''ചില സംഭവങ്ങളെ ചുറ്റിപ്പറ്റിയുള്ള ശബ്ദമാണ് ചരിത്രം; എന്നാൽ സോഷ്യലിസ്റ്റ് രാജ്യങ്ങളുടെ തകർച്ചയും ക്യൂബൻ വിപ്ലവത്തിന്റെ നിലനിൽപ്പുംപോലെ ശബ്ദമില്ലാത്ത സംഭവങ്ങളുമുണ്ട്''. ലോകപ്രശസ്ത ചിന്തകനും ചരിത്രകാരനുമായ വോൾട്ടയർ പറഞ്ഞതാണിത്. ചരിത്രത്തിന്റെ നിയാമകഘടകം ശബ്ദങ്ങളല്ല, ശബ്ദമില്ലാതാക്കപ്പെട്ടവരുടെ ശബ്ദങ്ങളെ പ്രതിനിധീകരിക്കുന്ന ഉല്പതിഷ്ണുക്കളായ ചരിത്രപുരുഷന്മാരാണ്. ഇത്തരത്തിൽ അറിവ് എന്ന ആയുധമുപയോഗിച്ച് കൊച്ചിരാജ്യത്ത് നിശ്ശബ്ദമായ സാമൂഹ്യമുന്നേറ്റത്തിനും തദ്വാരാ നവോത്ഥാനത്തിനും വിത്തുപാകിയ മഹദ്വ്യക്തിയാണ് പണ്ഡിറ്റ് കെ.പി. കറുപ്പൻ. കേരളചരിത്രത്തിന്റെ ഏടുകളിൽനിന്ന് അടുത്തകാലംവരെ മാറ്റിനിർത്തപ്പെട്ട കറുപ്പൻ സാഹിത്യത്തെസാമൂഹ്യമാറ്റത്തിനുവേണ്ടി ഉപയോഗപ്പെടുത്തിയ പരിഷ്ക്കർത്താവായിരുന്നു. സാമൂഹ്യ അസമത്വദൂരീകരണത്തിന് സാഹിത്യത്തെയും സംഘടനകളെയും മുൻനിർത്തി തന്റെ സമുദായം ഉൾപ്പടെയുള്ള അവർണ്ണസമുദായങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കി പ്രവർത്തിക്കുകയും അവർക്കായി ഒരു പൊതു ഇടം സൃഷ്ടിക്കുകയും ചെയ്തവരിൽ പ്രധാനിയായിരുന്നു കറുപ്പൻ. സ്വന്തം ജീവിതം സൃഷ്ടിക്കാനും നിലനിർത്താനും കൊച്ചിരാജ്യത്തെ അവർണ്ണജനതയെ പ്രാപ്തരാക്കാൻ ശ്രമിച്ച കറുപ്പൻ അവരെ മുഖ്യധാരയിലേക്ക് കൈപിടിച്ച് ഉയർത്താൻവേണ്ട എല്ലാവിധപ്രവർത്തനങ്ങളിലും പങ്കാളിയായിരുന്നു. അയിത്താചാരം ഉൾപ്പെടെയുള്ള അനാചാരങ്ങളുടെ സംരക്ഷണം രാജധർമ്മമായ ഒരു സാമൂഹ്യക്രമത്തിൽ കറുപ്പൻ മുന്നോട്ടുവച്ച ആശയങ്ങൾ ചരിത്രവിശകലനങ്ങൾക്കോ ചരിത്രാന്വോഷകർക്കിടയിലോ കേരളത്തിന്റെ സാമൂഹ്യചരിത്രനിർമ്മിതിയിലോ ഇടംകാണാതെ പോയത് യാദൃച്ഛികമല്ല.
ജാതിക്കുമ്മി - ആദ്യത്തെ സാമൂഹ്യവിപ്ലവകൃതി
കൊച്ചിയിലെ ചില സവിശേഷ സാഹചര്യങ്ങളെ കേന്ദ്രമാക്കിക്കൊണ്ട് ചില ആശയങ്ങളുടെ പ്രചരണാർത്ഥം എഴുതപ്പെട്ട ഒരു കൃതിയായിരുന്നു ജാതിക്കുമ്മി. പണ്ഡിറ്റ് കറുപ്പന്റെ ഏറ്റവും ശ്രദ്ധേയമായ കൃതിയും ഇതുതന്നെ. കേരളത്തിന്റെ നവോത്ഥാനചരിത്രത്തിൽ ഏറ്റവും ശക്തമായ ഇടപെടൽ നടത്തിയ ജാതിക്കുമ്മിയെ മലയാളത്തിലെ ആദ്യത്തെ സാമൂഹ്യവിപ്ലവ കൃതിയായിപരിഗണിക്കാവുന്നതാണ്. 1905 - ൽഎഴുതി 1912-ൽ പ്രസിദ്ധീകരിക്കപ്പെട്ട ഈ കൃതി കേരളത്തിലെ അക്കാദമിക സദസ്സുകളിൽ ഗൗരവമായി ഇതുവരെയും ചർച്ചചെയ്യപ്പെട്ടിട്ടില്ല. സാഹിത്യപരമായ പലനോട്ടങ്ങളും ഈ കൃതിയെക്കുറിച്ച് ഉണ്ടെങ്കിലും ചരിത്രപരമായും സാമൂഹ്യപരമായും ജാതിക്കുമ്മി സൃഷ്ടിച്ച മാറ്റങ്ങളെക്കുറിച്ച് വിശദമായ ഒരു പഠനവും നടന്നിട്ടില്ല എന്നത് കേരളത്തെക്കുറിച്ചുള്ള ചരിത്രപഠനങ്ങളിലെ ഒരു പിന്നോക്കാവസ്ഥയായി കരുതാവുന്നതാണ്. സാമൂഹിക അസമത്വങ്ങളെ പൊതുസമൂഹമാധ്യമത്തിൽ അവതരിപ്പിക്കാൻ തന്റെ കൃതികളിലൂടെ ശ്രമിച്ച കെ.പി. കറുപ്പൻ സ്വാഭിമാനബോധം ഇല്ലാത്ത ഒരു ജനതയ്ക്ക് ഒരിക്കലും സ്വാതന്ത്ര്യംനേടാൻ കഴിയുകയില്ല എന്ന് വിശ്വസിച്ചു. മനുഷ്യസമൂഹത്തിന്റെ ഭാഗഭാക്കുകളാണ് നാമെന്നും മറ്റുള്ള മനുഷ്യരിൽ കണ്ടുവരുന്ന സ്വാതന്ത്ര്യബോധവും മനുഷ്യാവകാശബോധവും നമ്മിലും വേണ്ടതാണെന്ന ഒരു തിരിച്ചറിവ്കൊച്ചിയിലെ അവർണ്ണ സമുദായങ്ങൾക്കിടയിൽ വളർത്തിയെടുക്കാൻ കറുപ്പന് കഴിഞ്ഞു. ജാതിക്കുമ്മിയിലെ സാമൂഹ്യവിവക്ഷകൾ ഇത് തെളിയിക്കുന്നുണ്ട്. കൊച്ചിയിലും തിരുവിതാംകൂറിലും മലബാറിലുമെല്ലാം നിലനിന്നിരുന്ന ജാതിപരമായ അസമത്വങ്ങളെ പ്രതിപാദനവിഷയമാക്കിക്കൊണ്ട് അവയെ സാമൂഹ്യവിമർശനത്തിന്റെ കൂരമ്പുകളാക്കി അധികാരികളുടെ മുമ്പിൽ ഒരു ചോദ്യചിഹ്നമാക്കി അവതരിപ്പിക്കുവാൻ ജാതിക്കുമ്മിക്ക് കഴിഞ്ഞു. കേരളത്തിന്റെ ജാതിവിചാരങ്ങൾ വിശദമായ ചർച്ചയ്ക്ക് വിധേയമാക്കുന്നു എന്നാണ് ജാതിക്കുമ്മിയെ വ്യത്യസ്തമാക്കുന്ന ഒരു ഘടകം. ഈ കൃതി രചിക്കുന്നത് അമ്മാനക്കുമ്മി മട്ടിൽ അഞ്ചുവരികളുടെ 141 പാട്ടുകളായാണ്. ശങ്കരാചാര്യരുടെ മനീഷാപഞ്ചകത്തെ ഉപജീവിച്ചുകൊണ്ട് എഴുതിയ ജാതിക്കുമ്മിയുടെ ആധാരം ശങ്കരാചാര്യരും ചണ്ഡാളനും തമ്മിൽ നടന്ന സംവാദമാണ്. ജാതിഭേദത്തിന്റെ അർത്ഥശൂന്യതയെപ്പറ്റിയും ജാതിമൂലം സമൂഹത്തിനുണ്ടായ ദോഷങ്ങളെപ്പറ്റിയും ഇതിൽ പ്രസ്താവിച്ചിച്ചുണ്ട്. ഇടക്കൊച്ചി, കൊടുങ്ങല്ലൂർ, മുളവുകാട്, എറണാകുളം തുടങ്ങിയ പ്രദേശങ്ങളിലും മറ്റു ഭാഗങ്ങളിലുമുള്ള വാലസമുദായവും, പുലയർ, പറയർ തുടങ്ങിയ മറ്റ് അവർണ്ണ വിഭാഗങ്ങളും ജാതിക്കുമ്മി ഹൃദിസ്ഥമാക്കിയിരുന്നു. ഇവരിലെ സ്ത്രീകളും കുട്ടികളും അവരുടെ കുടിലുകളിൽ സന്ധ്യാനേരങ്ങളിൽ ഇരുന്ന് ജാതിക്കുമ്മി പാടിയിരുന്നു. നിരക്ഷരരായ ജനതയ്ക്ക് ചൊല്ലാൻപറ്റുന്ന രീതിയിലുള്ള നാടോടിപ്പാട്ട് രൂപത്തിലാണ് പ്രസ്തുതകൃതി ജനമധ്യത്തിലെത്തിയത്. കൊച്ചിയിലെ പുലയരാദി വിഭാഗങ്ങളിലെ സ്ത്രീകൾ കറുപ്പന്റെ പാട്ടുകൾ സന്തോഷത്തോടുകൂടി പാടുകയും അതിന് ചുവടുവച്ച് കൈകൊട്ടി കളിക്കുകയും ചെയ്യുന്നത് ചെറുപ്പകാലത്ത് കണ്ടിരുന്നതായി കെ.കെ. വേലായുധൻ രേഖപ്പെടുത്തിയിട്ടുണ്ട്. (പണ്ഡിറ്റ് കറുപ്പൻ ഓർമ്മകളിലൂടെ)
