മലയാളിയുടെ വാർത്താ ബോധത്തിലേക്കും ചിന്താപ്രക്രിയകളിലേക്കും ദൃശ്യമാധ്യമങ്ങൾ വലിയ സ്വാധീനമുണ്ടാക്കുന്ന വിധത്തിൽ ഇടപെട്ട് തുടങ്ങിയിട്ട് രണ്ടു പതിറ്റാണ്ടാകുന്നു. ഈ ദൃശ്യമാധ്യമ സംസ്കാരം വലിയ ആക്ഷേപങ്ങൾക്കും വിമർശനങ്ങൾക്കും അതിനൊപ്പം തന്നെ കൈയടികൾക്കും പാത്രമായിട്ടുണ്ട്. ഇപ്പോഴത്തെ ഈ മാധ്യമ സംസ്കാരം നമ്മളെ എങ്ങോട്ടാണ് നയിക്കുക? എന്തായിരിക്കും ഇതിന്റെ പരിണതി? അച്ചടിമാധ്യമങ്ങളുടെ പ്രാധാന്യം കുറഞ്ഞുവോ? മാധ്യമപ്രവർത്തകർ പങ്കെടുത്ത 'ഡിസ്കേഴ്സീവ് സ്പെയ്സസ് ഇൻ വിഷ്വൽ മീഡിയ'ചർച്ച പല തലങ്ങളിൽ ശ്രദ്ധേയമായിരുന്നു. രാധാകൃഷ്ണൻ എം.ജി, ജോൺ ബ്രിട്ടാസ്, ജോൺ മുണ്ടക്കയം, പി.പി.ജെയിംസ് എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. ദിലീപ് രാജ് മോഡറേറ്ററായിരുന്നു.
ദിലീപ് രാജ്: ഡിസ്കേഴ്സീവ് എന്നത് പ്രതിപാദനത്തിൽ ഒരു മാധ്യമം എന്ന നിലയ്ക്ക് മൂവിങ് ഇമേജസ് വരുന്ന സമയത്ത് അച്ചടിമാധ്യമത്തിലുണ്ടാവുന്ന ഇടമല്ല അത് സൃഷ്ടിക്കുന്നത്. ആ മീഡിയം ഉപയോഗിച്ച് ഒരു നരേറ്റീവ് ഉണ്ടാക്കിയെടുക്കുന്ന സമയത്ത് മീഡിയത്തിന്റെ പ്രത്യേകതകൾകൊണ്ടുതന്നെ വേണമെങ്കിൽ സത്യത്തെ കളവാക്കാനും, ഫ്രെയിമിങ്ങിലൂടെ ചില കാര്യങ്ങളെ ഫ്രെയിമിന് പുറത്താക്കാനും ഒക്കെ പറ്റും. അത്തരം ഒരു മീഡിയയിൽ നരേറ്റീവ് ഉണ്ടാക്കുന്നത് വലിയ ഉത്തരവാദിത്വമാണ്. ആ മീഡിയത്തെക്കുറിച്ച് സെൽഫ് റിïക്സീവായിട്ടുള്ള ആളുകൾക്ക്, അതിനകത്തു നിന്ന് കാര്യങ്ങൾ ചെയ്യുമ്പോൾ എന്തുചെയ്യാൻ പറ്റുമെന്ന് വലിയ ചോദ്യമാണ്. രണ്ടാമത്, നമ്മൾ നോക്കുമ്പോൾ ഇവിടെ പാനലിസ്റ്റുകളിൽ അച്ചടിമാധ്യമത്തിലെ ഒരാളുണ്ട്, പിന്നെ അച്ചടി മാധ്യമത്തിന്റെ പിൻബലത്തോടെ വിഷ്വൽ മീഡിയയിൽ എത്തിനിൽക്കുന്നവരുമുണ്ട്. ഇന്നിപ്പോൾ അച്ചടിമാധ്യമത്തിന്റെ അജണ്ട ദൃശ്യമാധ്യമം നിർണയിക്കുന്ന ഒരവസ്ഥയുണ്ട്. അതുപോലെ വിഷ്വൽ മീഡിയയുടെ അജണ്ട കൂടിയും കുറഞ്ഞും സോഷ്യൽ മീഡിയ നിർണയിക്കുകയും ചെയ്യുന്ന അവസ്ഥയിൽ എത്തിയിട്ടുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. അതേ സമയം, കേരളത്തിൽ പ്രിന്റ് മീഡിയയുടെ ചില സംസ്കാരങ്ങൾ വിഷ്വൽ മീഡിയയിലേക്ക് വന്നതായും എനിക്കു തോന്നിയിട്ടുണ്ട്. ചരമപേജ് മലയാള പത്രങ്ങളിലല്ലാതെ തമിഴ് പത്രങ്ങളിൽപോലുമുണ്ടോയെന്ന് എനിക്കു സംശയമുണ്ട്. കമ്യൂണിറ്റിയുടെ ആഘോഷങ്ങൾ, ഉത്കണ്ഠകൾ, താത്പര്യങ്ങൾ അവതരിപ്പിക്കുന്ന ഒരു സംസ്കാരം അച്ചടിമാധ്യമങ്ങൾക്ക് കേരളത്തിലുണ്ട്. അത് ഏറിയും കുറഞ്ഞും വിഷ്വൽ മീഡിയയും പിന്തുടരുന്നതായി തോന്നുന്നുണ്ട്. നിഷ്പക്ഷത മാധ്യമങ്ങളുടെ ഒരു പ്രധാന സവിശേഷതയായി പറഞ്ഞുകേൾക്കാറുണ്ട്. ബി.ജെ.പിയുടെ വക്താക്കൾക്ക് ഇത്രയേറെ മാന്യത നേടിക്കൊടുത്തത് വിഷ്വൽ മീഡിയ അല്ലേ എന്ന സംശയം എനിക്കുണ്ട്. ഒരു പ്രസക്തിയുമില്ലാത്ത, പറഞ്ഞ കാര്യങ്ങൾതന്നെ പറഞ്ഞുകൊണ്ടിരിക്കുക. നോൺസെൻസിനെ എൻഗറേജ് ചെയ്യേണ്ട എന്താവശ്യമാണുള്ളത്. അപ്പോൾ വേറൊരു ചോദ്യം വരും. ബി.ജെ.പിക്കാരല്ലാത്തവർ എന്താണ് ചെയ്യുന്നത് എന്ന്? പക്ഷേ, ഈ നിഷ്പക്ഷതയാണോ വേണ്ടത്?
ജോൺ മുണ്ടക്കയം: മലയാള മനോരമയെ പ്രതിനിധീകരിക്കുന്നതുകൊണ്ട് പ്രിന്റ്, ഓൺലൈൻ, ചാനൽ എന്നിവയെല്ലാം ഒന്നിച്ച് പ്രതിനിധീകരിക്കേണ്ട അവസ്ഥയാണ്. ഒന്നിനെയും തള്ളിപ്പറയാൻ പറ്റില്ല. ഒന്നിനെയും പ്രശംസിക്കാനും പറ്റില്ല. വിഷ്വൽ മീഡിയുടെ പ്രധാന പരിമിതി എന്നത് ഒരു വിഷയത്തിൽ കൂടുതൽ നേരം തങ്ങിനിൽക്കാൻ പറ്റില്ല എന്നതാണ്. ഒരാൾ മനോഹരമായി സംസാരിച്ചുകൊണ്ടിരിക്കുകയാണെങ്കിലും വിഷ്വൽ മീഡിയയിൽ നിശ്ചിത സമയം കഴിഞ്ഞാൽ അത് കട്ട് ചെയ്യും. നിശ്ചിത സമയത്തിനുള്ളിൽ ഒരാളിൽനിന്ന് മാറണം എന്ന പാരാമീറ്റർ പാലിച്ചേ പറ്റൂ. പക്ഷേ, പ്രിന്റ് മീഡിയയ്ക്ക് അങ്ങനെ ഒരു പരിമിതി ഇല്ല. അതിനാൽ വിഷ്വൽ മീഡിയയിൽ അവർ ഡിസ്കേഴ്സ് ചെയ്യുന്ന വിഷയത്തിൽ കൂടുതൽ അറിവ് ആഴത്തിൽ നൽകുക എന്നതാണ് പ്രിന്റ് മീഡിയ വഹിക്കുന്ന പങ്ക്. രാവിലെ ഒരു സംഭവം ഉണ്ടാകുന്നു. ഉദാഹരണത്തിന് ശശി തരൂർ ഒരു പ്രസ്താവന നടത്തുന്നു. പ്രധാനമന്ത്രിയുടെ ഏതെങ്കിലും പ്രത്യേകമായ നിലപാടിനെ അദ്ദേഹം സാധൂകരിക്കുന്നു. സ്വാഭാവികമായി കോൺഗ്രസിലെ പല ആളുകൾ അതിനോട് പ്രതികരിക്കും. ഇതിൽ ഓരോ സംഭവും ചാനലിൽ വരുമ്പോൾ അപ്പോഴത്തെ പ്രൈം ന്യൂസ് ആണ്. പ്രിന്റ് മീഡിയയുടെ ഭാഷയിൽ പറഞ്ഞാൽ ലീഡ് ന്യൂസാണ്. ഒരു വാർത്ത ചാനലിൽ കണ്ടുകൊണ്ടിരിക്കുമ്പോൾ അതാണ് അപ്പോഴത്തെ പ്രധാന വാർത്ത. അടുത്ത ന്യൂസ് വരുമ്പോൾ അത് അപ്രധാനമായി മാറുന്നു. എന്നാൽ, പത്രത്തിന്റെ പ്രത്യേകത അതിന്റെ ഒന്നാം പേജ് എടുത്താൽ ലീഡ് സ്റ്റോറിയുണ്ടാകും. സൈഡ് സ്റ്റോറിയുണ്ടാകും. സൂപ്പർ ലീഡുണ്ടാകും. അങ്ങനെ പല വാർത്തകൾ പല ഗ്രേഡിലായിട്ട് കൊടുത്തിട്ടുണ്ടാകും. ഒരു ദിവസത്തെ മൊത്തം സംഭവങ്ങളെ പല ഗ്രേഡിലായി തിരിച്ചിട്ട് ആ വാർത്തകളെ അവതരിപ്പിക്കുമ്പോൾ വായനക്കാരനും അത് സൗകര്യമാകും. ഏതാണ് പ്രധാനം, അപ്രധാനം എന്ന നിർദ്ദേശം വായനക്കാരന് കൊടുക്കാൻ കഴിയുന്നുണ്ട്.
