത് നടപ്പാക്കിയ നിയമങ്ങൾ മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് യോഗം കുറ്റപ്പെടുത്തുകയും ചെയ്തിരിക്കുന്നു. 1937-ലെ മുസ്ലിം ആപ്ലിക്കേഷൻ ആക്ട് പ്രകാരമുള്ള സംരക്ഷണം ഇപ്പോൾ സമുദായങ്ങൾക്ക് ലഭിക്കാത്തതിനാൽ സുപ്രീംകോടതിയെ സമീപിക്കാനാണ് സംരക്ഷണസമിതിയുടെ തീരുമാനമെന്നും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.
മുസ്ലിംലീഗ്, സമസ്ത, കെ.എൻ.എം, നദ്വത്തുൽ മുജാഹിദീൻ, ജമാഅത്ത് ഇസ്ലാമി, ദക്ഷിണ കേരള ജം ഇയ്യത്തുൽ ഉലമ, കേരള ജം ഇയ്യത്തുൽ ഉലമ, എം.എസ്.എസ്, എം.ഇ.എസ് എന്നീ സംഘടനകളുടെ പ്രതിനിധികളാണ് ഈ മൗലികാവകാശ സംരക്ഷണത്തിന് ഒരുമ്പെട്ടിറങ്ങിയിരിക്കുന്നതെന്ന് അറിയുന്നു. യോഗത്തിൽ പങ്കെടുത്തുവെങ്കിലും അങ്ങനെയൊരു തീരുമാനമെടുത്തിട്ടില്ലെന്ന് ജമാഅത്ത് ഇസ്ലാമി വെളിപ്പെടുത്തിയിട്ടുണ്ട്. നിശ്ചിതപ്രായത്തിനു മുമ്പ് വിവാഹം നടത്തുന്നതിനെ നിരുത്സാഹപ്പെടുത്താനും സമുദായത്തെ ബോധവത്കരിക്കാനുമാണ് യോഗത്തിൽ പൊതുധാരണയായതെന്നും, മറ്റൊരു തീരുമാനമെടുത്തിട്ടില്ലെന്നും പ്രായോഗിക നടപടികളെടുക്കാൻ ആലോചിച്ചിട്ടില്ലെന്നും ജമാഅത്ത് ഇസ്ലാമിയുടെ സംസ്ഥാന ഭാരവാഹി പ്രസ്താവിച്ചുവെങ്കിലും, മറ്റൊരു സംഘടനയും വിവാഹപ്രായം പതിനെട്ടാക്കിയ നിയമത്തിനെതിരെ കോടതിയിലേക്ക് പോകാൻ തീരുമാനവുമെടുത്തുവെന്നതിനെ എതിർത്തൊന്നും പറഞ്ഞിട്ടില്ലിതുവരെ. ഈ യോഗത്തിൽ പങ്കെടുക്കാൻ യോഗമില്ലാതെ പോയ സംഘടനകളും കോടതികേറ്റത്തിനെതിരെ ഒരക്ഷരമുരിയാടിയിട്ടില്ല. ഇവരുടെയൊക്കെയും മൗനം മുസ്ലിം പെൺകുട്ടിയുടെ വിവാഹപ്രായം കുറയ്ക്കണമെന്ന മോഹത്തെ ഉച്ചത്തിൽ വിളിച്ചുപറയുകയാണ് ചെയ്യുന്നത്.
