കേരളത്തിലെ ദലിത് വൈജ്ഞാനികതയ്ക്ക് അടിത്തറ പാകിയ അതുല്യനായ പോരാളിയും ചിന്തകനും സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകനുമാണ് കെ.കെ. കൊച്ച്. അംബേദ്കർ കൃതികൾ മലയാളത്തിൽ ലഭ്യമല്ലാതിരുന്ന കാലത്ത് കീഴാളജ്ഞാനാവബോധത്താൽ ആത്മപ്രചോദിതനായി സ്വയം നവീനമായ ജ്ഞാനമണ്ഡലം സൃഷ്ടിച്ചു എന്നത് കൊച്ചിന്റെ ജീവിതത്തെ തീർത്തും വ്യതിരിക്തമാക്കുന്നു. യഥാർത്ഥത്തിൽ കെ.കെ. കൊച്ച് എന്ന ജ്ഞാനബോധം കേരളചരിത്രത്തോടും ദേശീയപ്രശ്‌നങ്ങളോടും കലഹിച്ചുകൊണ്ടാണ് അറിവിന്റെ പുതിയ പാത വെട്ടിത്തുറന്നത്. അതുകൊണ്ടുതന്നെ കേരളത്തിലെ ദലിത് വൈജ്ഞാനികതയുടെ അടിത്തറ തീർത്തതിൽ അഗ്രഗ്രാമിയാണ് അദ്ദേഹം എന്ന് നിസ്സംശയം പറയാം.
1949-ൽ കോട്ടയം ജില്ലയിലെ കല്ലറയിൽ ജനിച്ച് 2025 വരെ നീണ്ടു നിന്ന കൊച്ചിന്റെ ജീവിതം കേരളത്തിലെ ദലിത് പോരാട്ടങ്ങളുടെയും ഉയിർത്തെഴുന്നേൽപ്പിന്റെയും വിമോചനാത്മകമായ ദലിത് സ്വത്വനിർമ്മിതിയുടെയുംകൂടി ചരിത്രമാണെന്ന് കാണാം. "ദലിതൻ'' എന്ന ആത്മകഥ കേരളീയ ചിന്താജീവിതത്തിലും സാമൂഹ്യവിമോചന പോരാട്ടങ്ങളിലും ഇടപെട്ട ഒരു മഹാമനീഷിയുടെ ത്യാഗോജ്വലമായ സമരജീവിതത്തിന്റെ പ്രകാശപൂർണമായ ഒരേടാണ്. "ആപൽക്കരമായി കർമ്മംചെയ്ത ഒരാൾ'' എന്ന കൊച്ചിനെക്കുറിച്ചുള്ള കെ.കെ. ബാബുരാജിന്റെ നിരീക്ഷണം ഈ നിലയ്ക്ക് തീർത്തും അന്വർത്ഥമാണ്. ദലിത് മേഖലയിൽനിന്നുമുള്ള എം. കുഞ്ഞാമൻ, കല്ലേൻ പൊക്കുടൻ, സി.കെ. ജാനു, സെലീന പ്രക്കാനം, വി.ഡി. ജോൺ എന്നിവരുടെ ആത്മകഥകൾ മറ്റുള്ളവർ പകർത്തിയെഴുതിയവാണെങ്കിൽ "ദലിതൻ' എന്ന കെ.കെ. കൊച്ചിന്റെ ആത്മകഥ ചരിത്രപരമായ ഒരു സ്വയംരേഖപ്പെടലാണ്.
പൊതുവേ ആത്മകഥകൾ സ്വയം വീരപരിവേഷം സൃഷ്ടിക്കുന്ന ആഖ്യാനസ്വഭാവമാർന്നതാണെന്ന വിമർശനം മലയാളികൾക്കിടയിലുണ്ട്. എന്നാൽ കൊച്ചിന്റെ ആത്മകഥ തന്റെ ജീവിതത്തിന്റെ സങ്കീർണതകളെ പച്ചയായി തുറന്നുവച്ചിരിക്കുന്നു. കടന്നുപോയ അതികഠിനമായ ദുരിതപർവങ്ങൾക്കുമേൽ വൈജ്ഞാനികതയുടെയും സമത്വ സമരങ്ങളുടെയും ഉജ്ജ്വലമായ ചരിത്രം രചിച്ചുകൊണ്ടാണ് കൊച്ച് ജീവിച്ചത് എന്ന് "ദലിതൻ'' സാക്ഷ്യപ്പെടുത്തുന്നു. ഇങ്ങനെ നോക്കിയാൽ കേരളത്തിൽ പിൽക്കാലത്ത് വികാസംപ്രാപിച്ച ദലിത് ജ്ഞാനാവബോധത്തിനും ചരിത്രവിമർശന പാരമ്പര്യത്തിനും ആധാരശില പാകിയ അദ്വിതീയനായ പോരാളിയും ചിന്തകനുമാണ് കെ.കെ. കൊച്ച് എന്നു കാണാം. യാതൊരുവിധ ഉപാദാനങ്ങളുമില്ലാത്ത അവസ്ഥയിൽ ചിന്തകൾക്കും പോരാട്ടങ്ങൾക്കും അടിത്തറ പാകുകയും വൈജ്ഞാനികാവബോധത്തിനായി സമൂഹത്തിനായി നിറഞ്ഞുകത്തുകയുംചെയ്ത ജൈവബുദ്ധിജീവികൂടിയായി മാറി അദ്ദേഹം.
