മാനവരാശിയുടെ ഏറ്റവും ഇരുളുകൾ നിറഞ്ഞ ഇടങ്ങളിലൂടെയുള്ള യാത്രയാണ് തന്റേതെന്ന് പറയുകയാണ് സാമൂഹ്യപ്രവർത്തക സുനിത കൃഷ്ണൻ. ഡിസി ബുക്സിന്റെ 51ാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ സ്മാരക പ്രഭാഷണത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ. മനുഷ്യൻ മറ്റൊരു മനുഷ്യനെ വിൽക്കുന്ന ലോകം, ഇരുൾ നിറഞ്ഞ ഒരു ക്രിമിനൽ ലോകം ഇവിടെ വളരാൻ കാരണം നമ്മുടെ പരാജയമാണ്. മനുഷ്യവിൽപ്പനയിൽ വിൽക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ ആൾ ഒരു വയസ്സുള്ള കുഞ്ഞായിരുന്നു എന്നും അവർ കൂട്ടിച്ചേർത്തു.
പിഞ്ചുകുഞ്ഞുങ്ങൾ നിയമവിരുദ്ധമായ ദത്തെടുക്കൽ, ലൈംഗികമായ ചൂഷണങ്ങൾ, തുടങ്ങിയവയ്ക്ക് വിധേയമാകുന്നുണ്ടെന്നും കഴിഞ്ഞ 35 വർഷങ്ങളിൽ താൻ 32,000 ത്തിലധികം സ്ത്രീകളെ രക്ഷപ്പെടുത്തിയിട്ടുണ്ടെന്നും പറഞ്ഞു. HIV പോസിറ്റീവ് ആയ ഒരു ലൈംഗികതൊഴിലാളിയുടെ 4 വയസ്സുള്ള കുഞ്ഞ് 50 പുരുഷന്മാരാൽ റേപ്പ് ചെയ്യപ്പെട്ട നടുക്കുന്ന സംഭവത്തെക്കുറിച്ച് പറഞ്ഞ അവർ ഇതുപോലെ ആയിരത്തിലധികം കഥകൾ നമ്മുടെ നാട്ടിൽ നടക്കുന്നതായും വ്യക്തമാക്കി.
''0.4% വാർത്തകൾ മാത്രമാണ് പുറത്തുവരുന്നത്. 99% വാർത്തകൾ ആരുമറിയാതെ പോകുന്നു. പ്രണയം, വിവാഹം, സിനിമാവാഗ്ദാനങ്ങൾ, മോഡലിംഗ് വാഗ്ദാനങ്ങൾ തുടങ്ങിയവയുടെ പേരിൽ ഇന്ത്യയിൽ നടക്കുന്ന ചൂഷണങ്ങൾക്ക് പുറമെ, ദിവസവും മുപ്പതും അമ്പതും പുരുഷന്മാരാൽ റേപ്പ് ചെയ്യപ്പെടുന്ന 'റവന്യൂ മോഡൽ ക്രൈമുകൾ' നമ്മുടെ നാട്ടിൽ നടക്കുന്നുണ്ട്.
