നമ്മുടേത് ഒരു മതനിരപേക്ഷ രാഷ്ട്രമാണ്. മതനിരപേക്ഷതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുന്ന നിലപാടാണ് നമ്മുടെ സംസ്ഥാനം എല്ലാക്കാലത്തും സ്വീകരിച്ചിട്ടുള്ളത്. നമ്മുടെ രാജ്യത്തെ ഇന്നത്തെ സാഹചര്യത്തിൽ മതനി രപേക്ഷത ദുർബലപ്പെടുത്താനുള്ള ഒട്ടേറെ നീക്കങ്ങൾ പല കോണുകളിൽ നിന്നുമുണ്ടായപ്പോൾ, പ്രത്യേകിച്ച് രാജ്യം ഭരിക്കുന്നതിന് നേതൃത്വം കൊടുക്കുന്ന ആളുകളിൽ നിന്നുതന്നെ അത്തരത്തിലുള്ള നീക്കങ്ങളുണ്ടായപ്പോൾ അതിനെതിരെ ഉറച്ച ശബ്ദം രാജ്യത്താകെ ഉയർന്നിട്ടുണ്ട്. കേരളം എല്ലാക്കാലത്തും അതിന്റെ മുൻപന്തിയിൽ നിന്നിട്ടുണ്ട്. ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ അധികാരത്തിലുള്ളതുകൊണ്ട് മാത്രമല്ല നേരത്തേമുതല്ക്കു കേരളീയമനസ്സ് മതനിരപേക്ഷ തലം ശക്തിപ്പെടുത്തുന്നതിനു വേണ്ടി നിലകൊണ്ടതാണ്. ഇത് ദുർബലപ്പെടുത്താൻ പല നീക്കങ്ങൾ ഇവിടെയുണ്ടായിട്ടുണ്ട്. കേരളത്തിന്റെ മതനിരപേക്ഷ മനസ്സിനെ ഉലയ്ക്കാനാകുമോയെന്ന് വർഗ്ഗീയശക്തികൾ പലപ്പോഴും നോക്കിയിട്ടുണ്ട്. മതനിരപേക്ഷതയ്ക്കെതിരെ രാജ്യത്താകെ യുദ്ധം പ്രഖ്യാപിച്ച് നടക്കുന്ന ആർ. എസ്.എസും സംഘപരിവാറും കേരളത്തിന്റെ മതനിരപേക്ഷ മനസ്സ് ദുർബലപ്പെടണം എന്ന് ആഗ്രഹിച്ചവരാണ്. അതിന് ചില കർമ്മപരിപാടികളും അവരിവിടെ സ്വീകരിച്ചിരുന്നു.
എന്നാൽ അതൊന്നും കേരളത്തിൽ വിലപ്പോയില്ല എന്ന് നമുക്കറിയാം. ഇപ്പോൾ ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി ഒരു വിധി പുറപ്പെടുവിച്ചപ്പോൾ അതിന്റെ മേലെ വിശ്വാസികളായവരെ അണിനിരത്തി കേരളത്തിന്റെ നേരത്തെ പറഞ്ഞ മതനിരപേക്ഷ മനസ്സ് ദുർബലപ്പെടുത്താനാകുമോ എന്നുള്ള ശ്രമമാണ് ബോധപൂർവ്വം നടന്നുകൊണ്ടിരിക്കുന്നത്. സ്വാഭാവികമായും അതിന്റെ മുന്നിൽ ആർ. എസ്.എസും ബി.ജെ.പിയുമുണ്ടാകുമെന്ന് ഈ നാടിന്റെ ചരിത്രം അറിയാവുന്നവർക്ക് മനസ്സിലാകുന്ന കാര്യമാണ്. എന്നാൽ അവർ മാത്രമല്ല, അവരോടൊപ്പം ഞങ്ങൾ മതനിരപേക്ഷമാണെന്ന് പറയുന്ന ചിലരും അണിനിരക്കുന്നതാണ് ഇവിടുത്തെ പ്രത്യേകത. ഇവർ നമ്മുടെ നാടിന്റെ വിശ്വാസ സമൂഹത്തിനിടയിൽ വലിയ തെറ്റിദ്ധാരണ പടർത്താനുള്ള ശ്രമമാണ് നടത്തുന്നത്. മാത്രമല്ല, ഇതുമായി ബന്ധപ്പെട്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണിയും സർക്കാരും എന്തോ മഹാ അപരാധം ചെയ്തിരിക്കുന്നു എന്ന് വിശ്വസിപ്പിക്കാനാണ് ഇവർ ശ്രമിക്കുന്നത്.
മതനിരപേക്ഷത എന്നു പറയുന്നത് ഏതൊരാൾക്കും അയാളുടെ വിശ്വാസം അനുസരിച്ചു ജീവിക്കാനുള്ള അവകാശമാണ്. ഏതു മതത്തിലും വിശ്വസിക്കാനും ഒരു മതത്തിലും വിശ്വസിക്കാതിരിക്കാനും മതനിരപേക്ഷത അവകാശം നല്കുകയാണ്. കേരളത്തിലെ ഇടതുപക്ഷം അധികാരത്തിൽ വന്ന എല്ലാ ഘട്ടങ്ങളിലും നമ്മുടെ സംസ്ഥാനത്ത് വിശ്വാസികൾക്കോ വിശ്വാസവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കോ ഏതെങ്കിലും തരത്തിലുള്ള പോറലേല്പിക്കുന്ന ഒരു നടപടിയും ഉണ്ടായില്ലെന്നത് ചരിത്ര യാഥാർത്ഥ്യമാണ്. ഏത് വിശ്വാസിക്കും തന്റെ വിശ്വാസം അനുസരിച്ച് ജീവിക്കാൻ അവകാശമുണ്ടെന്ന് കരുതുന്നവരാണ് ഞങ്ങൾ. അതല്ലാത്ത നില ഏതെങ്കിലും ഘട്ടത്തിൽ ഉയർന്നു വന്നിട്ടുണ്ടോ ആ ഘട്ടങ്ങളിലെല്ലാം തെറ്റായ നിലപാടിനെതിരെ ശക്തമായ നില സ്വീകരിച്ച് മതനിരപേക്ഷതയുടെ സംരക്ഷണത്തിന് നിലകൊണ്ടവരാണ് ഞങ്ങൾ. ഇതൊന്നും നമ്മുടെ നാടിന് അറിയാത്ത കാര്യങ്ങളല്ല.
